തൊടിയിലില്ലെങ്കിലെന്താ, ‘ഞൊട്ടാഞൊടിയൻ’ ഓൺലൈനിലുണ്ട്
text_fieldsകൊച്ചി: പണ്ട്, തൊടിയിലും തോട്ടങ്ങളിലും വളർന്നുനിന്നിരുന്ന ഞൊട്ടാഞൊടിയൻ കായ തോടോടെ എടുത്ത് നെറ്റിയിൽ വെച്ച് പൊട്ടിച്ചത് ഓർക്കുന്നില്ലേ? ഗൃഹാതുരത്വത്തിെൻറ കുളിരോർമകൾ അവശേഷിപ്പിച്ച് നമ്മുടെ പറമ്പുകളിൽനിന്ന് അപ്രത്യക്ഷമായ ആ കായയെ കുറിച്ച് സങ്കടപ്പെടുന്നവർക്കൊരു സന്തോഷവാർത്ത. പൊട്ടിങ്ങ, പൊട്ടിക്ക, ഞൊട്ടങ്ങ, മുട്ടാബ്ലിങ്ങ എന്നു തുടങ്ങി പലനാട്ടിൽ പലപേരിലറിയപ്പെടുന്ന കക്ഷി പുതുഭാവത്തിൽ ഓൺലൈൻ വിപണികൾ കീഴടക്കുന്നു.
ആമസോണിലും ഫ്ലിപ്കാർട്ടിലും സ്നാപ്ഡീലിലുമുൾെപ്പടെയാണ് കേപ് ഗൂസ്ബെറി എന്ന പേരിൽ ഞൊട്ടാഞൊടിയെൻറ കായ് വിൽപനക്ക് വെച്ചിരിക്കുന്നത്. തോട്ടത്തിൽ കുഴിച്ചിടാനുള്ള കായ്കളാണ് പാക്കറ്റിൽ ലഭിക്കുക. 10 കായ്കൾ അടങ്ങുന്ന 10 പാക്കറ്റിന് ഫ്ലിപ്കാർട്ടിൽ 529 രൂപ. ചൈനക്കാരും ജപ്പാൻകാരും പലവിധ അസുഖങ്ങൾക്ക് ഇതിെൻറ പൂവും കായും ഉപയോഗിക്കുന്നതായി ഫ്ലിപ്കാർട്ട് വിശദീകരിക്കുന്നു. 50 മുതൽ 100 വരെ കായ്കളുള്ള പാക്കറ്റിന് ആമസോൺ വില 199 രൂപ. ഡെലിവറി ചാർജായി 62 രൂപയും നൽകണം. കായ മാത്രമല്ല, ഞൊട്ടാഞൊടിയെൻറ പഴച്ചാറും ഓർഡർ ചെയ്താൽ വീട്ടിലെത്തും. ഫാബ് ഇന്ത്യയിൽ 450 ഗ്രാം അടങ്ങിയ ബോട്ടിലിന് 295 രൂപയാണ്. സ്നാപ്ഡീലുകാർ ഒരു പടി കടന്ന് കായയും പൂവും അടങ്ങിയ ചെടി തന്നെ വിൽപനക്ക് വെച്ചിട്ടുണ്ട്. 499 രൂപ നൽകണമെന്നു മാത്രം. ഒറ്റനോട്ടത്തിൽ ചൈനീസ് റാന്തലുപോലെ തോന്നിക്കുന്ന ചുവന്ന തോടുള്ള ചൈനീസ് ലാേൻറൺ കേപ് ഗൂസ്ബെറിയും ഓൺലൈനിൽ കിട്ടും.
ഫൈസാലിസ് മിനിമ എന്ന ശാസ്ത്രനാമമുള്ള ഞൊട്ടാഞൊടിയന് ഔഷധഗുണങ്ങളേറെയാണ്. വൈറ്റമിൻ എ, സി എന്നിവയും ആൻറി ഓക്സിഡൻറുകളും അടങ്ങുന്ന ഇതിെൻറ പഴത്തിന് രോഗപ്രതിരോധ ശേഷിയുണ്ട്. പഴുത്ത പഴത്തിന് മധുരവും പുളിയും കലര്ന്ന രുചിയാണെങ്കിൽ പച്ചക്കായക്ക് ഇളം പുളിയും കയ്പുമാണ്. ശരീര വളർച്ചക്കും ബുദ്ധിവികാസത്തിനും മുതൽ വൃക്കരോഗത്തിനും മൂത്രതടസ്സത്തിനുമെല്ലാം നാടൻ ഔഷധമായി ഇതുപയോഗിക്കാമെന്ന് ആയുർവേദ വിദഗ്ധർ പറയുന്നു. പുതുതലമുറക്ക് അത്രയൊന്നും പരിചിതമല്ലാത്ത കായക്ക് വിദേശങ്ങളിൽ മൂല്യമേറെയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.