പാതിയിൽ മറഞ്ഞു, ഇൗണങ്ങളുടെ സൂര്യകുമാരൻ
text_fieldsപത്തനംതിട്ട: വശ്യസംഗീതത്തിലൂടെ അനേകായിരം ഹൃദയങ്ങളിലേക്ക് ഇൗണങ്ങളുടെ കിരണാവലി ചൊരിഞ്ഞ ബാലഭാസ്കർ എന്ന വയലിൻ പ്രതിഭ യുവതയുടെ ഹരമായി തീർന്നത് രണ്ട് പതിറ്റാണ്ടു മുമ്പാണ്. കൗമാരം കടക്കുംമേമ്പ ഹൃദയസംഗീതം മീട്ടുന്ന വയലിൻ തോളത്തുചാരി ബാലഭാസ്കർ വേദികളിൽനിന്ന് വേദികളിലേക്ക് പ്രയാണം തുടങ്ങി. സ്കൂൾകാലം മുതൽ വയലിനും കൊണ്ടുനടക്കുന്ന കുട്ടി തിരുവനന്തപുരത്തിെൻറ മനംകവർന്നിരുന്നു. അമ്മാവനും അനേകരുടെ സംഗീതഗുരുവുമായ ബി. ശശികുമാറിെൻറ ശിഷ്യനായാണ് ബാലഭാസ്കർ ചിട്ടയായ സംഗീതം സപര്യയാക്കിയത്. സർവകലാശാല കലോത്സവങ്ങളിൽ ചോദ്യം ചെയ്യപ്പെടാത്ത പ്രതിഭ. കർണാടക സംഗീതത്തിൽ ഇരുത്തംവന്ന കലാകാരനായി അന്നേ അറിയപ്പെട്ട ബാല വെസ്റ്റേൺ സംഗീതവും വശമാക്കി.
ഫ്യൂഷൻ സംഗീതം കേരളത്തിലേക്ക് കടന്നുവന്ന കാലത്തുതന്നെ ബാലഭാസ്കർ അതിെൻറ മുൻനിരയിലുണ്ടായിരുന്നു. 17ാം വയസ്സിൽ ‘മംഗല്യപല്ലക്ക്’ സിനിമയിലൂടെ അരങ്ങേറ്റം കുറിച്ചതോടെ ആ രംഗത്ത് മലയാളം കണ്ട ഏറ്റവും പ്രായം കുറഞ്ഞ സംഗീത സംവിധായകനുമായി. അത്ര തിരക്കിട്ടല്ലെങ്കിലും ഇടക്കിടെ നിരവധി സിനിമകൾക്ക് അദ്ദേഹം സംഗീതം പകർന്നു. ഒപ്പം ആൽബങ്ങളും. ‘നിനക്കായി’, ‘ആദ്യമായി’ തുടങ്ങിയ സംഗീത ആൽബങ്ങളിലെ ഗാനങ്ങൾ ഇന്നും യുവാക്കളുടെ ചുണ്ടുകളിൽ നിറയുന്നവയാണ്. കോളജ്കാലത്തുതന്നെ ജീവിതത്തിലേക്ക് കൂടെക്കൂട്ടാൻ തെരഞ്ഞെടുത്ത ലക്ഷ്മിയുമായുള്ള സംഗീതയാത്രകൾ കൗമാരക്കാർ ആരാധനയോടെ നോക്കിനിന്നു. അന്നും തിരക്കുള്ള സ്േറ്റജ് ആർട്ടിസ്റ്റായിരുന്നു ബാല. വളരെ നേരേത്ത വിവാഹിതരായ ദമ്പതികൾ ഒന്നിച്ചായിരുന്നു മിക്കപ്പോഴും യാത്രകൾ.
ഇന്ത്യൻ സംഗീതത്തിലെ പ്രതിഭകളായ സക്കീർ ഹുസൈൻ, ശിവമണി, വിക്കു വിനായക്റാം, ഹരിഹരൻ, മട്ടന്നൂർ ശങ്കരൻകുട്ടി, ഫസൽ ഖുറേഷി തുടങ്ങിയവരുമായും ലൂയി ബാംഗ്സിനെപ്പോലുള്ള പാശ്ചാത്യ പ്രതിഭകളുമായും ചേർന്ന് അനേകം വേദികളിൽ ഫ്യൂഷൻ സംഗീതം അവതരിപ്പിച്ചു. ഇലക്ട്രോണിക് വയലിെൻറ ശബ്ദവിന്യാസത്തിൽ കർണാടക സംഗീതം വായിച്ചും ബാല വിസ്മയിപ്പിച്ചു. ഗുരുവായ ബി. ശശികുമാറിനൊപ്പമുള്ള കർണാട്ടിക് വയലിൻ ഡ്യുയോ സംഗീത പ്രേമികൾക്ക് പ്രിയപ്പെട്ടതായിരുന്നു. ആ ബാലസൂര്യൻ അപ്രതീക്ഷിതമായി മാഞ്ഞുപോകുമ്പോൾ ഇരുട്ടിലാകുന്നത് ലക്ഷക്കണക്കിന് ആരാധകമനസ്സുകളാണ്. അപകടമെന്ന കാർമേഘത്തെ അതിജീവിച്ച് ഇനിയുമേറെക്കാലം പ്രകാശം ചൊരിയണേ എന്നു പ്രാർഥിച്ചവർക്ക് കടുത്ത നിരാശ സമ്മാനിച്ചാണ് ഇൗ സംഗീതകാരൻ മകൾ തേജസ്വിനിക്കൊപ്പം ചേരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.