ഡോക്ടർമാർക്കെതിരായ അക്രമങ്ങൾ വീണ ജോർജ് മന്ത്രിയായതിന് ശേഷം -ഐ.എം.എ
text_fieldsതിരുവനന്തപുരം: ഡോക്ടർമാർക്കെതിരായ അതിക്രമങ്ങൾ വർധിക്കുന്നത് 'ശ്രദ്ധയിൽ'പ്പെട്ടില്ലെന്ന ആരോഗ്യ മന്ത്രി വീണ ജോർജിന്‍റെ നിയമസഭയിലെ വിവാദ മറുപടിയിൽ പരസ്യ പ്രതിഷേധവുമായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ.എം.എ). ഡോക്ടർമാർക്ക് നേരെ അക്രമങ്ങൾ മുഴുവൻ നടന്നത് വീണ ജോർജ് മന്ത്രിയായതിന് ശേഷമാണെന്ന് ഐ.എം.എ സംസ്ഥാന പ്രസിഡന്‍റ് പി.റ്റി. സക്കറിയ കുറ്റപ്പെടുത്തി.
ഐ.എം.എയുടെ തീരുമാനം നിരന്തരം മുഖ്യമന്ത്രിയെയും ആരോഗ്യ മന്ത്രിയെയും നിരന്തരം അറിയിക്കുന്നതാണ്. തിരുവനന്തപുരത്ത് എത്തിയാൽ ഇരുവരെയും കാണാൻ ശ്രമിക്കാറുണ്ട്. ആരോഗ്യ മന്ത്രിക്ക് തെറ്റ് വരാൻ പാടില്ല. വനിതാ ഡോക്ടറെ വസ്ത്രാക്ഷേപം ചെയ്യാൻ ശ്രമിച്ചതും മാവേലിക്കര സംഭവവും അറിയാത്തവരാണ് ആരോഗ്യ വകുപ്പ് ഭരിക്കുന്നത് എന്ന് പറയുന്നതിൽ വിഷമമുണ്ട്. ഉറക്കത്തിൽ വിളിച്ച് ചോദിച്ചാലും എല്ലാവർക്കും അറിവുള്ള സംഭവമാണിത്.
ആരോഗ്യ പ്രവർത്തർക്ക് നേരെ നടക്കുന്ന അക്രമങ്ങളിൽ സംസ്ഥാന സർക്കാർ നിഷ്ക്രിയമാണ്. രണ്ടു വർഷത്തിനുള്ള 43 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതിൽ പകുതിയിലേറെ കേസിലും പൊലീസ് നടപടിയില്ല. പ്രതികളെ അറസ്റ്റ് ചെയ്യുന്നില്ല. ഒന്നര മാസത്തിനുള്ളിൽ ആറു കേസുകൾ റിപ്പോർട്ട് ചെയ്തതായും ഐ.എം.എ ചൂണ്ടിക്കാട്ടി.
അതിക്രമങ്ങൾ ശ്രദ്ധയിൽപ്പെട്ടില്ലെന്ന മന്ത്രിയുടെ മറുപടി ശരിയായില്ല. ആരോഗ്യ മന്ത്രിയുടെ വിശദീകരണം സ്വീകാര്യമല്ല. പ്രതികൾക്കെതിരെ നടപടിയുണ്ടായില്ലെങ്കിൽ വാക്സിനേഷൻ അടക്കമുള്ളവ നിർത്തിവെക്കുമെന്നും ഐ.എം.എ വ്യക്തമാക്കി.
ഡോക്ടർമാർക്കെതിരായ അതിക്രമങ്ങൾ സംബന്ധിച്ച് ആഗസ്റ്റ് നാലിന് മാത്യു കുഴൽനാടൻ ഉന്നയിച്ച നക്ഷത്ര ചിഹ്നമിടാത്ത ചോദ്യത്തിന് നൽകിയ മറുപടിയാണ് ആരോഗ്യ മന്ത്രിയെ വെട്ടിലാക്കിയത്. 'അക്രമങ്ങൾ വർധിക്കുന്നത് ശ്രദ്ധയിൽപ്പെട്ടില്ല' എന്നായിരുന്നു രേഖാമൂലമുള്ള മന്ത്രിയുടെ മറുപടി.
വസ്തുതാവിരുദ്ധമായ മറുപടി വാർത്തയായതോടെ മറുപടി തയാറാക്കിയപ്പോൾ ആശയക്കുഴപ്പമുണ്ടായെന്ന് പിന്നീട് ആരോഗ്യ മന്ത്രി തിരുത്തി. തിരുത്തിയ മറുപടി മന്ത്രി വീണ ജോർജ് ഇന്ന് നിയമസഭയുടെ മേശപ്പുറത്ത് വെച്ചു. ആരോഗ്യ പ്രവര്ത്തകര്ക്കെതിരായ അതിക്രമം തടയുന്നതിന് നിലവിലെ നിയമങ്ങൾ പര്യാപ്തമാണെന്നും മാധ്യമങ്ങളിലൂടെ പൊതുജനങ്ങളെ ബോധവത്കരിക്കുമെന്നും തിരുത്തിയ മറുപടിയിൽ ചൂണ്ടിക്കാട്ടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.