നിയമസഭയിലെ അതിക്രമം: മന്ത്രിയടക്കം പ്രതികളുടെ വിചാരണക്ക് സ്റ്റേയില്ല
text_fieldsകൊച്ചി: നിയമസഭയിലെ അതിക്രമവുമായി ബന്ധപ്പെട്ട കേസിന്റെ വിചാരണ നടപടികൾ സ്റ്റേ ചെയ്യണമെന്ന മന്ത്രി വി. ശിവൻ കുട്ടിയടക്കമുള്ള പ്രതികളുടെ ആവശ്യം ജസ്റ്റിസ് എ.എ. സിയാദ് റഹ്മാൻ അനുവദിച്ചില്ല. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ശിവൻകുട്ടിയെ കൂടാതെ മുൻമന്ത്രിമാരായ ഇ.പി. ജയരാജൻ, കെ.ടി. ജലീൽ, മുൻ എം.എൽ.എമാരായ കെ. അജിത്, കുഞ്ഞമ്മദ് മാസ്റ്റർ, സി.കെ. സദാശിവൻ എന്നിവർ നൽകിയ ഹരജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്.
അതിക്രമ കേസ് സെപ്റ്റംബർ 16ന് തിരുവനന്തപുരത്തെ വിചാരണ കോടതി പരിഗണിക്കുന്നതിനാൽ അന്നേ ദിവസം പ്രതികൾ കോടതിയിൽ ഹാജരാകാൻ നിർദേശിച്ചിട്ടുണ്ട്. എന്നാൽ, കേസ് റദ്ദാക്കണമെന്ന ഹരജി നിലനിൽക്കുന്നതിനാൽ വിചാരണ തുടരുന്നത് നീതിയുക്തമല്ലെന്നും വിചാരണ സ്റ്റേ ചെയ്യണമെന്നും പ്രതികൾ സിംഗിൾബെഞ്ച് മുമ്പാകെ ആവശ്യപ്പെട്ടു. കോടതി കുറ്റപത്രം വായിക്കുന്നതടക്കമുള്ള നടപടികളും നീട്ടിവെക്കണം. എന്നാൽ, ഇത് അനുവദിക്കാനാവില്ലെന്ന് വ്യക്തമാക്കിയ കോടതി ഹരജി സെപ്റ്റംബർ 26ന് പരിഗണിക്കാൻ മാറ്റി.
ബാർ കോഴക്കേസിൽ ആരോപണ വിധേയനായ ധനമന്ത്രി ബജറ്റ് അവതരിപ്പിക്കുന്നത് തടയാനുള്ള പ്രതിഷേധ സമരത്തിനിടെയാണ് 2015 മാർച്ച് 13ന് നിയമസഭയിൽ അക്രമ സംഭവമുണ്ടായത്.
ഈ കേസ് പിൻവലിക്കാൻ 2018 ൽ പ്രോസിക്യൂഷൻ തിരുവനന്തപുരം സി.ജെ.എം കോടതിയിൽ നൽകിയ അപേക്ഷ തള്ളിയ നടപടി ഹൈകോടതിയും സുപ്രീംകോടതിയും ശരിവെച്ചു. ഇതിനു പിന്നാലെ കേസ് റദ്ദാക്കണമെന്നും തങ്ങളെ കുറ്റവിമുക്തരാക്കണമെന്നുമാവശ്യപ്പെട്ട് പ്രതികൾ വിചാരണ കോടതിയിൽ നൽകിയ ഹരജിയും തള്ളി. തുടർന്നാണ് ഹൈകോടതിയെ സമീപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.