നടി ആക്രമിക്കപ്പെട്ട സംഭവം: 'വി.ഐ.പി'യെ തിരിച്ചറിഞ്ഞെന്ന് സൂചന
text_fieldsകൊച്ചി: നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങൾ നടൻ ദിലീപിന് കൈമാറിയെന്ന് ബാലചന്ദ്രകുമാർ ആരോപിക്കുന്ന വി.ഐ.പിയെ തിരിച്ചറിഞ്ഞതായി സൂചന. കോട്ടയം സ്വദേശിയായ പ്രവാസി വ്യവസായിയെ കേന്ദ്രീകരിച്ചുള്ള സൂചനകളാണ് പുറത്തുവന്നത്. ഇദ്ദേഹത്തിന്റെ ശബ്ദ സാമ്പിളും പൊലീസിന്റെ കൈവശമുള്ള ശബ്ദ സന്ദേശവും താരതമ്യംചെയ്ത് പരിശോധിക്കുന്നതിലൂടെ മാത്രമേ ആളെ ഉറപ്പിക്കാൻ കഴിയൂ. പൊലീസ് സംശയിക്കുന്നയാളെ ചോദ്യംചെയ്യാനും സാധ്യതയുണ്ട്.
അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന ആരോപണമുയർന്ന ഇയാളെ വി.ഐ.പിയെന്ന് വിശേഷിപ്പിച്ചാണ് ആറാം പ്രതിയാക്കി എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. സൂചനകളുടെ അടിസ്ഥാനത്തിൽ ക്രൈംബ്രാഞ്ച് സംഘം ബാലചന്ദ്രകുമാറിനെ രാഷ്ട്രീയ, വ്യവസായ രംഗത്തുള്ള ആറുപേരുടെ ചിത്രങ്ങൾ കാണിച്ചു. അതിൽ ഒരു ചിത്രംകണ്ട് സംശയം തോന്നിയ ബാലചന്ദ്രകുമാർ വിവരം അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു.
താൻ ദിലീപിന്റെ വീട്ടിലുണ്ടായിരുന്ന സമയത്ത് 'ഇക്കാ' എന്ന് ദിലീപും കാവ്യയും വിശേഷിപ്പിക്കുന്ന ഒരാൾ എത്തുകയും പെൻഡ്രൈവ് കൈമാറുകയും ചെയ്തെന്നാണ് ബാലചന്ദ്രകുമാറിന്റെ മൊഴി. തനിക്ക് പരിചയമില്ലാത്ത ഇയാൾ സിനിമക്കാരനല്ലെന്ന് വ്യക്തമാണ്. അയാൾ കൈമാറിയ പെൻഡ്രൈവ് ലാപ്ടോപ്പിൽ ഘടിപ്പിച്ചശേഷം നടിയെ പൾസർ സുനി ആക്രമിക്കുന്ന ക്രൂരകൃത്യം കാണാൻ ദിലീപ് തന്നെ ക്ഷണിച്ചു. വി.ഐ.പിയെ പോലെയായിരുന്നു അയാളുടെ പെരുമാറ്റം. ആകെ അന്നൊരു തവണ മാത്രമേ അയാളെ താൻ കണ്ടിട്ടുള്ളൂ.
ബിസിനസിനെക്കുറിച്ചും സാമ്പത്തിക ഇടപാടുകളെക്കുറിച്ചും അയാൾ സംസാരിക്കുന്നത് കേട്ടിരുന്നു. ഇത്രയും ബന്ധങ്ങളുള്ള ഒരാളെന്ന നിലയിലാണ് താൻ വി.ഐ.പിയെന്ന് വിശേഷിപ്പിച്ചത്. ഹോട്ടലുകളോ ട്രാവല്‍ ഏജന്‍സിയോ നടത്തുന്നയാളാണെന്നാണ് ഫോണില്‍ സംസാരിക്കുന്നത് കേട്ടപ്പോൾ മനസ്സിലാക്കാനായത്. ബുക്കിങ്ങിനെക്കുറിച്ചും ടിക്കറ്റ് കാന്‍സല്‍ ചെയ്യുന്നതിനെക്കുറിച്ചുമൊക്കെയായിരുന്നു അയാളുടെ സംസാരം. തൊട്ടടുത്ത ദിവസംതന്നെ അദ്ദേഹത്തിനുള്ള വിമാനയാത്രയെക്കുറിച്ചും പറയുന്നത് കേട്ടിരുന്നെന്നും ബാലചന്ദ്രകുമാർ വെളിപ്പെടുത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.