ഉണ്ണികൃഷ്ണനെ സിനിമ നയരൂപവത്കരണ സമിതിയിൽ ഉൾപ്പെടുത്തിയതിനെതിരെ വിനയന്റെ ഹരജി
text_fieldsകൊച്ചി: സംവിധായകൻ ബി. ഉണ്ണികൃഷ്ണനെ സർക്കാറിന്റെ സിനിമ നയരൂപവത്കരണ സമിതി അംഗമാക്കിയതിനെതിരെ സംവിധായകൻ വിനയന്റെ ഹരജി. തൊഴിൽ നിഷേധത്തിനെതിരെ താൻ നൽകിയ പരാതിയിൽ കോംപറ്റീഷൻ കമ്മിറ്റി ഓഫ് ഇന്ത്യയുടെ നടപടിക്ക് വിധേയനായയാളാണ് ഉണ്ണികൃഷ്ണനെന്നതടക്കം ചൂണ്ടിക്കാട്ടിയാണ് ഹരജി.
കോംപറ്റീഷൻ ആക്ടിന്റെ മൂന്നാം വകുപ്പ് പ്രകാരം ‘അമ്മ’ സംഘടനയും ഫെഫ്കയും പിഴയടച്ചിട്ടുണ്ട്. ഫെഫ്ക പ്രസിഡന്റ് സിബി മലയിലിന് 66,356 രൂപയും ജനറല്‍ സെക്രട്ടറി ബി. ഉണ്ണികൃഷ്ണന് 32,026 രൂപയും പിഴ വിധിച്ചിട്ടുണ്ട്. സുപ്രീംകോടതിയെ സമീപിച്ചെങ്കിലും ഹരജി തള്ളിയതിനെത്തുടർന്നാണ് പിഴയൊടുക്കേണ്ടിവന്നത്. ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ 137 മുതല്‍ 141 വരെ പേജുകളില്‍ സിനിമയിലെ തൊഴിൽനിഷേധവും വിലക്കുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് പരാമർശിക്കുന്നത്. അതിനാൽ, ഉണ്ണികൃഷ്ണനെ സിനിമ നയരൂപത്കരണ സമിതിയിൽനിന്ന് ഒഴിവാക്കണം.
സിനിമാനയ രൂപവത്കരണ സമിതിയിൽ നിന്ന് തന്നെ ഒഴിവാക്കണമെന്ന് ബി. ഉണ്ണിക്കൃഷ്ണൻ
തിരുവനന്തപുരം: സിനിമാ നയം രൂപവത്കരിക്കാനുള്ള നിർദേശങ്ങൾ സമർപ്പിക്കാൻ സാംസ്കാരിക വകുപ്പ് നിശ്ചയിച്ച പത്തംഗ സമിതിയിൽനിന്ന് തന്നെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് സംവിധായകൻ ബി. ഉണ്ണിക്കൃഷ്ണൻ സാംസ്കാരിക വകുപ്പിന് കത്തു നൽകി. സമിതി പുനഃസംഘടിപ്പിക്കാനുള്ള നീക്കം നടക്കുകയാണ്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെ സമിതിയിൽനിന്ന് ബി. ഉണ്ണിക്കൃഷ്ണനെ പുറത്താക്കണമെന്ന് പല തലങ്ങളിൽനിന്ന് ആവശ്യം ഉയർന്നിരുന്നു. ഉണ്ണിക്കൃഷ്ണനെ മാറ്റണമെന്നാവശ്യപ്പെട്ട് സംവിധായകൻ വിനയൻ ഹൈകോടതിയെ സമീപിച്ചിട്ടുണ്ട്. തന്റെ പരാതിയിൽ കോംപറ്റീഷന്‍ കമീഷന് ശിക്ഷിച്ചയാളാണ് ബി. ഉണ്ണിക്കൃഷ്ണന്. ലൈംഗിക ആരോപണങ്ങളെ തുടർന്ന് എം. മുകേഷ് എം.എൽ.എയെ ഒഴിവാക്കണമെന്ന് സി.പി.എം സംസ്ഥാന നേതൃത്വം സാംസ്കാരിക വകുപ്പിനോട് ആവശ്യപ്പെട്ടിരുന്നു. സമിതി കൺവീനറായി നിശ്ചയിക്കപ്പെട്ടിരുന്ന മിനി ആന്റണി, നടി മഞ്ജു വാര്യർ, ഛായാഗ്രാഹകനും സംവിധായകനുമായ രാജീവ് രവി എന്നിവരും ഒഴിവാക്കപ്പെടുന്നവരുടെ പട്ടികയിലുള്ളതാണ്. പിന്നാലെയാണ് സ്വയം ഒഴിവാകാൻ താൽപര്യം പ്രകടിപ്പിച്ച് ബി. ഉണ്ണിക്കൃഷ്ണനും രംഗത്തെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.