വിഴിഞ്ഞം തുറമുഖം: സമിതി തീരശോഷണത്തിന് പരിഹാരവും നിർദേശിക്കുമെന്ന് അഹമ്മദ് ദേവർകോവിൽ
text_fieldsതിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതിയുമായി ബന്ധപ്പെട്ട തീരശോഷണവും പഠിക്കുന്നതിന് നിയോഗിച്ച സമിതി തീരശോഷണത്തിന് പരിഹാരവും നിർദേശിക്കുമെന്ന മന്ത്രി അഹമ്മദ് ദേവർകോവിൽ. കരട് റിപ്പോർട്ട് നാലു മാസത്തിനുളളിലും അന്തിമ റിപ്പോർട്ട് ആറ് മാസത്തിനുളളിലും സമർപ്പിക്കണമെന്നാണ് സമിതിക്ക് കൊടുത്തിട്ടുളള നിർദേശം.
വിഴിഞ്ഞം തുറമുഖത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചതിനുശേഷം അതിന്റെ സ്വാധീന മേഖലയിൽ തീരശോഷണം സംഭവിക്കുന്നുണ്ടോയെന്നാണ് അന്വേഷിക്കുന്നത്. തീരശേഷണം സംഭവിച്ചിട്ടുണ്ടെങ്കിൽ അതിന്റെ കൃത്യവും സുപ്രധാനവുമായ കാരണങ്ങൾ കണ്ടെത്തി ഉചിതമായ പരിഹാര മാർഗങ്ങൾ നിർദേശിക്കണമെന്നും സമിതിയോട് ആവശ്യപ്പെട്ടു.
മത്സ്യബന്ധന പ്രവർത്തനങ്ങൾക്കോ കടലിന്റെ ആവാസവ്യവസ്ഥക്കോ നാവിഗേഷൻ ചാനലിനോ തുറമുഖ നിർമാണം മൂലം ഏതെങ്കിലും തരത്തിലുള്ള പ്രത്യാഘാതങ്ങൾ സ്വാധീന മേഖലയിൽ ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കുകയും ഉണ്ടെങ്കിൽ ഉചിതമായ പരിഹാരം നിർദേശിക്കുകയും ചെയ്യണം. ഈ വിഷയവുമായി ബന്ധപ്പെട്ട കക്ഷികളുമായി ആവശ്യമുളളപക്ഷം വേണ്ട ആശയവിനിമയം നടത്തും.
പുലിമുട്ട് 3102 മീറ്റർ നീളത്തിലാണ് നിർമിക്കേണ്ടത് അതിൽ 1850 മീറ്റർ നിർമാണം പൂർത്തീകരിച്ചു. ഡ്രെഡ്ജിങ് ഏഴ് ദശലക്ഷം ഘനമീറ്ററിലാണ് നടത്തേണ്ടത്. അത് 2.31 ദശലക്ഷം ഘനമീറ്റർ പൂർത്തിയാക്കി. റിക്ലമേഷൻ നടത്തേണ്ടത് 53 ഹെക്ടറിലാണ് . അത് 35 ഹെക്ടറിൽ പൂർത്തിയക്കായെന്നാണ് കണക്ക്.
കണ്ടെയ്നർ ബെർത്ത് പൈലിങ്ങും ബീമുകൾ, സ്ലബുകൾ, എന്നിവയുടെ പ്രീകാസ്റ്റിങ് പണികളും 100 ശതമാനം പൂർത്തീകരിച്ചു. തുറമുഖ പ്രവർത്തനത്തിനുള്ള യന്ത്രോപകരണങ്ങൾ (ക്രെയ്നുകൾ, ടഗ് ബോട്ടുകൾ തുടങ്ങിയവ) കണ്ടെയ്നർ കൈകാര്യം ചെയ്യുന്നതിനുള്ള പ്രധാന ക്രെയ്നുകൾ -എട്ട്, യാർഡ് ക്രെയ്നുകൾ 24 എന്നിവയുടെ നിർമാണം പുരോഗമിക്കുകയാണ്. ടഗ് ബോട്ടുകൾ നാല് നിർമാണം പൂർത്തിയായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.