അതിക്രമം ജനാധിപത്യത്തിനുനേരെയും -കോടതി; വധശിക്ഷയില്ലാത്തതെന്ത്?
text_fieldsകൊച്ചി: ടി.പി വധക്കേസിൽ പ്രതികൾക്ക് വധശിക്ഷ നൽകണമെന്ന ആവശ്യം അനുവദിക്കാതെ കടുത്ത വ്യവസ്ഥകളോടെ ജീവപര്യന്തം ശിക്ഷയാക്കി മാറ്റിയതിന്റെ കാരണം ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവിൽ വ്യക്തം. കേസിൽ ഉയർന്ന ശിക്ഷ വിധിക്കുമ്പോൾ അതിസൂക്ഷ്മത പുലർത്തണമെന്നതടക്കമുള്ള സുപ്രീംകോടതി ഉത്തരവുകൾ കോടതി ചൂണ്ടിക്കാട്ടി.
പ്രതിയുടെ അവകാശംകൂടി കണക്കിലെടുത്ത് ഏറ്റവും സുരക്ഷിതമായ രീതിയിൽ സാഹചര്യങ്ങളെ സമീപിക്കണമെന്നാണ് അടിസ്ഥാന പ്രമാണം. കുറ്റകൃത്യത്തിന്റെ സ്വഭാവത്തിൽ മാത്രമല്ല, കുറ്റവാളിയുടെ സ്വഭാവവും പരിഗണിച്ച് സമൂഹത്തിന് ദ്രോഹകരമാകാവുന്ന സാധ്യതകൾകൂടി വിലയിരുത്തി വേണം വധശിക്ഷ വിധിക്കാൻ.
പരമാവധി ക്രൂരതയോടെയുള്ള കുറ്റകൃത്യത്തിനാണ് പരമാവധി ശിക്ഷ നൽകേണ്ടത്. ഈ വസ്തുതകൾ കണക്കിലെടുത്താൽ ടി.പി. ചന്ദ്രശേഖരന്റെ കൊലപാതകത്തിലെ പ്രതികൾ ദയ അർഹിക്കുന്നില്ല. എന്നാൽ, സാഹചര്യങ്ങളുമായി ബന്ധപ്പെട്ട് പൊതുതാൽപര്യത്തിനൊപ്പം പ്രതികളുടെ താൽപര്യവും പരിഗണിക്കേണ്ടതുണ്ട്.
വധശിക്ഷ വിധിക്കുംമുമ്പ് കുറ്റവാളികൾക്ക് മാനസാന്തര സാധ്യതയുണ്ടോയെന്ന കാര്യം കണക്കിലെടുക്കണം. എന്നാൽ, പ്രതികളെ തിരുത്താനാവില്ലെന്ന് ബോധ്യപ്പെടുത്താൻ മതിയായ തെളിവുകൾ ഹാജരാക്കാൻ പ്രോസിക്യൂഷനായിട്ടില്ല. ജയിലിൽനിന്നടക്കം കോടതി വിളിച്ചുവരുത്തിയ റിപ്പോർട്ടിലും ഇതിന് മതിയായതൊന്നുമില്ല. അതിനാൽ, ഈ കേസ് അപൂർവങ്ങളിൽ അപൂർവം എന്ന ഗണത്തിൽപെടുത്താനാവില്ല.
രേഖകൾ പരിശോധിച്ചതിൽനിന്നും കക്ഷികളുടെ വാദങ്ങളിൽനിന്നും കടുത്ത ഉപാധികളോടെ ജീവപര്യന്തം മതിയാവുമെന്ന് ബോധ്യമായി. ഇതിലൂടെ നിയമസംവിധാനത്തിലെ വിശ്വാസവും നിലനിർത്താനാവും. തുടർന്നാണ് സ്വാമി ശ്രദ്ധാനന്ദ കേസിന്റെയടക്കം അടിസ്ഥാനത്തിൽ 20 വർഷം ശിക്ഷ ഇളവില്ലാത്തവിധം പ്രതികൾക്ക് ജീവപര്യന്തം വിധിച്ചത്.
നിരായുധനായ വ്യക്തിയെ അപരിഷ്കൃത രീതിയിൽ കൊലപ്പെടുത്തിയ ഹീനപ്രവൃത്തിക്ക് വിചാരണക്കോടതി വിധിച്ച ജീവപര്യന്തം മതിയായതല്ലെന്നും വിധിയിൽ വ്യക്തമാക്കി.
നിരായുധനായ രാഷ്ട്രീയ എതിരാളിയെ അതിക്രൂരമായി കൊലപ്പെടുത്തിയെന്നത് മാത്രമല്ല, ജനാധിപത്യത്തിന് നേരെയുള്ള അതിക്രമം കൂടിയാണ് ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികളിൽനിന്നുണ്ടായതെന്ന് ഹൈകോടതി. ജനാധിപത്യമെന്ന ആശയത്തിന് നേരെയുണ്ടായ ഭീഷണിയാണിത്.
ഹീനമായ കൊലപാതകത്തിലൂടെ അഭിപ്രായ സ്വാതന്ത്ര്യമടക്കം ഭരണഘടന നൽകുന്ന അവകാശങ്ങൾ വിനിയോഗിക്കുന്നവരെ ഭയപ്പെടുത്തുകയാണ് ചെയ്തത്. നിയമവാഴ്ച നിലനിൽക്കുന്ന രാജ്യത്ത് ഇത് അനുവദിക്കാനാവില്ല. പ്രതികളുടെ ശിക്ഷ ഉയർത്തി പുറപ്പെടുവിച്ച ഉത്തരവിലാണ് ഡിവിഷൻ ബെഞ്ചിന്റെ ഈ നിരീക്ഷണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.