പട്ടയവ്യവസ്ഥ ലംഘിച്ചാൽ ഭൂമി തിരിച്ചെടുക്കാം -ഹൈകോടതി
text_fieldsകൊച്ചി: കേരള ഭൂമി പതിച്ചുനൽകൽ ചട്ടപ്രകാരം പതിച്ചുനൽകിയ ഭൂമി മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കാനാകില്ലെന്നും പട്ടയവ്യവസ്ഥ ലംഘിച്ചാൽ ഭൂമി തിരിച്ചെടുക്കാൻ സർക്കാറിന് അധികാരമുണ്ടെന്നും ഹൈകോടതി. കൃഷിക്കും പാർപ്പിടത്തിനും അനുബന്ധ ആവശ്യങ്ങൾക്കുമായി പതിച്ചുനൽകിയ ഭൂമിയിൽ റിസോർട്ടുകൾ, ക്വാറികൾ, പെട്രോൾ പമ്പുകൾ തുടങ്ങിയവ ആരംഭിച്ചെന്നു കണ്ടെത്തി ഭൂമി തിരിച്ചെടുക്കാൻ സർക്കാർ നടപടി സ്വീകരിച്ചതിനെതിരെ ഭൂവുടമകൾ നൽകിയ അപ്പീലുകൾ തള്ളിയാണ് ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് വിധി പറഞ്ഞത്.
മൂന്നാറിലെ മഹീന്ദ്ര ഹോളിഡേയ്‌സ് ആൻഡ് റിസോർട്ടിന്റെ ഭൂമി തിരിച്ചെടുക്കുന്നതിനെതിരെ ഉടമകൾ നൽകിയ അപ്പീലും ഇതിലുൾപ്പെടും. അതേസമയം, ഭൂമി തിരിച്ചെടുക്കുന്നത് സിംഗിൾ ബെഞ്ച് തടഞ്ഞതിനെതിരെ സർക്കാർ നൽകിയ അപ്പീലുകൾ അനുവദിച്ചു. ക്വാറികളടക്കമുള്ളവയുടെ പ്രവർത്തനം തടഞ്ഞ് സർക്കാർ സ്റ്റോപ് മെമ്മോ നൽകിയിരുന്നു. മുൻകൂർ നോട്ടീസ് നൽകി വാദം കേൾക്കാതെയാണ് സ്റ്റോപ് മെമ്മോ നൽകിയതെന്നും ഭൂമി തിരിച്ചെടുക്കാൻ തഹസിൽദാർക്ക് അധികാരമില്ലെന്നും ഭൂവുടമകൾ വാദിച്ചു. ഡിവിഷൻ ബെഞ്ച് ഈ വാദങ്ങൾ തള്ളി.
കേരള ഭൂമി പതിച്ചുനൽകൽ ചട്ടത്തിൽ മുൻകൂർ നോട്ടീസ് നൽകാൻ പറയുന്നില്ല. പട്ടയം റദ്ദാക്കുന്നതിനു മുമ്പ് കൈവശക്കാരുടെ വാദം കേൾക്കണമെന്നേ പറയുന്നുള്ളൂ. നടപടികൾ ആ ഘട്ടത്തിൽ എത്തിയിട്ടില്ല. പട്ടയവ്യവസ്ഥകൾ ലംഘിച്ചെന്ന് പ്രഥമദൃഷ്ട്യാ കണ്ടെത്തിയതിനെ തുടർന്നാണ് സ്റ്റോപ് മെമ്മോ നൽകിയത്. അതിനാൽ ഈ വാദത്തിൽ കഴമ്പില്ലെന്നും കോടതി വ്യക്തമാക്കി.
പട്ടയവ്യവസ്ഥ ലംഘിച്ചെന്ന് കണ്ടെത്തിയാൽ കേരള ഭൂമി പതിച്ചുനൽകൽ ചട്ടത്തിലെ വ്യവസ്ഥയനുസരിച്ച് തഹസിൽദാർക്ക് പട്ടയം റദ്ദാക്കാൻ അധികാരമുണ്ട്. ക്വാറികളുടെ പ്രവർത്തനം തടയാനും സ്റ്റോപ് മെമ്മോ നൽകാനും കലക്ടർക്കോ തഹസിൽദാർക്കോ അധികാരമില്ലെന്ന വാദത്തിലും കഴമ്പില്ല. ഭൂമി പതിച്ചു നൽകാനുള്ള അധികാരം തഹസിൽദാർക്ക് ഉള്ളതുപോലെ വ്യവസ്ഥ ലംഘിച്ചെന്ന കണ്ടാൽ പട്ടയം റദ്ദാക്കി ഭൂമി തിരിച്ചെടുക്കാനുള്ള അധികാരവുമുണ്ട്.
പരിസ്ഥിതി സംരക്ഷണവും വനം-വന്യജീവി സംരക്ഷണവും സർക്കാറിന്റെ ഭരണഘടനാപരമായ കടമയാണ്. ആ നിലക്ക് പട്ടയഭൂമിയിലെ ക്വാറി പ്രവർത്തനമടക്കം തടയാൻ തഹസിൽദാറും കലക്ടറും സ്വീകരിച്ച നടപടികൾ നിയമപരമാണ്. എങ്കിലും നടപടി നേരിട്ട ക്വാറി ഉടമകളടക്കമുള്ളവർക്ക് ഒരുമാസത്തിനകം തങ്ങളുടെ എതിർപ്പ് അധികൃതരെ അറിയിക്കാമെന്നും ഹൈകോടതി വ്യക്തമാക്കി. ഭൂമി തിരിച്ചെടുത്തശേഷം ചട്ടങ്ങളിൽ സർക്കാർ ഇളവു വരുത്തിയാൽ ക്വാറി ഉടമകളടക്കമുള്ളവർക്ക് ഭൂമി പതിച്ചുനൽകാൻ അപേക്ഷ നൽകാമെന്നും അതിന് ഈ വിധിയിലെ നിരീക്ഷണങ്ങൾ തടസ്സമല്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.