ജാമ്യവ്യവസ്ഥ ലംഘനം: രണ്ട് യു.എ.പി.എ പ്രതികളുടെ ജാമ്യം റദ്ദാക്കിയത് ഹൈകോടതി ശരിവെച്ചു
text_fieldsകൊച്ചി: വ്യവസ്ഥകൾ പാലിക്കാതിരുന്നതിനെ തുടർന്ന് യു.എ.പി.എ കേസിലെ രണ്ട് പ്രതികളുടെ ജാമ്യം റദ്ദാക്കിയ സെഷൻസ് കോടതി നടപടി ഹൈകോടതി ശരിവെച്ചു.
പെരുമ്പാവൂരിലെ വീട്ടിൽ വിജിലൻസ് ഉദ്യോഗസ്ഥർ ചമഞ്ഞെത്തി പണം തട്ടിയെടുത്തെന്ന കേസിലെ രണ്ടും നാലും പ്രതികളായ കണ്ണൂർ സ്വദേശി അബ്ദുൽ ഹാലിം, മലപ്പുറം സ്വദേശി ഷംനാദ് എന്നിവർ നൽകിയ ഹരജികളാണ് ജസ്റ്റിസ് കെ. വിനോദ് ചന്ദ്രൻ, ജസ്റ്റിസ് സി. ജയചന്ദ്രൻ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് തള്ളിയത്.
ഭീകരപ്രവർത്തനങ്ങൾക്ക് പണം കണ്ടെത്താനാണ് വിജിലൻസ് ഓഫിസർമാരായി ചമഞ്ഞ് പണം തട്ടിയെടുത്തതെന്നാണ് ഇവർക്കെതിരായ കേസ്. ജാമ്യം അനുവദിച്ചപ്പോൾ തിങ്കൾ, വെള്ളി ദിവസങ്ങളിൽ അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ ഹാജരാകണമെന്ന ഉപാധി വെച്ചിരുന്നു. എന്നാൽ, ഇത് പാലിക്കാതിരുന്നതിനെത്തുടർന്ന് എറണാകുളം സെഷൻസ് കോടതി ജാമ്യം റദ്ദാക്കുകയായിരുന്നു.
ഇതിനെതിരെ അബ്ദുൽ ഹാലിം നൽകിയ ഹരജിയിൽ ഹൈകോടതി സിംഗിൾ ബെഞ്ച് അറസ്റ്റ് വിലക്കുകയും ചെയ്തു.
ഇതിനിടെയാണ് ഷംനാദ് ഹരജിയുമായി ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്. ഹാലിമിെൻറ ഹരജിയിൽ സിംഗിൾ ബെഞ്ച് അറസ്റ്റ് വിലക്കിയത് ഡിവിഷൻ ബെഞ്ചിനെ അറിയിക്കുകയും െചയ്തു. എന്നാൽ, യു.എ.പി.എ കേസിലെ അപ്പീൽ ഹരജി ഡിവിഷൻ ബെഞ്ചിലാണ് വരേണ്ടതെന്ന് വിലയിരുത്തി ഹാലിമിെൻറ ഹരജിയും ഡിവിഷൻ ബെഞ്ച് പരിഗണനക്കെടുക്കുകയായിരുന്നു.
ജാമ്യവ്യവസ്ഥയെക്കുറിച്ച് അറിയാത്തതിനാലാണ് പാലിക്കാതിരുന്നതെന്നായിരുന്നു ഹരജിക്കാരുടെ വാദം. രണ്ട് വർഷത്തോളം ജാമ്യവ്യവസ്ഥ പാലിച്ചില്ലെന്ന് വിലയിരുത്തിയ ഹൈകോടതി, സെഷൻസ് കോടതി നടപടി ശരിവെക്കുകയായിരുന്നു. അബ്ദുൽ ഹാലിമിനോട് ഉടൻ കീഴടങ്ങണമെന്നും അല്ലാത്തപക്ഷം കസ്റ്റഡിയിലെടുക്കണമെന്നും നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.