കരളായി നേവിസ്; കടപ്പാടുമായി വിനോദ് വീട്ടിലേക്ക് മടങ്ങി
text_fieldsആലുവ: ''ജീവിതകാലം മുഴുവൻ ഞാൻ ആ മാതാപിതാക്കളോടു കടപ്പെട്ടിരിക്കുന്നു'' -വിനോദിെൻറ ഈ വാക്കുകളിലുണ്ട് നേവിസിെൻറ മാതാപിതാക്കളോടുള്ള എല്ലാ നന്ദിയും. നേവിസിെൻറ കരളുമായി നിലമ്പൂർ വഴിക്കടവ് സ്വദേശി വിനോദ് ജോസഫ് രാജഗിരി ആശുപത്രിയുടെ പടികളിറങ്ങി.
മകൻ മരണത്തിലേക്ക് നീങ്ങിയപ്പോൾ വേദന കടിച്ചമർത്തി അവയവദാനത്തിന് തീരുമാനമെടുത്ത നേവിസിെൻറ മാതാപിതാക്കളായ ഷെറിനും സാജൻ മാത്യുവും വിനോദിനൊപ്പം ആറുപേർക്കുകൂടിയാണ് ജീവൻ പകർന്നത്.
ഗുരുതര കരൾ രോഗം ബാധിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്ന വിനോദിന് സെപ്റ്റംബർ 25നാണ് മസ്തിഷ്ക മരണം സംഭവിച്ച കോട്ടയം വടവാതൂർ സ്വദേശി നേവിസിെൻറ (25) കരൾ തുന്നിച്ചേർത്തത്. ആറുമാസത്തോളമായി ചികിത്സയിലായിരുന്നു.
കരൾ മാറ്റിെവക്കലല്ലാതെ ജീവിതത്തിലേക്ക് മടങ്ങിവരാൻ മറ്റു മാർഗങ്ങളില്ലെന്നു തിരിച്ചറിഞ്ഞതോടെ പ്രതീക്ഷ നഷ്ടപ്പെട്ട അവസ്ഥയിലായിരുന്നു വിനോദ്. അനുയോജ്യരായ ദാതാക്കളെ കണ്ടെത്താൻ കഴിഞ്ഞില്ലെന്നതിന് പുറെമ ശരീരഭാരം കൂടുതലായിരുന്നതും ചികിത്സക്ക് വെല്ലുവിളിയുയർത്തി.
സർക്കാറിെൻറ മൃതസഞ്ജീവിനി പദ്ധതിയിൽ പേര് രജിസ്റ്റർ ചെയ്ത് കാത്തിരിക്കുമ്പോഴാണ് നേവിസിെൻറ അവയവങ്ങൾ ദാനം ചെയ്യാൻ സന്നദ്ധത പ്രകടിപ്പിച്ചുകൊണ്ട് മാതാപിതാക്കൾ മുന്നോട്ടുവന്നത്.
എച്ച്.പി.ബി ആൻഡ് മൾട്ടിപ്പിൾ ഓർഗൻ ട്രാൻസ്പ്ലാൻറ് സർജറി വിദഗ്ധരായ ഡോ. രാമചന്ദ്രൻ നാരായണ മേനോൻ, ഡോ. ജോസഫ് ജോർജ്, ഡോ. ഗസ്നഫർ ഹുസൈൻ, ഡോ. ക്രിസ് തോമസ്, ഹെപ്പറ്റോളജി വിഭാഗം ഡോ. ജോൺ മേനാച്ചേരി, അനസ്തേഷ്യ വിഭാഗം ഡോ. ശാലിനി രാമകൃഷ്ണൻ, ഡോ. ജോർജ് ജേക്കബ് എന്നിവരടങ്ങുന്ന സംഘമാണ് 10 മണിക്കൂർ നീണ്ട കരൾ മാറ്റിെവക്കൽ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയത്.
വിനോദിനെ അഞ്ചാം ദിവസം ഐ.സി.യുവിൽനിന്ന് മുറിയിലേക്ക് മാറ്റിയിരുന്നു. രാജഗിരി ആശുപത്രിയിൽ ആദ്യമായാണ് മസ്തിഷ്കമരണം സംഭവിച്ച വ്യക്തിയിൽനിന്ന് കരൾ സ്വീകരിച്ച് ശസ്ത്രക്രിയ നടത്തുന്നത്. ശസ്ത്രക്രിയക്കുശേഷം ആശുപത്രിയിൽ കഴിഞ്ഞിരുന്ന വിനോദ് പൂർണ ആരോഗ്യവാനായാണ് വ്യാഴാഴ്ച വീട്ടിലേക്ക് മടങ്ങിയത്. ഭാര്യ നിഷയും നാലു പെൺമക്കളുമടങ്ങുന്ന കുടുംബത്തിെൻറ ഏക ആശ്രയമാണ് ഡ്രൈവറായ വിനോദ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.