വില്ലേജ് ഓഫീസിലെ കൈക്കൂലി: നിരക്ക് ആളും തരവും നോക്കി
text_fieldsകല്ലടിക്കോട്: പ്രളയകാലത്തെ പൊതുജനങ്ങളുടെ നിസ്സഹായാവസ്ഥ ചൂഷണംചെയ്ത് വളർന്ന ഓഫിസ് സഹായി മൂന്നു വർഷക്കാലത്തെ സർക്കാർ സേവനത്തിനിടെ സമ്പാദിച്ചുകൂട്ടിയത് കണക്കിൽ കവിഞ്ഞ സമ്പാദ്യം. കഴിഞ്ഞ ദിവസം വിജിലൻസ് പിടിയിലായ പാലക്കയം വില്ലേജ് ഓഫിസിലെ ഫീൽഡ് അസിസ്റ്റന്റ് വി. സുരേഷ് കുമാറിന്റെ കഥയാണിത്. തുടക്കം 2019ലെ പ്രളയാനന്തര കാലത്താണെന്നാണ് സൂചന. കരിമ്പ, തച്ചമ്പാറ, തെങ്കര, കാഞ്ഞിരപ്പുഴ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളാണ് പാലക്കയം വില്ലേജ് ഓഫിസിന്റെ പരിധിയിൽ ഉള്ളത്. പ്രളയാനന്തര കാലത്ത് പലരും കൈക്കൂലി നൽകിയാണ് ‘കാര്യങ്ങൾ’ നടത്തിയതെന്ന് സംസാരമുണ്ട്. തണ്ടപ്പേരിന് കുറഞ്ഞത് 2500 രൂപ ഒടുക്കിയാലേ ലഭിക്കൂവെന്നായിരുന്നു അവസ്ഥ. മൂന്നാഴ്ച മുമ്പ് പ്രദേശവാസി തണ്ടപ്പേരിന് 12 തവണ വില്ലേജ് ഓഫിസ് കയറിയിറങ്ങിയതായി മുൻ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാജു പഴുക്കത്തറ പറയുന്നു. തണ്ടപ്പേരിന് കുറഞ്ഞത് 2500 രൂപ ഫീസിനത്തിൽ അടക്കണമെന്ന് ഇയാൾ തെറ്റിദ്ധരിപ്പിച്ചിരുന്നതായി നാട്ടുകാർ പറയുന്നു. ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് ആയിരം രൂപ വാങ്ങിയാണ് നൽകിയതെന്നും ആരോപണമുണ്ട്.
കൈക്കൂലി നൽകിയാൽ ഏതുതരം സർട്ടിഫിക്കറ്റും നൽകുമെന്ന സ്ഥിതിയായതോടെ കാറ്റും മഴയും കെടുതികളും മറയാക്കി അനർഹരും അർഹരും ഒരുപോലെ സർട്ടിഫിക്കറ്റ് നേടി. കാശില്ലാത്തവർ തേനും കുരുമുളകും മറ്റും സമ്മാനിച്ച് മടങ്ങി. കൈക്കൂലിക്കെതിരെ എട്ടു മാസത്തിനിടെ നാലുതവണയാണ് നാട്ടുകാർ ഇവിടെ പ്രതിഷേധിച്ചത്. എന്നിട്ടും ഇയാൾക്കെതിരെ നടപടിയൊന്നുമുണ്ടായില്ല. സ്ഥലം അളന്ന് തിട്ടപ്പെടുത്തുന്നതിനും ലൊക്കേഷൻ മാപ്പ് തയാറാക്കുന്നതിനും ഗഡുക്കളായി വൻതുകകൾ ചോദിച്ച് വാങ്ങുന്നതിൽ ഇയാൾ മിടുക്കനാണെന്ന് നാട്ടുകാർ പറയുന്നു. മാസങ്ങൾക്കു മുമ്പ് വനമേഖലയോട് ചേർന്ന സ്ഥലങ്ങളിൽ നികുതി അടക്കാൻ പറ്റാതായതോടെ പ്രശ്നം സബ്മിഷൻ വഴി കെ. ശാന്തകുമാരി എം.എൽ.എ നിയമസഭയിൽ ഉന്നയിച്ചു. ഇതിനിടെ വില്ലേജ് ഓഫിസിലെ കോഴക്കാര്യം ജനപ്രതിനിധികൾ എം.എൽ.എയെ അറിയിച്ചിരുന്നു. തുടർന്ന് രണ്ടുതവണ വില്ലേജ് ജീവനക്കാരെ താക്കീത് ചെയ്തിരുന്നു.
