സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ തടയണമെന്ന സന്ദേശവുമായി 12 സംസ്ഥാനങ്ങൾ പിന്നിട്ട് സുതപ ദാസ് മാന്നാറിൽ
text_fieldsചെങ്ങന്നൂർ: സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ അവസാനിപ്പിക്കണമെന്ന ആവശ്യവുമായി 12 സംസ്ഥാനങ്ങളിലൂടെ ആറായിരം കിലോമീറ്റർ ഒറ്റക്ക് കാറോടിച്ച സുതപ ദാസ് (40) മാന്നാറിലെത്തി. ചെങ്ങന്നൂർ പെരുമയുടെ സർഗോത്സവ വേദിയിലെത്തിയ ദാസിനെ നായർസമാജം സ്‌കൂൾ മൈതാനിയുടെ കവാടത്തിൽ മാന്നാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി രത്നകുമാരി സ്വീകരിച്ചു.
പശ്ചിമ ബംഗാളിലെ കോൽക്കത്തയിൽ അധ്യാപികയാണ് സുതപ ദാസ്. സെപ്റ്റംബർ 30ന് റെനോൾഡ് കാറിൽ കോൽക്കത്തയിൽ നിന്നാണ് സുതപ യാത്ര ആരംഭിച്ചത്. ഝാർഖണ്ഡ്, ബിഹാർ, യു.പി, ഡൽഹി, ഹരിയാന, രാജസ്ഥാൻ, ഗുജറാത്ത്, ഡാമൻ, മഹാരാഷ്ട്ര, ഗോവ, കർണാടക, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിലൂടെ സഞ്ചരിച്ചാണ് കേരളത്തിൽ എത്തിയത്. തുടർന്ന് കൊച്ചിയും വാഗമണും സന്ദർശിച്ച് വെങ്കലങ്ങളുടെ നാടായ മാന്നാറിലെത്തി.
ചെങ്ങന്നൂരിന്‍റെ ആഘോഷമായ ചെങ്ങന്നൂർ പെരുമയെ കുറിച്ച് സുഹൃത്തും ഇന്ത്യ മുഴുവൻ കാറിൽ സഞ്ചരിച്ച് വാർത്തകളിൽ ഇടംനേടിയ മാന്നാർ പുത്തൻപുരയിൽ പി.ആർ. ഷംസിൽ നിന്നാണ് സുതപ ദാസ് കേട്ടറിഞ്ഞത്. തിരുവല്ല സ്വദേശി ഡോ. ജോഫി കുരുവിള, രാജു കോടിയാട്ട്, ഷെർവി ചങ്ങനാശ്ശേരി, കെബിൻ കെന്നഡി എന്നിവരും ഒപ്പമുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.