തെരഞ്ഞെടുപ്പ് ആൾമാറാട്ടത്തിൽ സി.പി.എം നടപടി; വിശാഖിനെ ലോക്കൽ കമ്മറ്റിയിൽനിന്ന് സസ്പെൻഡ് ചെയ്തു
text_fieldsതിരുവനന്തപുരം: കോളജ് യൂനിയൻ തെരഞ്ഞെടുപ്പിൽ ആൾമാറാട്ടം നടത്തിയ സംഭവത്തിൽ എസ്.എഫ്.ഐ പ്രവർത്തകൻ എ. വിശാഖിനെതിരെ സി.പി.എം നടപടി. പാർട്ടി പ്ലാവൂർ ലോക്കൽ കമ്മിറ്റി അംഗമായ വിശാഖിനെ തൽസ്ഥാനത്തുനിന്ന് പുറത്താക്കി. ആൾമാറാട്ടം പുറത്തുവന്നതിന് പിന്നാലെ ഏരിയ സെക്രട്ടറി, ജില്ല കമ്മിറ്റി അംഗം എന്നീ സ്ഥാനങ്ങളിൽനിന്ന് വിശാഖിനെ കഴിഞ്ഞദിവസം എസ്.എഫ്.ഐ പുറത്താക്കിയിരുന്നു.
ആൾമാറാട്ടത്തിന് കൂട്ടുനിന്ന തിരുവനന്തപുരം കാട്ടാക്കട ക്രിസ്ത്യൻ കോളജ് പ്രിൻസിപ്പൽ ഡോ. ജി.ജെ. ഷൈജുവിനെ കേരള പ്രൈവറ്റ് കോളജ് ടീച്ചേർസ് അസോസിയേഷൻ (കെ.പി.സി.ടി.എ) ജില്ല സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കി. സംഭവം സംബന്ധിച്ച് വിശദീകരണം നൽകാനും അസോസിയേഷൻ ആവശ്യപ്പെട്ടു. എസ്.എഫ്.ഐ നേതാവിന് വേണ്ടിയുള്ള ആൾമാറാട്ടത്തിന് കോൺഗ്രസ് അനുകൂല അധ്യാപക സംഘടനാ നേതാവ് കൂട്ടുനിന്നതിലുള്ള അതൃപ്തി വ്യാപകമായതിനെ തുടർന്നാണ് അസോസിയേഷൻ അടിയന്തര യോഗം ചേർന്ന് നടപടിയെടുത്തത്.
തിരുവനന്തപുരം കാട്ടാക്കട ക്രിസ്ത്യൻ കോളജിൽ ഡിസംബർ 12ന് നടന്ന തെരഞ്ഞെടുപ്പിൽ എസ്.എഫ്.ഐ പാനലിൽനിന്ന് അനഘ, ആരോമൽ എന്നിവരാണ് യൂനിവേഴ്സിറ്റി യൂനിയൻ കൗൺസിലർ (യു.യു.സി) സ്ഥാനത്തേക്ക് മത്സരിച്ച് ജയിച്ചത്. അനഘയുടെ പേര് വെട്ടി മത്സരരംഗത്തില്ലാതിരുന്ന വിശാഖിന്‍റെ പേര് തിരുകിക്കയറ്റിയ പട്ടികയാണ് പ്രിൻസിപ്പൽ യൂനിവേഴ്സിറ്റിക്ക് നൽകിയത്. തിരിമിറിക്ക് പിന്നിൽ ആരുടെ ഇടപെടലാണെന്ന് പ്രിൻസിപ്പൽ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.
തെരഞ്ഞെടുപ്പിൽ ജയിച്ച അനഘ രാജി അറിയിച്ചതിനാൽ മറ്റൊരു പേര് നൽകിയെന്ന് ആദ്യം വിശദീകരിച്ച പ്രിൻസിപ്പൽ, യൂനിവേഴ്സിറ്റിക്ക് രേഖാമൂലം നൽകിയ വിശദീകരണത്തിൽ തനിക്ക് തെറ്റുപറ്റിയെന്ന് മാത്രമാണ് പറയുന്നത്. തെറ്റ് സമ്മതിച്ച സാഹചര്യത്തിൽ ഷൈജുവിന്‍റെ പ്രിൻസിപ്പൽ സ്ഥാനം തെറിക്കും. മേയ് 20ന് ചേരുന്ന സിൻഡിക്കേറ്റ് യോഗത്തിലാകും തീരുമാനം. ക്രമക്കേട് പുറത്തുവന്നതിനെ തുടർന്ന് മാറ്റിവെച്ച കേരള സർവകലാശാല യൂനിയൻ തെരഞ്ഞെടുപ്പിന്‍റെ തുടർനടപടികളും സിൻഡിക്കേറ്റ് ചർച്ച ചെയ്യും.
അതിനിടെ, പ്രിൻസിപ്പൽ ഒന്നും വെളിപ്പെടുത്തിയിട്ടില്ലെങ്കിലും സി.പി.എമ്മിലെ ചില പ്രമുഖർ ആൾമാറാട്ടത്തിന് പിന്നിലുണ്ടെന്നാണ് റിപ്പോർട്ട്. എല്ലാം ചെയ്തത് കോൺഗ്രസ് അധ്യാപക സംഘടനാ നേതാവായ പ്രിൻസിപ്പലാണെന്ന് വിശദീകരിച്ച് കുറ്റം ഡോ. ജി.ജെ. ഷൈജുവിന്‍റെ തലയിലിട്ട് കൈകഴുകുകയാണ് സി.പി.എം. പാർട്ടി നടത്തിയ അന്വേഷണത്തിൽ നേതാക്കളുടെ പങ്ക് സംബന്ധിച്ച വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. എന്നാൽ, പാർട്ടിക്കും സർക്കാറിനും ക്ഷീണമാകുമെന്നതിനാൽ അന്വേഷണം നേതാക്കളിലേക്ക് നീളാനിടയില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.