ക്ഷേമപെൻഷൻ ‘വരുമാന’ത്തിൽ പണിമുട്ടി വില്ലേജ് ഓഫിസുകൾ
text_fieldsമലപ്പുറം: സാമൂഹിക സുരക്ഷ ക്ഷേമപെന്ഷൻ വാങ്ങുന്നവരോട് വീണ്ടും വരുമാന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന സർക്കാർ നിർദേശത്തിൽ ‘പണി’ കിട്ടിയത് വില്ലേജ് ഓഫിസുകൾക്ക്. തിരക്കിട്ട് തീർക്കേണ്ട മറ്റു പ്രവർത്തനങ്ങളും അപേക്ഷകളും ചെയ്തുതീർക്കാൻ കഴിയാതെ സംസ്ഥാനത്തെ ഭൂരിഭാഗം വില്ലേജ് ഓഫിസുകളും വരുമാന സർട്ടിഫിക്കറ്റിൽ ‘കുരുങ്ങിക്കിടന്നു’.
ക്ഷേമപെന്ഷൻ നിലനിർത്താൻ വരുമാന സർട്ടിഫിക്കറ്റ് നൽകേണ്ട സമയപരിധി അവസാനിച്ച ചൊവ്വാഴ്ചയും തൊട്ടുമുമ്പത്തെ ദിവസങ്ങളിലുമാണ് വില്ലേജ് ഓഫിസുകളിൽ ഓൺലൈൻ വഴി കൂടുതൽ അപേക്ഷകൾ എത്തിയത്. പ്രധാനപ്പെട്ട ജോലികൾ ചെയ്യാൻ കഴിയാത്തവിധം വരുമാന സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിന്റെ തിരക്കിൽപ്പെട്ടുപോയെന്ന് നിരവധി വില്ലേജ് ഓഫിസർമാർ ‘മാധ്യമ’ത്തോട് പ്രതികരിച്ചു.
അപേക്ഷകൾ കൂട്ടത്തോടെ എത്തിയതും അയച്ചവർ നിരന്തരം ഫോണിൽ വിളിച്ചതും ജോലിയെ തടസ്സപ്പെടുത്തിയതായും ഓഫിസർമാർ പറയുന്നു. വില്ലേജ് ഓഫിസർമാർ ഇല്ലാത്ത സ്ഥലങ്ങളിൽ താൽക്കാലിക ചുമതലയുള്ളവവർക്ക് ഒന്നിലധികം വില്ലേജ് ഓഫിസിന്റെ പരിധിയിൽപ്പെട്ടവർക്ക് വരുമാന സർട്ടിഫിക്കറ്റ് നൽകണ്ടേ സ്ഥിതിയായിരുന്നു.
ഫെബ്രുവരി 28 ആയിരുന്നു സര്‍ട്ടിഫിക്കറ്റ് ഹാജാരക്കേണ്ട അവസാന തീയതി. അവസാന സമയത്താണ് പലരും അപേക്ഷ നൽകിയത്. അക്ഷയകളിലും സേവന കേന്ദ്രങ്ങളിലും അനുഭവപ്പെട്ട തിരക്കിൽ അപേക്ഷകരും വലഞ്ഞിരുന്നു. അതേസമയം, ഇനിയും സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാത്ത വലിയൊരു വിഭാഗം ക്ഷേമ പെൻഷൻകാർ ഉണ്ടെന്നാണ് വിവരം.
ഇവർക്കായി സർട്ടിഫിക്കറ്റ് ഹാജരാക്കാനുള്ള സമയപരിധി നീട്ടിനൽകണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്. സമയപരിധിക്ക് ശേഷവും വരുമാന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്ന മുറക്ക് പെന്ഷന് ലഭിക്കുമെങ്കിലും കുടിശ്ശിക ലഭിക്കില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതോടെ വിവിധ കാരണങ്ങളാൽ അപേക്ഷിക്കാൻ കഴിയാത്തവർ ആശങ്കയിലാണ്.
കര്‍ഷകത്തൊഴിലാളി പെന്ഷന്, വാര്‍ധക്യ പെന്ഷന്, ഭിന്നശേഷി പെന്ഷന്, അവിവാഹിത പെന്ഷന്, വിധവ പെന്ഷന് എന്നിങ്ങനെ അഞ്ചുതരത്തിലുള്ള ക്ഷേമപെന്‍ഷനുകളാണ് സര്‍ക്കാര്‍ നല്‍കുന്നത്. 1,600 രൂപയാണ് പ്രതിമാസം ഗുണഭോക്താക്കള്‍ക്ക് നല്‍കുന്നത്. സംസ്ഥാനത്ത് 40.91 ലക്ഷം പേരാണ് ക്ഷേമപെന്ഷന് അര്‍ഹതയുള്ളവര്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.