ഈഡിസ് കൊതുകുകളില്‍ വൈറസ് സാന്നിധ്യം: ജാഗ്രത വേണമെന്ന് ഡി.എം.ഒ
text_fieldsതിരുവനന്തപുരം: ജില്ലയില്‍ ഡെങ്കിപ്പനി, ചികുൻ ഗുനിയ, സിക രോഗങ്ങള്‍ പകര്‍ത്തുന്ന വൈറസുകളെ കണ്ടെത്തിയതായി ഡി.എം.ഒ അറിയിച്ചു. തിരുവനന്തപുരം നഗരസഭ, കരകുളം, കഠിനംകുളം പഞ്ചായത്തുകള്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് ജില്ല വെക്റ്റര്‍ കണ്ട്രോള് യൂനിറ്റാണ് പഠനം നടത്തിയത്.
കോർപറേഷനിലെ അമ്പലത്തറ, തൃക്കണ്ണാപുരം, ആറന്നൂര്‍, കുളത്തൂര്‍, മുട്ടത്തറ, ചാക്ക, കണ്ണമ്മൂല, ശാസ്തമംഗലം പ്രദേശങ്ങളിലും കരകുളം, കഠിനംകുളം പഞ്ചായത്തുകളില്‍നിന്ന് ശേഖരിച്ച സാമ്പിളുകളിലാണ് വൈറസുകളുടെ സാന്നിധ്യം കണ്ടെത്തിയത്. ഇടവിട്ട് മഴ പെയ്യുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ കൊതുകിന്റെ ഉറവിട നശീകരണം വീഴ്ചകൂടാതെ നടത്തണമെന്ന് ജില്ല മെഡിക്കല്‍ ഓഫിസര്‍ അഭ്യര്‍ഥിച്ചു.
ചെടിച്ചട്ടികളുടെ അടിയിലെ ട്രേ, മണി പ്ലാന്റ് വെച്ചിരിക്കുന്ന പാത്രം, റഫ്രിജറേറ്ററിന് പിന്നിലെ ട്രേ, ടെറസ്, സണ്‍ഷെയ്ഡ്, ചിരട്ടകള്‍, ടയറുകള്‍ എന്നിവിടങ്ങളില്‍ വെള്ളം കെട്ടിനില്‍ക്കുന്നില്ലെന്ന് ഉറപ്പുവരുത്തണം. കരയില്‍ കയറ്റിവെച്ചിരിക്കുന്ന വള്ളങ്ങള്‍ കമഴ്ത്തിവെച്ചും ബോട്ടുകളില്‍ കെട്ടിയിട്ട ടയറുകളില്‍ ഉപ്പുവെള്ളം നിറച്ചും ഈഡിസ് കൂത്താടികളെ നിയന്ത്രിക്കാം.
വെള്ളം ഒഴുക്കിക്കളയാന്‍ പറ്റാത്ത സ്ഥലങ്ങളില്‍ വേപ്പിന് പിണ്ണാക്ക്, ഉപ്പ് എന്നിവ ഉപയോഗിക്കുക. രോഗലക്ഷണങ്ങള്‍ ശ്രദ്ധയിൽപെട്ടാല്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രവുമായി ബന്ധപ്പെടണം. സ്വയം ചികിത്സ പാടില്ല. വീടിനുള്ളിലും പരിസരത്തും കൊതുക് മുട്ടയിട്ട് പെരുകുന്ന സാഹചര്യം ഉണ്ടാക്കുന്നത് പൊതുജനാരോഗ്യനിയമപ്രകാരം പതിനായിരം രൂപ വരെ പിഴ ഈടാക്കാവുന്ന കുറ്റമാണന്നും ഡി.എം.ഒ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.