നിയമലംഘനം; 47 ബസുകൾക്കെതിരെ കേസ്
text_fieldsകോഴിക്കോട്: ഗതാഗത നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട് ജില്ലയിൽ 47 ബസുകൾക്കെതിരെക്കൂടി മോട്ടോർ വാഹന വകുപ്പ് കേസ് രജിസ്റ്റർ ചെയ്തു. ഇവയിൽ 34 എണ്ണം ടൂറിസ്റ്റ് ബസുകളും 13 എണ്ണം വിവിധ റൂട്ടുകളിൽ സർവിസ് നടത്തുന്ന സ്വകാര്യ ബസുകളുമാണ്.
58,000 രൂപ പിഴയിനത്തിൽ ഈടാക്കുകയും ചെയ്തു. സ്വകാര്യ ബസുകളിലേറെയും കോഴിക്കോട്-മാവൂർ റൂട്ടിൽ സർവിസ് നടത്തുന്നവയാണ്. വിവിധ കോണുകളിൽനിന്ന് പരാതികൾ ഉയർന്നതോടെ പാളയം ബസ് സ്റ്റാൻഡ് ഉൾപ്പെടെ കേന്ദ്രീകരിച്ചായിരുന്നു പരിശോധന.
വരുംദിവസങ്ങളിൽ മറ്റു റൂട്ടുകളിലെ ബസുകളും പരിശോധിക്കും. സ്വകാര്യ ബസുകളിൽ മിക്കതിലേയും സ്പീഡ് ഗവേർണറുകൾ പ്രവർത്തിക്കുന്നില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. മാത്രമല്ല, വിദ്യാർഥികളെ കയറ്റുന്നില്ല എന്നതടക്കമുള്ള പരാതികളും പല ബസുകൾക്കെതിരെയും ഉണ്ട്.
ലേസർ ലൈറ്റ്, എയർഹോൺ, ഡീജെ സൗണ്ട് സിസ്റ്റം, രൂപമാറ്റങ്ങൾ തുടങ്ങിയവയാണ് ടൂറിസ്റ്റ് ബസുകളുടെ നിയമ ലംഘനങ്ങൾ. വടക്കഞ്ചേരി ബസപകടത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന വ്യാപകമായി ആരംഭിച്ച 'ഓപറേഷൻ ഫോക്കസ്-3ന്റെ ഭാഗമായിട്ടാണ് ജില്ലയിലും പരിശോധന നടക്കുന്നത്.
വ്യാപക പരിശോധനയുടെ പശ്ചാത്തലത്തിൽ ഉടമകൾ ടൂറിസ്റ്റ് ബസുകൾ നിരത്തിലിറക്കാത്ത സ്ഥിതയുണ്ട്. ഇതോടെ ബസ് യാർഡുകൾ, വർക്ക്ഷോപ്പുകൾ എന്നിവിടങ്ങളിലെത്തിയും ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നുണ്ട്. വെള്ളിയാഴ്ച 16 ബസുകൾക്കെതിരെയും വ്യാഴാഴ്ച 18 വാഹനങ്ങൾക്കെതിരെയും കേസ് രജിസ്റ്റർ ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.