അഹങ്കാരമാണെന്നൊന്നും വിചാരിക്കരുത്; അവാർഡ് ഞാൻ ആഗ്രഹിച്ചിരുന്നു -വിൻസി
text_fieldsപൊന്നാനി (മലപ്പുറം): രേഖയിലെ കഥാപാത്രത്തിന് ഏതെങ്കിലും അവാർഡ് കിട്ടുമെന്ന് താൻ പ്രതീക്ഷിച്ചിരുന്നതായി മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയ വിൻസി അലോഷ്യസ്. ഇതു പറയുമ്പോൾ അഹങ്കാരമാണെന്നൊന്നും വിചാരിക്കരുതെന്നും ഒരു നടിയുടെ ആഗ്രഹമാണെന്ന് കരുതിയാൽ മതിയെന്നും വിൻസി പറഞ്ഞു. ‘രേഖ’ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് വിൻസിക്ക് പുരസ്കാരം ലഭിച്ചത്.
രേഖ എന്നിലേക്ക് വരുന്നത് സംവിധായകൻ ജിതിൻ കനകം കാമിനി കലഹം, ഭീമന്റെ വഴി എന്നീ സിനിമകൾ കണ്ടാണ്. സത്യം പറഞ്ഞാൽ, ഇത് വേറൊരു നടിക്കുവെച്ച റോളായിരുന്നു. ആ നടി ഒ.കെ പറയാതിരുന്നതോടെ എന്നിലേക്ക് വരികയായിരുന്നു. ഒടുവിൽ എന്നിലേക്ക് അത് എത്തിയത് ഭാഗ്യമായി ഞാൻ കരുതുന്നു. രേഖയിലെ റോൾ വെല്ലുവിളിയൊന്നുമായിരുന്നില്ല. എങ്കിലും ഇതുവരെ ചെയ്തതിൽ ഏറ്റവും മികച്ചതെന്നും ഏറെ കഷ്ടപ്പെട്ട് അഭിനയിച്ചതെന്നും ഞാൻ കരുതുന്ന കാരക്ടറായിരുന്നു അത്.
സിനിമയിൽ അഭിനയിക്കണമെന്ന ആഗ്രഹം ചെറുപ്പം മുതൽ ഉണ്ടായിരുന്നു. ഒടുവിൽ ആ ആഗ്രഹം ഇപ്പോൾ ഇവിടം വരെ എത്തിയിരിക്കുന്നു. രേഖ ഇറങ്ങിയതു മുതൽ എന്തെങ്കിലും അവാർഡ് കിട്ടുമെന്ന് ഉള്ളിലൊരു തോന്നലുണ്ടായിരുന്നു. ഇത് പറയുമ്പോൾ അഹങ്കാരമാണെന്നൊന്നും വിചാരിക്കരുത്. ഒരു നടിയുടെ ആഗ്രഹമാണെന്ന് വിചാരിച്ചാൽ മതി. കിട്ടണമെന്ന് ആഗ്രഹമുണ്ടായിരുന്നു.
രേഖ ആരും അറിയാതെ പോയി എന്ന സങ്കടമുണ്ടായിരുന്നു. അതിനി എല്ലാവരും അറിയുമല്ലോ. നെറ്റ്ഫ്ലിക്സിലുണ്ട്. ഇപ്പം കേരളത്തിലെ എല്ലാവരും അറിഞ്ഞല്ലോ. വിൻസിക്ക് എന്തിനാണ് അവാർഡ് കിട്ടിയത്, രേഖക്കാണെന്ന് എല്ലാവരും അറിയുമല്ലോ..അതുമതി’ -വിൻസി പ്രതികരിച്ചു.
പൊന്നാനി സ്വദേശിയാണ് വിൻസി. 2019ൽ സൗബിൻ ഷാഹിർ നായകനായ കോമഡി ചിത്രം വികൃതിയിലെ സീനത്തിനെ അവതരിപ്പിച്ച് വെള്ളിത്തിരയിലെത്തിയ വിൻസി കനകം കാമിനി കലഹം, ഭീമന്റെ വഴി, ജന ഗണ മന, സോളമന്റെ തേനീച്ചകൾ, 1744 വൈറ്റ് ആൾട്ടോ, സൗദി വെള്ളക്ക, രേഖ, പദ്മിനി എന്നിവയിൽ അഭിനയിച്ചിട്ടുണ്ട്. പഴഞ്ചൻ പ്രണയം, മാരിവില്ലിൻ ഗോപുരങ്ങൾ എന്നിവയാണ് പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.