പരിഷ്കാരങ്ങൾ പാതിവഴിയിൽ; വില്ലേജ് ഓഫിസുകളുടെ പ്രവർത്തനം താളംതെറ്റുന്നു
text_fieldsകൊച്ചി: മാറിയ കാലത്തിനനുസരിച്ച പരിഷ്കാര നടപടികൾ എങ്ങുമെത്താതായതോടെ സംസ് ഥാനത്തെ വില്ലേജ് ഓഫിസുകളുടെ പ്രവർത്തനം താളംതെറ്റുന്നു. വിവിധ ആവശ്യങ്ങൾക്ക് പൊ തുജനങ്ങൾ നിരവധി തവണ ഓഫിസ് കയറിയിറങ്ങേണ്ട അവസ്ഥയാണ്. ജോലിഭാരം പതിന്മടങ്ങ് വർധിച്ചിട്ടും പതിറ്റാണ്ടുകൾക്ക് മുമ്പുള്ള സ്റ്റാഫ് പാറ്റേണും അടിസ്ഥാന സൗകര്യങ്ങളുമായി തുടരേണ്ടിവരുന്നതാണ് വില്ലേജ് ഓഫിസുകളുടെ പ്രവർത്തനത്തെ ബാധിക്കുന്നത്. പ്രശ്നങ്ങൾക്ക് പരിഹാരംതേടി കോടതിയെയും അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണലിനെയും സമീപിക്കാൻ ഒരുങ്ങുകയാണ് വില്ലേജ് ഓഫിസർമാർ.
മുമ്പ് ഓരോ വില്ലേജിലും പരമാവധി ആയിരത്തിലധികം തണ്ടപ്പേരാണ് ഉണ്ടായിരുന്നത്. ഇപ്പോഴത് 20,000 മുതൽ 60,000 വരെയായി. എന്നാൽ, വില്ലേജ് ഓഫിസർ, വില്ലേജ് അസിസ്റ്റൻറ്, ഒന്നോ രണ്ടോ ഫീൽഡ് അസിസ്റ്റൻറുമാർ എന്ന നിലയിലാണ് ഇപ്പോഴും ജീവനക്കാരുടെ വിന്യാസം. ആവശ്യത്തിന് ജീവനക്കാരില്ലാത്തതിനാൽ പല സർട്ടിഫിക്കറ്റും കിട്ടാൻ ഏറെ താമസം നേരിടുന്നു. നൂറുകണക്കിന് അപേക്ഷയാണ് ഓരോ ഓഫിസിലും കെട്ടിക്കിടക്കുന്നത്. മിക്ക സർക്കാർ പദ്ധതികളുടെയും നടത്തിപ്പിൽ റവന്യൂ വകുപ്പിന് സുപ്രധാന പങ്കാളിത്തമുണ്ട്. എന്നാൽ, ഇതിനനുസരിച്ച സൗകര്യം ഒരുക്കാത്തതിനാൽ ഗുണഭോക്താക്കളാണ് ഏറെ ബുദ്ധിമുട്ടേണ്ടിവരുക. തണ്ണീർത്തട സംരക്ഷണ നിയമത്തിെൻറ ഭാഗമായ ഡാറ്റ ബാങ്ക് നിർണയം, ഭൂമിയുടെ ന്യായവില നിർണയം, റീസർവേ, ഭൂരഹിതരില്ലാത്ത കേരളം പദ്ധതി എന്നിവയുമായി ബന്ധപ്പെട്ട ജോലികൾ തിരക്കിട്ട് ചെയ്തതിനാൽ പൊതുജനങ്ങൾ പരാതികളുമായി ഓഫിസുകൾ കയറിയിറങ്ങുകയാണ്. കാര്യക്ഷമമായ ഓൺലൈൻ സേവനത്തിനുള്ള സാങ്കേതിക സൗകര്യങ്ങൾ ചുരുക്കം ഓഫിസുകളിലേ ഉള്ളൂ.
വില്ലേജ് ഓഫിസർ തസ്തിക ഗസറ്റഡ് റാങ്കിലേക്ക് ഉയർത്തുക, ഡെപ്യൂട്ടി തഹസിൽദാർ തസ്തികയായി അപ്ഗ്രേഡ് ചെയ്യുക തുടങ്ങി നിരവധി ശിപാർശകൾ ശമ്പള കമീഷൻ അടക്കം സമിതികൾക്ക് മുന്നിലെത്തിയെങ്കിലും നടപടിയുണ്ടായില്ലെന്ന് വില്ലേജ് ഓഫിസർമാരുടെ കൂട്ടായ്മയായ വോയ്സ് ഓഫ് റവന്യൂ ഭാരവാഹികൾ പറയുന്നു. വില്ലേജ് ഓഫിസുകളിലെ ജോലിഭാരത്തെക്കുറിച്ച് പഠിച്ച കമീഷനുകളുടെ നിർദേശങ്ങളും അവഗണിക്കപ്പെട്ടു. ധനവകുപ്പാണ് നടപടികൾക്ക് തടസ്സം നിൽക്കുന്നത് എന്നാണ് വിമർശനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.