പറമ്പികുളം ആളിയാര്‍ കരാര്‍ ലംഘനം: സ്റ്റാലിന് മുഖ്യമന്ത്രി കത്തയച്ചു
text_fieldsതിരുവനന്തപുരം: പറമ്പികുളം ആളിയാര്‍ പദ്ധതിയില്‍ നിന്ന് കേരളത്തിന് ലഭിക്കേണ്ട അധിക ജലം വിവിധ പദ്ധതികള്‍ക്ക് ഉപയോഗപ്പെടുത്താന്‍ തമിഴ്‌നാട് നടപടി സ്വീകരിക്കുന്നതിലുള്ള ആശങ്ക അറിയിച്ചു മുഖ്യമന്ത്രി പിണറായി വിജയന്‍ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന് കത്തയച്ചതായി മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു.
പറമ്പികുളം ആളിയാര്‍ പദ്ധതിയില്‍ നിന്ന് കേരളത്തിന് നല്‍കേണ്ട ജലത്തെക്കുറിച്ചും ചിറ്റൂരില്‍ ജലസേചനത്തിന് നല്‍കേണ്ട ജലത്തെക്കുറിച്ചും പ്രളയ മഴയില്‍ ലഭിക്കുന്ന അധിക ജലത്തില്‍ കേരളത്തിന് ലഭിക്കേണ്ട വിഹിതത്തെക്കുറിച്ചും കരാറില്‍ വ്യക്തമായ വ്യവസ്ഥകളുണ്ട്. മധുരയ്ക്കടുത്തുള്ള ഓട്ടന്‍ഛത്രം, കീരനൂര്‍, നെയ്ക്കരപ്പട്ടി എന്നിവിടങ്ങളിലേക്കായി 930 കോടി രൂപയുടെ പദ്ധതിക്കാണ് തമിഴ്‌നാട് ഭരണാനുമതി നല്‍കിയിരിക്കുന്നത്. ഇതു പറമ്പികുളം ആളിയാര്‍ പദ്ധതി കരാറിന്റെ ലംഘനമാണെന്ന് കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ആളിയാര്‍ നദിയില്‍ നിന്നുള്ള ജലമാണ് തമിഴ്‌നാട് പുതിയ പദ്ധതികള്‍ക്കായി ഉപയോഗിക്കുക. നിലവില്‍ കേരളത്തിന് ലഭിക്കേണ്ട 7.25 ടിഎംസി ജലം ലഭിക്കുന്നതിന് പുതിയ പദ്ധതി തടസ്സമാകില്ലെങ്കിലും പ്രളയ മഴയില്‍ ലഭിക്കേണ്ട അധിക ജലം ലഭിക്കില്ല. കരാര്‍ പ്രകാരം ഓരോ ജലവര്‍ഷവും കേരളത്തിന് ലഭിക്കേണ്ട 7.25 ടിഎംസി പല ഘട്ടങ്ങിലും പൂര്‍ണമായി ലഭിക്കാതെ പോകാറുണ്ട്. ഇതിനു പുറമേയാണ് പുതിയ പദ്ധതികളിലൂടെ കൂടുതല്‍ ജലം വിനിയോഗിക്കാനുള്ള നീക്കം തമിഴ്‌നാട് നടത്തുന്നത്. പദ്ധതിയുടെ സാങ്കേതികമായ മറ്റുവശങ്ങളും കരാര്‍ നിബന്ധനകളും കത്തില്‍ വിശദമായി ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.