വില്ലേജ് അസിസ്റ്റന്റ് റിമാൻഡിൽ
പാലക്കാട്: പാലക്കയം കൈക്കൂലി കേസിൽ അറസ്റ്റിലായ വില്ലേജ് അസിസ്റ്റന്റ് സുരേഷ് കുമാറിനെ തൃശൂർ വിജിലൻസ് കോടതി ജൂൺ ആറുവരെ റിമാൻഡ് ചെയ്തു. ഇയാളെ തൃശൂർ ജില്ല ജയിലിലേക്ക് മാറ്റി. സുരേഷിനെതിരായ വകുപ്പുതല നടപടിയിൽ ഉടൻ തീരുമാനമുണ്ടാകും. കേസുമായി ബന്ധപ്പെട്ട് മണ്ണാർക്കാട് തഹസിൽദാർ പാലക്കാട് ജില്ല കലക്ടർക്ക് റിപ്പോർട്ട് നൽകി. ബുധനാഴ്ച രാവിലെ 10.30ഓടെയാണ് ഇയാളെ കോടതിയിൽ ഹാജറാക്കിയത്. പിടിച്ചെടുത്ത പണമടക്കം തൊണ്ടിമുതൽ വസ്തുക്കൾ വിജിലൻസ് സംഘം കോടതിയിൽ ഹാജറാക്കിയിരുന്നു.
മഞ്ചേരി സ്വദേശിയില്‍നിന്ന് 2500 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് പാലക്കയം വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് സുരേഷ് കുമാറിനെ വിജിലന്‍സ് പിടികൂടിയത്. ലോക്കൽ മാപ്പ്, സ്കെച്ച് എന്നിവ തയാറാക്കാൻ സുരേഷ് പണം ആവശ്യപ്പെട്ടെന്നായിരുന്നു പരാതി. തുടർന്നുള്ള അന്വേഷണത്തിൽ ഒരു കോടിയിലേറെ രൂപയുടെ അനധികൃത സ്വത്ത് സമ്പാദനമാണ് പിടികൂടിയത്. 35 ലക്ഷം രൂപ പണമായും 45 ലക്ഷം രൂപയുടെ സ്ഥിര നിക്ഷേപവും സേവിങ്സ് അക്കൗണ്ടിൽ 25 ലക്ഷം രൂപയും ഉണ്ടെന്നാണ് കണ്ടെത്തൽ. 9000 രൂപ വരുന്ന 17 കിലോ നാണയങ്ങളും ഇയാളുടെ പക്കൽനിന്ന് പിടിച്ചെടുത്തു. വീട് നിർമിക്കാനാണ് പണം സ്വരുക്കൂട്ടിയതെന്നാണ് പ്രതിയുടെ മൊഴി.
മണ്ണാർക്കാട് തഹസിൽദാറുടെ നേതൃത്വത്തിൽ പാലക്കയം വില്ലേജ് ഓഫിസിലും പരിശോധന നടന്നു. കൈക്കൂലിയായി പണം മാത്രമല്ല സുരേഷ് കുമാർ വാങ്ങിയിരുന്നതെന്നാണ് വിജിലൻസിന്റെ നിഗമനം. മണ്ണാർക്കാട്ടെ ലോഡ്ജ് മുറിയിൽ പണത്തിന് പുറമെ കവർ പൊട്ടിക്കാത്ത 10 പുതിയ ഷർട്ടുകൾ, മുണ്ടുകൾ, കുടംപുളി ചാക്കിലാക്കിയത്, 10 ലിറ്റർ തേൻ, പടക്കങ്ങൾ, കെട്ടുകണക്കിന് പേനകൾ എന്നിവ കണ്ടെത്തിയിരുന്നു.
തിരുവനന്തപുരം മലയിന്‍കീഴ് സ്വദേശിയാണിയാൾ. 17 വര്‍ഷത്തോളമായി വില്ലേജ് അസിസ്റ്റന്റാണ്. ഇയാളെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ അന്വേഷണം നടത്തേണ്ടതുണ്ടെന്നാണ് വിജിലൻസ് നിലപാട്. ഇതിനായി നൽകിയ കസ്റ്റഡി അപേക്ഷ അടുത്ത ദിവസം പരിഗണിക്കാനായി മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.