ഞാൻ പ്രിവിലേജ്ഡ് ക്യാപിറ്റലിസ്റ്റ് ബടുക്കൂസൊന്നുമല്ല; വൈറലായി ബഷീറിന് എഴുതിയ കത്ത്
text_fields''സുഖമെന്ന് കരുതുന്നു. അഖിലലോകബ്രഹ്മാണ്ഡ വൈറസ് ജനജീവിതത്തെ പിടിച്ചുകുലുക്കുമ്പോൾ സുഖമായിരിക്കാൻ ഞാൻ തന്നെ പോലെ പ്രിവിലേജ്ഡ് ക്യാപിറ്റലിസ്റ്റ് ബടുക്കൂസൊന്നുമല്ല എന്ന് നീ ചിന്തിച്ചിട്ടുണ്ടാകുമെന്നെനിക്കറിയാം.''
ഇങ്ങനെ ഒരു കത്താണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. കോഴിക്കോട് ചേന്ദമംഗല്ലൂർ ഹയർ സെക്കണ്ടറി സ്കൂളിലെ പ്ലസ്.ടു വിദ്യാർഥി ലെയ്യീൻ ഫൈസൽ ആണ് സുൽത്താനൊരു കത്ത് എന്ന പേരിൽ സംഘടിപ്പിച്ച കത്തെഴുതൽ മത്സരത്തിൽ വൈക്കം മുഹമ്മദ് ബഷീറിന് കത്തെഴുതി കൈയടി നേടിയത്. മത്സരത്തിൽ ആ കത്തിന് ഒന്നാം സ്ഥാനം ലഭിക്കുകയും ചെയ്തു.
ഈ കത്ത് കണ്ട ബഷീറിന്‍റെ മകൾ ഷാഹിന ആശംസകൾ അറിയിച്ചതും ലെയ്യീന്‍റെ സന്തോഷം ഇരട്ടിയാക്കി. പലതവണ കത്തു വായിച്ച ഷാഹിന, ബഷീറിന്‍റെ വാക്ക് കടമെടുത്ത് ഫസ്റ്റ്ക്ലാസ് സാധനം എന്നാണ് ഒറ്റവാക്കിൽ കത്തിനെ വിശേഷിപ്പിച്ചത്. ബഷീറിനെ അന്ധമായി അനുകരിക്കാതെ, തന്‍റെ ഭാഷയും കൂടി കൂട്ടിച്ചേർത്തുവെന്നും അത് മലയാള ഭാഷയെ തന്നെ നവീകരിക്കാൻ സഹായകമാകുന്നതാണെന്നും ഷാഹിന നിരീക്ഷിച്ചു.
കത്തിന്‍റെ പൂർണരൂപം:
പ്രിയപ്പെട്ട ബഷീർ,
സുഖമെന്ന് കരുതുന്നു. "അഖിലലോകബ്രഹ്മാണ്ഡ വൈറസ് ജനജീവിതത്തെ പിടിച്ചുകുലുക്കുമ്പോൾ സുഖമായിരിക്കാൻ ഞാൻ തന്നെ പോലെ പ്രിവിലേജ്ഡ് ക്യാപിറ്റലിസ്റ്റ് ബടുക്കൂസൊന്നുമല്ല" എന്ന് നീ ചിന്തിച്ചിട്ടുണ്ടാകുമെന്നെനിക്കറിയാം. എന്നാലും സുഖമെന്ന് തന്നെ കരുതുന്നു. തരുണീമണികളായ തരുണീമണികളൊക്കെയും, ഡോക്ടറന്മാരായ ഡോക്ടറന്മാരൊക്കെയും, എന്തിന്, തന്റെ പറമ്പിൽ അവകാശമില്ലാത്ത പാമ്പും തന്റെ പൗരത്വം തിന്ന പാത്തുമ്മേടെ ആടുമൊക്കെ നേരത്തെ പറഞ്ഞ ആ ഇണ്ടാപ്പൻ പ്രതിസന്ധിയിലാണല്ലോ. ഒരു ബ്ലാക്ക് സിഗരറ്റ് പോലും വാങ്ങാൻ കഴിയാത്ത അവസ്ഥ. വീട്ടിലിരുന്ന് മുറ്റത്തെ പൂക്കൾക്ക് അഖിലാണ്ഡകോടികളെ വാഴുന്ന ദൈവം തമ്പുരാൻ നൽകിയ എയ്സ്‌തെറ്റിക് ബ്യൂട്ടിയുമാസ്വദിച്ചാസ്വദിച്ച് മടുത്തു. എന്റെ ബീനയൊരു സംഗീതസാഹിത്യ കോലുണ്ണി തങ്കമായിരുന്നേൽ അവളുമായി വല്ല മിസ്റ്റിസിസവും ചർച്ച ചെയ്ത് നേരം പോക്കമായിരുന്നു. ഭാഗ്യമില്ലാത്തതുകൊണ്ട് അവളൊരു സംഗീതസാഹിത്യക്ലുകോലുണ്ണിതങ്കമല്ല. സംഗീതസാഹിത്യ സെൻസില്ലാത്തൊരു ബടുക്കൂസ്!പറഞ്ഞുവന്നതിത്രയേയുള്ളൂ. ഒരു റോക്കറ്റ് വേണം. ഈ അണ്ഡകാടാഹകശ്മലഭീകരരുടെ ഇടയിൽ ജീവിക്കാൻ തരമില്ല. റോക്കറ്റിലൂടെ അണ്ഡകടാഹ ശൂന്യകാശത്തിലെവിടെയെങ്കിലും പോയി വസിക്കണം. ദൈനംദിനം പെട്രോളിലൂടെ കിട്ടുന്ന വരുമാനത്തിൽ ഒരു നുള്ള് കാശെടുത്താൽ സർക്കാരിന് ഈ കാര്യം ചെയ്തു തരാൻ സാധിക്കും. സോ സിംപിൾ! സദഗുണസമ്പന്നകോമളന്മാരായ ഈ സർക്കാർ അതിന് സഹായിക്കുമെന്നാണ് എന്റെ പ്രതീക്ഷ. അവിടെയെത്തിയിട്ട് വേണം സംഗീതസാഹിത്യകോലുണ്ണിതങ്കങ്ങളോടൊത്ത് ഒന്ന് മിസ്റ്റിസിസം ചർച്ച ചെയ്യാൻ. എന്തു പറയുന്നു അണ്ഡകടാഹ സാഹിത്യസുൽത്താൻ? കാജാബീഡിയുടെ സ്പാർക് കെടുമ്പോൾ ഒന്ന് മറുപടി തരണം.
മംഗളം.
ശുഭം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.