പൊലീസിൽ സ്ത്രീപീഡകരുടെ എണ്ണത്തിൽ വർധന; വനിതാദിനത്തിൽ ഞെട്ടിക്കുന്ന വിവരവുമായി മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: പൊലീസ് സേനയിൽ സ്ത്രീപീഡകരുടെ എണ്ണം വർധിക്കുെന്നന്ന ഞെട്ടിക്കുന്ന വിവരവുമായി അന്താരാഷ്ട്ര വനിതാദിനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ. ഇതുമായി ബന്ധപ്പെട്ട് വിവിധജില്ലകളിലായി 73 പൊലീസുകാർക്കെതിരെ വകുപ്പുതല നടപടിയും ഒപ്പം ക്രിമിനൽ കേസുകളും എടുത്തിട്ടുണ്ടെന്നും നിയമസഭയിൽ രേഖാമൂലം നൽകിയ മറുപടിയിൽ മുഖ്യമന്ത്രി വ്യക്തമാക്കി. കുറ്റകൃത്യങ്ങളുടെ സ്വഭാവവും ചുമത്തിയ വകുപ്പുകളും അടക്കം രേഖകളാണ് മുഖ്യമന്ത്രി സഭയുടെ മേശപ്പുറത്തുവെച്ചത്. ഗുരുതര സ്വഭാവദൂഷ്യത്തിന് 365 പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.
സ്ത്രീപീഡനക്കേസിൽ പ്രതികളായ 73 പൊലീസുകാരിൽ ഏറ്റവും കൂടുതൽപേർ തിരുവനന്തപുരം ജില്ലയിൽനിന്നാണ്. 33 പേരാണ് ഇവിടെ പ്രതിപ്പട്ടികയിലുള്ളത്. തിരുവനന്തപുരം സിറ്റിയിൽ 17 പേരും തിരുവനന്തപുരം റൂറലിൽ 16 പേരും ആണ് പട്ടികയിൽ. കൊല്ലം സിറ്റിയിൽ മൂന്നുപേർക്കെതിരെയും പത്തനംതിട്ടയിൽ നാലുപേർക്കെതിരെയും ആലപ്പുഴയിൽ നാലുപേർക്കെതിരെയും ഇടുക്കിയിൽ രണ്ടുപേർക്കെതിരെയും കേസെടുത്തിട്ടുണ്ട്.
എറണാകുളം സിറ്റിയിൽ ആറുപേർക്കെതിരെയും റൂറലിൽ ഒരാൾക്കെതിരെയും തൃശൂർ സിറ്റി/റൂറൽ എന്നിവിടങ്ങളിൽനിന്ന് ഒാരോ പൊലീസുകാർക്കെതിരെയും കേസെടുത്തിട്ടുണ്ട്. കൂടാതെ പാലക്കാട് ജില്ലയിൽ ഏഴുപേർക്കെതിരെയും മലപ്പുറത്ത് നാലുപേർക്കെതിരെയും കോഴിക്കോട് രണ്ടുപേർക്കെതിരെയും വയനാട് ഒരാൾക്കെതിരെയും കണ്ണൂരിൽ മൂന്നുപേർക്കെതിരെയുമാണ് ക്രിമിനൽ കേസെടുത്തിരിക്കുന്നത്. ഇതിൽ 16 പേർക്കെതിരെ കുറ്റപത്രം സമർപ്പിച്ചു. മറ്റുള്ളവ അന്വേഷണപുരോഗതിയിലാണ്.
ഗുരുതര സ്വഭാവദൂഷ്യത്തിന് നടപടിക്ക് വിധേയരായ 365 പേരിലും സ് ത്രീകളോട് അപമര്യാദയായി പെരുമാറിയവരും ഉൾപ്പെടും. കൂടാതെ കൈക്കൂലി, മദ്യപാനം, മേലുദ്യോഗസ്ഥരോട് അപമര്യാദയായ പെരുമാറ്റം, ജോലിയിൽനിന്ന് വിട്ടുനിൽക്കൽ തുടങ്ങിയ കുറ്റകൃത്യങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.