ആചാര ലംഘനമെന്ന്; ക്ഷേത്രക്കുളത്തിലെ നീന്തൽ പരിശീലനം തടഞ്ഞു
text_fieldsതൃശൂർ: വർധിച്ച് വരുന്ന മുങ്ങിമരണങ്ങളുടെ പശ്ചാത്തലത്തിൽ കുട്ടികൾക്ക് നീന്തൽ പരിശീലനം നടത്തുന്നത് 'ആചാരലംഘന'ത്തിന്റെ പേരിൽ തടഞ്ഞതായി പരാതി. ഹൈന്ദവ സംഘടന പ്രവർത്തകർക്കെതിരെയാണ് ആക്ഷേപം. അരിമ്പൂർ പഞ്ചായത്തിലാണ് സംഭവം.
മനക്കൊടി നമ്പോർക്കാവ് ക്ഷേത്രക്കുളത്തിലായിരുന്നു നീന്തൽ പരിശീലനം തീരുമാനിച്ചിരുന്നത്. ക്ഷേത്ര കമ്മിറ്റിയും പഞ്ചായത്തും അരിമ്പൂർ പാഠശാല സംഘടനയുടെയും വിവിധ സംഘടനകളുടെയും നേതൃത്വത്തിലായിരുന്നു നീന്തൽ പരിശീലനം തീരുമാനിച്ചത്. ക്ഷേത്രക്കുളം അനുവദിക്കാൻ ക്ഷേത്ര കമ്മിറ്റി സന്നദ്ധമായതോടെ പരിശീലനത്തിനായി കുട്ടികളുടെ രജിസ്ട്രേഷൻ നടപടികളും ഒരാഴ്ചയായി നടക്കുകയായിരുന്നു.
നൂറോളം കുട്ടികളാണ് രജിസ്റ്റർ ചെയ്തത്. ഞായറാഴ്ച രാവിലെ പഞ്ചായത്ത് പ്രസിഡന്റ് ഉദ്ഘാടകയും ക്ഷേത്ര ഭരണസമിതി പ്രസിഡന്റ് അധ്യക്ഷനും വാർഡ് അംഗം മുഖ്യാതിഥിയുമായി ഉദ്ഘാടന ചടങ്ങും തീരുമാനിച്ചു. എന്നാൽ രാവിലെ പരിശീലനം ഉദ്ഘാടനത്തിനായി എത്തിയപ്പോൾ കൊടികളുമായെത്തി ഹൈന്ദവ സംഘടന പ്രവർത്തകർ തടയുകയായിരുന്നുവത്രെ. കുളം പരിശീലനത്തിനായി വിട്ടുകൊടുക്കുന്നത് ആചാരലംഘനമാണെന്നും അനുവദിക്കാനാവില്ലെന്നും അറിയിക്കുകയായിരുന്നു.
ഉടൻ മറ്റൊരു സ്ഥലം കണ്ടെത്തി പരിശീലനം തുടങ്ങാമെന്ന് പഞ്ചായത്ത് അറിയിച്ചതായി പാഠശാല ഭാരവാഹി ശശി അരിമ്പൂർ പറഞ്ഞു. കുട്ടികളുടെ നീന്തൽ പരിശീലനത്തിന് ക്ഷേത്രത്തിന്റെ ഭാഗത്ത് നിന്നും എല്ലാ സഹായവും സഹകരണവും നൽകുമെന്ന് ക്ഷേത്രം ഭരണസമിതി പ്രസിഡന്റ് വൈശാഖ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.