നവകേരള സദസിന് ഒരുങ്ങി വൈപ്പിൻ
text_fieldsകൊച്ചി: മുഖ്യമന്തിയും മന്ത്രിമാരും ജനങ്ങളുമായി സംവദിക്കാൻ നേരിട്ടെത്തുന്ന നവകേരള സദസിനു ഒരുക്കങ്ങൾ പൂർത്തിയായെന്ന് സംഘാടക സമിതി ചെയർമാൻ കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ. ഡിസംബർ എട്ടിന് രാവിലെ 10നാണ് സംസ്ഥാന മന്ത്രിസഭ വൈപ്പിനിലെത്തുന്ന പ്രഥമവും ചരിത്ര പ്രധാനവുമായ സദസ്. ഞാറക്കൽ ജയ്ഹിന്ദ് മൈതാനത്ത് പ്രത്യേകം തയാറാക്കിയ വേദിയിലാണ് മന്ത്രിസഭയും ജനങ്ങളും സംവദിക്കുക.
സദസിനു മുന്നോടിയായി രാവിലെ എറണാകുളം ഐ.എം.എ ഹാളിൽ പൗര പ്രമുഖരുടെ സാന്നിധ്യത്തിൽ പ്രഭാത സദസ് നടക്കും. തുടർന്ന് വാട്ടർ മെട്രോയിൽ വൈപ്പിനിലെത്തുന്ന മന്ത്രിസഭ വേദിയിൽ ജനങ്ങളുമായി സംവദിക്കും.
ഇരുപത്തി ഒൻപതിനായിരം ചതുരശ്ര അടിയിൽ തയാറാക്കിയ പന്തലിന്റെ നിർമാണ പ്രവൃത്തികൾ പൂർണമായതായി കെ.എൻ ഉണ്ണിക്കൃഷ്ണൻ പറഞ്ഞു. വൻ ജനാവലി എത്തുന്ന മഹോത്സവത്തിനു യോജിച്ച വിധം ഗതാഗത ക്രമീകരണങ്ങൾ പൊലീസ് ഒരുക്കിയിട്ടുണ്ട്. സുരക്ഷാ ക്രമീകരണങ്ങൾക്കുൾപ്പെടെ മാർഗ നിർദേശങ്ങൾ നൽകാൻ വോളണ്ടിയർമാരും സന്നദ്ധ പ്രവർത്തകരും രംഗത്തുണ്ടാകും.
രാവിലെ എട്ടു മുതൽ പരാതികളും നിർദേശങ്ങളും അഭിപ്രായങ്ങളും അറിയിക്കാൻ സദസ് വേദിയിൽ 25 കൗണ്ടറുകൾ ഉണ്ടാകും. ടോക്കൺ കൗണ്ടറിനു പുറമെ ഏഴു വീതം കൗണ്ടറുകൾ സ്ത്രീകൾക്കും വയോജനങ്ങൾക്കുമാണ്. രണ്ടു കൗണ്ടറുകൾ ഭിന്നശേഷിക്കാർക്കു മാത്രം. ബാക്കി പൊതു കൗണ്ടറുകളാണ്.
സദസിനെ തുടർന്ന് നായരമ്പലം കരുണ സ്പെഷ്യൽ സ്കൂൾ വിദ്യാർഥികളുടെ കൊയ്ത്തുത്സവം, ജില്ലാതല സ്‌കൂൾ കലോത്സവത്തിൽ ജേതാക്കളായ വിദ്യാർഥികളുടെയും മണ്ഡലത്തിലെ എട്ടു പഞ്ചായത്തുകളിലെ കുടുംബശ്രീ പ്രവർത്തകരുടെയും കലാവതരണങ്ങൾ നടക്കും.
സംഘാടക സമിതി യോഗത്തിൽ എംഎൽഎയ്ക്കു പുറമെ നോഡൽ ഓഫീസറും ജനറൽ കൺവീനറുമായ ഫിഷറീസ് ജോയിന്റ് ഡയറക്‌ടർ എസ്. മഹേഷ്, വൈസ് ചെയർമാൻ എ.പി പ്രിനിൽ, വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തുളസി സോമൻ , ജൂനിയർ സൂപ്രണ്ട് പി. സന്ദീപ് എന്നിവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.