വസ്തു റീസർവേ ചെയ്ത് നൽകിയില്ല; വയോധികൻ വില്ലേജ് ഒാഫിസിൽ തീയിട്ടു
text_fieldsതൃപ്പൂണിത്തുറ: റവന്യൂ തർക്കവസ്തു റീസർവേ ചെയ്ത് നൽകാത്തതിൽ പ്രതിഷേധിച്ച് വയോധികൻ വില്ലേജ് ഒാഫിസിലെ ഫയലുകളിൽ പെട്രോൾ ഒഴിച്ച് തീകൊളുത്തി. ആമ്പല്ലൂർ വില്ലേജ് ഒാഫിസിൽ തിങ്കളാഴ്ച രാവിലെ 9.30ഒാടെയാണ് സംഭവം. ഇതേത്തുടർന്ന് കാഞ്ഞിരമറ്റം പാലക്കുന്നുമല ചക്കാലപ്പറമ്പിൽ രവിയെ (70) മുളന്തുരുത്തി പൊലീസ് അറസ്റ്റ് ചെയ്തു.
രാവിലെ വില്ലേജ് ഓഫിസ് തുറന്നയുടൻ അകത്തുകയറിയ രവി മേശപ്പുറത്തുണ്ടായിരുന്ന ഫയലുകളിലും മറ്റും പെട്രോൾ ഒഴിച്ച് തീകൊളുത്തുകയുമായിരുന്നു. വില്ലേജ് അസിസ്റ്റൻറ് രതീഷും സ്വീപ്പറുമാണ് ഇൗ സമയം ഓഫിസിലുണ്ടായിരുന്നത്. തീ സമീപത്തേക്ക് പടരാതെ ഇവർ വെള്ളമൊഴിച്ച് കെടുത്തി. ഏതാനം ഫയലുകളും കടലാസും നശിച്ചു.
ആമ്പല്ലൂർ വില്ലേജിൽ കാഞ്ഞിരമറ്റെത്ത രവിയുടെ വസ്തു സംബന്ധിച്ച് ദീർഘകാലമായുള്ള തർക്കമാണ് സംഭവത്തിന് പിന്നിൽ. ഇവയിൽ സർക്കാർ ഭൂമിയും ഉൾപ്പെടുമെന്നത് സംബന്ധിച്ചായിരുന്നു തർക്കം. രവി കോടതിയിൽനിന്ന് റീസർവേക്കുള്ള ഉത്തരവ് നേടിയതായാണ് പറയുന്നത്. ഇതുപ്രകാരം വസ്തു അളന്നുതിരിച്ച് നൽകാൻ മാസങ്ങളായി ഇയാൾ വില്ലേജ് ഓഫിസിൽ കയറിയിറങ്ങുകയാണ്. അളന്നുതിരിക്കാൻ വില്ലേജ് അധികൃതർ തയാറാകാത്തതാണ് രവിയെ പ്രകോപിപ്പിച്ചത്. തർക്കം പരിഹരിക്കുന്നതിെൻറ ഭാഗമായി രവിയുടെ വസ്തുവിെൻറ പകുതി ഭാഗം അളക്കുകയുണ്ടായി. ബാക്കി ഭാഗത്തെ കാട് വെട്ടി തെളിക്കാത്തതിനാൽ അളക്കാനായില്ലെന്നും ഇതുമൂലമാണ് റിസർവേ പൂർത്തിയാക്കാനാവാതെ വന്നതെന്നും വില്ലേജ് അധികൃതർ പറയുന്നു.
തർക്കം പരിഹരിച്ച് വസ്തു അളന്നുതിരിച്ച് കിട്ടാനായി പലതവണ വില്ലേജിൽ ചെന്നിട്ടും ഫലം ഉണ്ടാകാതെ വന്നതാണ് രവിയെ കടുംകൈ ചെയ്യാൻ പ്രേരിപ്പിച്ചതെന്നാണ് ബന്ധുക്കളും പറയുന്നത്.സംഭവത്തിനുശേഷം മക്കൾതന്നെ രവിയെ പൊലീസിന് മുന്നിൽ ഹാജരാക്കുകയായിരുന്നു. പൊതുമുതൽ നശിപ്പിച്ചതിന് സെക്ഷൻ 436 വകുപ്പ് പ്രകാരവും പി.ഡി.പി.പി മൂന്ന്, നാല് വകുപ്പുകൾ പ്രകാരവുമാണ് കേസെടുത്തതെന്ന് പൊലീസ് അറിയിച്ചു. മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ പ്രതിയെ ജാമ്യത്തിൽ വിട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.