'ക്രൈസ്തവർക്ക് എതിരായ അക്രമം മതേതര ജനാധിപത്യത്തിന് ഭീഷണി'
text_fieldsആലപ്പുഴ: ഇന്ത്യയിൽ പല സംസ്ഥാനങ്ങളിലും പ്രദേശങ്ങളിലും ക്രൈസ്തവർക്കും ക്രൈസ്തവ സ്ഥാപനങ്ങൾക്കുമെതിരെ അക്രമങ്ങൾ വർധിക്കുന്നത് രാജ്യത്തിന്‍റെ മതേതര ജനാധിപത്യ സംവിധാനത്തിന് ഭീഷണിയാണെന്ന് കേരളത്തിലെ ലത്തീൻ കത്തോലിക്കരുടെ ഉന്നത നയരൂപീകരണ ഏകോപനസമിതി കേരള റീജൻ ലാറ്റിൻ കാത്തലിക് കൗൺസിൽ (കെ.ആർ.എൽ.സി.സി). 38-ാം ജനറൽ അസംബ്ലി യോഗത്തിൽ അവതരിപ്പിച്ച പ്രമേയത്തിലാണ് സംഘടന ഇക്കാര്യം ചൂണ്ടിക്കാണിച്ചത്.
കർണാടകയിൽ ബി.ജെ.പി സർക്കാർ പാസാക്കിയ മതപരിവർത്തന നിരോധന ബില്ല് ഭരണഘടനാവിരുദ്ധവും മതസ്വാതന്ത്ര്യം, വൈവാഹിക ബന്ധത്തിലെ വ്യക്തിസ്വാതന്ത്ര്യം എന്നിവ അടക്കമുള്ള മൗലികാവകാശങ്ങളിന്മേലുള്ള കടന്നുകയറ്റവുമാണ്. കേരളത്തിലെ നിയമ പരിഷ്ക്കരണ കമീഷൻ നിർദേശിച്ച ക്രൈസ്തവ വിവാഹനിയമം അപ്രായോഗികവും അനാവശ്യവും അസ്വീകാര്യവുമായതിനാൽ നിയമ ശിപാർശ നിരാകരിക്കണം.
മത്സ്യസംഭരണം, വിപണനം, ഗുണപരിപാലനം എന്നിവയുമായി ബന്ധപ്പെട്ട നിയമം മത്സ്യത്തൊഴിലാളികളെ ദോഷകരമായി ബാധിക്കുന്നതും ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നതുമാണ്. ട്രേഡ് യൂനിയനുകൾക്ക് അമിത പ്രാധാന്യം നൽകി നിർമിച്ച ഈ നിയമം പിൻവലിക്കണം.
ഗാഡ്ഗിൽ - കസ്തൂരിരംഗൻ റിപ്പോർട്ടുകൾ നടപ്പാക്കുന്നതിന്‍റെ ഭാഗമായി ഇ.എസ്.എ വില്ലേജുകൾ നിർണ്ണയിച്ചതിലെ അപാകതകൾ പരിഹരിക്കണം. ഉന്നത വിദ്യാഭ്യാസ മേഖലയെ രാഷ്ട്രീയ വിമുക്തമാക്കാനും വിശ്വാസ്യത ഉറപ്പാക്കി സമഗ്രമായ നവീകരണം സാധ്യമാക്കാനും നടപടി സ്വീകരിക്കണമെന്നും ആലപ്പുഴ കർമസദൻ പാസ്റ്ററൽ സെന്‍ററിൽ ചേർന്ന യോഗം ആവശ്യപ്പെട്ടു.
കെ.ആർ.എൽ.സി.ബി.സി സെക്രട്ടറി ജനറൽ ബിഷപ് ഡോ. സെൽവിസ്റ്റർ പൊന്നു മുത്തൻ, വൈസ് പ്രസിഡന്‍റ് ജോസഫ് ജൂഡ്, കെ.ആർ.എൽ.സി.സി ജനറൽ സെക്രട്ടറി ഫാ. തോമസ് തറയിൽ, സെക്രട്ടറിമാരായ പി.ജെ. തോമസ്, ഷിബു ജോസഫ്, പുഷ്പ ക്രിസ്റ്റി, കെ.എൽ.സി.എ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ഷെറി ജെ. തോമസ്, സി.എസ്.എസ് ദേശീയ പ്രസിഡന്‍റ് ബെന്നി പാപ്പച്ചൻ, ഡി.സി.എം.എസ് ജനറൽ സെക്രട്ടറി എൻ. ദേവദാസ്, മീഡിയ കമീഷൻ സെക്രട്ടറി ഫാ. സെബാസ്റ്റ്യൻ മിൽട്ടൺ കളപുരയ്ക്കൽ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.