വിഷ്ണുപ്രിയ കൊലക്കേസ്: എട്ടിന് വിധി പറയും
text_fieldsതലശ്ശേരി: പ്രണയാഭ്യർഥന നിരസിച്ച വൈരാഗ്യത്താൽ കൂത്തുപറമ്പിനടുത്ത വള്ള്യായിയിലെ കണ്ണച്ചൻകണ്ടി വീട്ടിൽ വിഷ്ണുപ്രിയയെ (23) വീട്ടിനകത്ത് അതിക്രമിച്ചു കയറി കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രോസിക്യൂഷൻ വാദവും പ്രതിഭാഗം വാദവും പൂർത്തിയായി. കേസിൽ മേയ് എട്ടിന് കോടതി വിധി പറയും.
തലശ്ശേരി അഡീഷനൽ ജില്ല കോടതി ഒന്ന് ജഡ്ജ് എ.വി. മൃദുല മുമ്പാകെയാണ് കഴിഞ്ഞദിവസം പ്രതിഭാഗം വാദം പൂർത്തിയായത്. കൂത്തുപറമ്പിനടുത്ത മാനന്തേരിയിലെ താഴെ കളത്തിൽ വീട്ടിൽ ശ്യാംജിത്താണ് (27) കേസിലെ പ്രതി. 2022 ഒക്ടോബർ 22ന് രാവിലെ 11.45നാണ് കേസിനാസ്പദമായ സംഭവം.
പൊന്നാനി സ്വദേശിയായ സുഹൃത്തുമായി ഫോണിൽ സംസാരിക്കുന്നതിനിടയിൽ കിടപ്പുമുറിയിൽ അതിക്രമിച്ചു കയറിയ പ്രതി ശ്യാംജിത്ത് വിഷ്ണുപ്രിയയെ തലക്കടിച്ചു വീഴ്ത്തിയ ശേഷം കഴുത്തിന് കുത്തിക്കൊലപ്പെടുത്തിയെന്നാണ് കേസ്. 2023 സെപ്റ്റംബർ 21നാണ് കേസിന്റെ വിചാരണ തുടങ്ങിയത്. സംഭവം നടന്ന് ഒരുവർഷം പൂർത്തിയാകുംമുമ്പ് വിചാരണ തുടങ്ങി. പ്രതി ജുഡീഷ്യൽ കസ്റ്റഡിയിലായതിനാലാണ് വിചാരണ വേഗത്തിലായത്.
കേസിൽ 73 സാക്ഷികളാണുള്ളത്. പാനൂരിൽ സ്വകാര്യ ആശുപത്രിയിൽ ഫാർമസിസ്റ്റായി ജോലിചെയ്തുവരുകയായിരുന്നു വിഷ്ണുപ്രിയ. ദൃക്സാക്ഷികളില്ലാത്ത കേസിൽ സാഹചര്യത്തെളിവുകളും ശാസ്ത്രീയ തെളിവുകളും കോടതിയിൽ ഹാജരാക്കി. സംഭവത്തിന്റെ രണ്ടുദിവസം മുമ്പ് പ്രതി കൂത്തുപറമ്പിലെ കടയിൽനിന്ന് ചുറ്റികയും കൈയുറയും വാങ്ങിയിരുന്നു.
ഇവ വാങ്ങുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പബ്ലിക് പ്രോസിക്യൂട്ടർ കെ. അജിത്ത് കുമാർ കോടതിയിൽ ഹാജരാക്കിയിരുന്നു. പ്രതിഭാഗത്തിന് വേണ്ടി അഡ്വ.എസ്. പ്രവീൺ, അഡ്വ. അഭിലാഷ് മാത്തൂർ എന്നിവരാണ് ഹാജരാകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.