വണ്ടിയില്ലെന്നെയുള്ളു; മൂസക്കായി മീൻ കച്ചോടം തുടരും
text_fieldsമീഡിയവൺ ചാനലിലെ എം 80 മൂസ എന്ന തുടർ പരമ്പരയിലൂടെ ആസ്വാദകഹൃദയം കവർന്ന കഥാപാത്രമാണ് മൂസക്കായി. വിനോദ് കോവൂരാണ് മൂസക്കായിയെ അവതരിപ്പിച്ചത്. യഥാർഥ ജീവിതത്തിലും വിനോദ് മൂസക്കായി ആകാൻ ഒരുങ്ങുകയാണ്.
രാമനാട്ടുകര ബൈപാസിൽ പാലാഴി ഹൈലൈറ്റ് മാളിന് സമീപമാണ് സുഹൃത്തുക്കളുമായി ചേർന്ന് 'മൂസക്കായീസ് സീ ഫ്രഷ്' എന്ന സ്ഥാപനം തുടങ്ങിയിരിക്കുന്നത്. കടൽ മത്സ്യവും പുഴ മത്സ്യവും ഇതുവഴി വിൽക്കാൻ പദ്ധതിയുണ്ട്. ലോക്ഡൗൺ പ്രതിസന്ധിയാണ് പുതിയ സംരംഭം തുടങ്ങാൻ പ്രേരിപ്പിച്ചതെന്ന് വിനോദ് പറയുന്നു.
മിമിക്രി താരവും നടനുമായ ഇദ്ദേഹത്തിന് ലോക്ഡൗൺ വന്നതോടെ സ്റ്റേജ്ഷോകളും മിമിക്രി പരിപാടികളും മുടങ്ങുകയായിരുന്നു. െഎ.ടി മേഖലയിലെ രണ്ട് സുഹൃത്തുക്കളുമായി ആലോചിച്ചാണ് മത്സ്യ കച്ചവടത്തിലേക്ക് ഇറങ്ങാൻ തീരുമാനിച്ചത്. സ്വന്തമായി ബോട്ടുള്ള രണ്ട് സുഹൃത്തുക്കളുടെ സഹായവും സംരംഭത്തിനുണ്ട്.
പൂർണമായും ശീതീകരിച്ച കടയിൽ ഇടനിലക്കാരില്ലാതെ മത്സ്യം വിൽക്കാനാണ് തീരുമാനം. പാചകം ചെയ്യാൻ പാകത്തിനുള്ള റെഡി ടു കുക്ക് വിഭവങ്ങളും ഒരുക്കുന്നുണ്ട്. ആവശ്യക്കാർക്ക് മത്സ്യം വീട്ടിലെത്തിച്ച് കൊടുക്കുന്ന ഒാൺലൈൻ വിൽപ്പനയും ഉണ്ടാകുമെന്നും വിനോദ് പറഞ്ഞു.
കൊച്ചിയിൽ നടന്മാരായ ധർമജൻ ബോൾഗാട്ടിയും രമേഷ് പിഷാരടിയും ചേർന്ന് മത്സ്യം വിൽക്കുന്നുെണ്ടന്നും കോഴിക്കോട് ഇത്തരമൊരു സംരംഭം തുടങ്ങാൻ അവർ പ്രേരിപ്പിച്ചതായും വിനോദ് കോവൂർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.