വിഷ്ണുജിത്തിനെ ഊട്ടിയിൽ നിന്ന് കണ്ടെത്തി; ആറ് ദിവസങ്ങൾക്ക് ശേഷം
text_fieldsമലപ്പുറം/ഊട്ടി: വിവാഹത്തിന് മൂന്നു ദിവസം മുമ്പ് മങ്കട പള്ളിപ്പുറത്തു നിന്ന് കാണാതായ പ്രതിശ്രുത വരൻ കുറന്തല വീട്ടിൽ വിഷ്ണുജിത്തിനെ (30) കണ്ടെത്തി. ഊട്ടിയിൽ നിന്നാണ് മലപ്പുറം പൊലീസിന്‍റെ പ്രത്യേക അന്വേഷണ സംഘം യുവാവിനെ കണ്ടെത്തിയത്. ആറ് ദിവസം മുമ്പാണ് വിഷ്ണുജിത്തിനെ കാണാതായത്.
ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ രണ്ടു സംഘങ്ങളായി തിരിഞ്ഞാണ് യുവാവിനായി പൊലീസ് തിരച്ചിൽ നടത്തിയത്. വിഷ്ണുജിത്തിന്‍റെ സുഹൃത്ത് ശരത്തും അന്വേഷണ സംഘത്തോടൊപ്പം കോയമ്പത്തൂരിലേക്ക് പോയിരുന്നു. ഇതിനിടെ, കഴിഞ്ഞ നാലിന് വിഷ്ണുജിത്ത് പാലക്കാട് കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ നിന്ന് ബസ് കയറുന്നതിന്റെ സി.സി.ടി.വി ദൃശ്യം കുടുംബം സ്ഥിരീകരിക്കുകയും ചെയ്തു.
ഇന്ന് വിഷ്ണുജിത്തിന്‍റെ ഫോൺ ഓണാവുകയും സഹോദരി വിളിച്ചപ്പോൾ ബെല്ലടിക്കുകയും ചെയ്തു. ബെല്ലടിച്ച ഫോൺ ഒരാൾ എടുത്തെങ്കിലും ഒന്നും സംസാരിക്കാതെ ഉടൻ തന്നെ കട്ട് ചെയ്യുകയായിരുന്നു. ഇതേതുടർന്ന് തമിഴ്നാട്ടിലെ കൂനൂരിലാണ് ഫോൺ ഉള്ളതെന്ന് ടവർ ലൊക്കേഷൻ പരിശോധിച്ചപ്പോൾ പൊലീസിന് മനസിലായി. തുടർന്ന് നടത്തിയ പരിശോധനയിലാണ് വിഷ്ണുജിത്തിനെ കണ്ടെത്തിയത്.
വിവാഹത്തിന് മൂന്നു ദിവസം മുമ്പാണ് പ്രതിശ്രുത വരനും പാലക്കാട് ഐസ്ക്രീം കമ്പനി ജീവനക്കാരനുമായ കുറന്തല വീട്ടിൽ വിഷ്ണുജിത്തിനെ (30) കാണാതായത്. അഞ്ച് ദിവസമായി കാണാനില്ലെന്ന പരാതിയുമായി ബന്ധുക്കൾ പൊലീസിനെ സമീപിക്കുകയായിരുന്നു. തുടർന്ന് മലപ്പുറം പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് തിരച്ചിൽ തുടങ്ങി.
വിവാഹാവശ്യത്തിനുള്ള പണത്തിനായി പാലക്കാട്ടെ സുഹൃത്തിന്‍റെ അടുത്തേക്ക് സെപ്റ്റംബർ നാലിന് രാവിലെ ആറോടെ വിഷ്ണുജിത്ത് പോയത്. ബസിലായിരുന്നു യാത്ര. രാത്രി 8.10നാണ് അവസാനമായി വീട്ടുകാരുമായി ഫോണിൽ ബന്ധപ്പെട്ടത്. തുടർന്ന് ഫോൺ സ്വിച്ച് ഓഫ് ആയി.
ഞായറാഴ്ചയായിരുന്നു വിഷ്ണുജിത്തിന്‍റെ വിവാഹം നടക്കേണ്ടിയിരുന്നത്. ഒരു ലക്ഷത്തോളം രൂപ സുഹൃത്തിൽ നിന്ന് വാങ്ങി തിരികെ മടങ്ങുമെന്നാണ് വീട്ടുകാരെ ഫോണിൽ അറിയിച്ചത്. കഞ്ചിക്കോട് നിന്നാണ് വിഷ്ണുജിത്തിന്‍റെ ഫോൺ സ്വിച്ച് ഓഫ് ആയതെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.