പണി തീരാത്ത വീടിന് മുന്നിലേക്ക് വിഷ്ണുപ്രിയയുടെ ചേതനയറ്റ ശരീരമെത്തുമ്പോൾ, നൊമ്പര കാഴ്ചയായി മാതാപിതാക്കൾ...നാടാകെ കുടുംബം നോക്കാൻ ഉണ്ണിയപ്പം വിറ്റകഥ പറയുന്നു...
text_fieldsകായംകുളം : പണികൾ ബാക്കിയായ വീടിന് മുന്നിലേക്ക് വിഷ്ണു പ്രിയയുടെ ചേതനയറ്റ ശരീരം എത്തുമ്പോൾ കാണാൻ ശേഷിയില്ലാതെ മാതാപിതാക്കളായ വിജയനും - രാധികയും ദൂരേക്ക് മാറി നിന്നത് നൊമ്പര കാഴ്ചയായിരുന്നു. ഭിന്നശേഷിക്കാരായ ഇരുവർക്കും താങ്ങായും തണലായും എപ്പോഴും കൂടെയുണ്ടായിരുന്ന മകൾ ഇനിയില്ലായെന്ന് ഓർക്കാനെ അവർക്ക് കഴിയുന്നില്ല.
അതിജയിക്കാൻ കരുത്തായി നിന്നിരുന്ന പൊന്നു മോളുടെ ചേതനയറ്റ ശരീരം കാണാൻ ആ മാതാപിതാക്കൾക്ക് കഴിയുമായിരുന്നില്ല. സ്വന്തം വീട് എന്നത് വിഷ്ണു പ്രിയയുടെ കൂടി സ്വപ്നമായിരുന്നു. ചെറിയ പത്തിയൂരിലെ ഇനിയും പണി പൂർത്തിയായിട്ടില്ലാത്ത വീട്ടിലേക്ക് ബുധനാഴ്ച വൈകിട്ട് മൂന്ന് മണിയോടെയാണ് മൃതദേഹം എത്തിച്ചത്. നാല് മണിയോടെ ഇളയ സഹോദരൻ ശിവപ്രിയൻ ചിതക്ക് തീ കൊളുത്തി. അപ്പോഴും നിർവികാര മനസോടെയാണ് വിജയനും രാധികയും മകൾക്ക് യാത്രാമൊഴി ചൊല്ലിയത്.
വാൽസല്യത്തിൽ പൊതിഞ്ഞ തന്റെ ശകാരം എപ്പോഴത്തെയും പോലെ അവൾ ഉൾക്കൊള്ളുമെന്നാണ് രാധിക പ്രതീക്ഷിച്ചത്. ഇത്തരത്തിൽ കടും കൈ ചെയ്യുമെന്ന് കരുതിയിരുന്നെങ്കിൽ ഒരിക്കലും അവളെ വഴക്ക് പറയുമായിരുന്നില്ല. മൊബൈൽ ഫോണിൽ അവൾ സമയം ചെലവഴിക്കുന്നതിനെയാണ് ചോദിച്ചത്. ഇനി തങ്ങൾക്ക് ആരുണ്ടെന്ന ഇവരുടെ സങ്കട ചോദ്യത്തിനും ആർക്കും മറുപടി നൽകാനായില്ല.
ഭിന്നശേഷി ക്കാരായ വിജയനും രാധികക്കും മക്കളായ വിഷ്ണുപ്രിയയും ശിവപ്രിയനും നൽകിയ കരുതലും സ്നേഹവും അത്രക്ക് വലുതായിരുന്നു. വൈകല്യങ്ങളെ അതിജയിച്ച് ഇവർ ചുട്ടെടുക്കുന്ന ഉണ്ണിയപ്പം രണ്ട് മക്കളും കൂടിയാണ് വിറ്റഴിച്ചിരുന്നത്. തെരുവിൽ ഉണ്ണിയപ്പം വിൽക്കുന്ന സഹോദരങ്ങളുടെ വീഡിയോ നവമാധ്യമങ്ങളിൽ വൈറലായിരുന്നു. ഇവരുടെ കുഞ്ഞു സമ്പാദ്യത്തിലാണ് വീട് അല്ലലില്ലാതെ കഴിഞ്ഞിരുന്നത്. ഇതോടൊപ്പം സ്വന്തം വീട് എന്നത് സാക്ഷാത്കാരത്തിന്റെ ഘട്ടത്തിലേക്ക് കടന്നതും ഇവരുടെ സന്തോഷമായിരുന്നു. നിയമ പഠനമെന്ന സ്വപ്നവും സ്വന്തം വീട്ടിലെ താമസമെന്ന മോഹവും ബാക്കിയാക്കിയാണ് വിഷ്ണു പ്രിയ എന്നേക്കുമായി യാത്രയായിരിക്കുന്നത്. ഇതാണ് വീട്ടുകാർക്കൊപ്പം കൂട്ടുകാരെയും സങ്കടപ്പെടുത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.