സംസ്ഥാനത്ത് നടക്കുന്നത് കെ ഗുണ്ടായിസം; സിൽവർ ലൈനിനെതിരെ വിഷ്ണുനാഥിന്‍റെ അടിയന്തിര പ്രമേയം
text_fieldsസംസ്ഥാനത്ത് നടക്കുന്നത് കെ ഗുണ്ടായിസമാണെന്നും പൊലീസ് മഞ്ഞക്കുറ്റിക്ക് കാവലിരിക്കുകയാണെന്നും പി.സി വിഷ്ണുനാഥ് എം.എൽ.എ. കെ റെയിലിന്‍റെ സിൽവർലൈനിനെതിരെ നിയമസഭയിൽ അടിയന്തിര പ്രമേയം അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ വിഷയത്തിൽ ഒരു ചർച്ചയുമില്ലെന്ന് ആദ്യം പറഞ്ഞ മുഖ്യമന്ത്രി ഇപ്പോൾ നിയമസഭയിൽ ചർച്ചയാവാമെന്ന് പറഞ്ഞത് സമരം ചെയ്യുന്ന പാവപ്പെട്ടവരുടെയും സ്ത്രീകളുടെയും കുട്ടികളുടെയും വിജയമാണെന്നും അദ്ദേഹം പറഞ്ഞു.
പദ്ധതിയുടെ പേരിൽ പൊലീസ് സ്ത്രീകളെയും കുട്ടികളെയും ആക്രമിക്കുകയാണ്. അടുക്കളയില്‍ വരെ മഞ്ഞക്കല്ലുകള്‍ കുഴിച്ചിടുകയാണ്. കേരളം കണ്ടിട്ടില്ലാത്ത ഫാസിസമാണ് അരങ്ങേറുന്നത്. ഭരണപരാജയം മറച്ചുവയ്ക്കാനുള്ള പദ്ധതിയാണിത്. കുഞ്ഞുങ്ങളുടെ ഏറ്റവും വലിയ ഹീറോകൾ അവരുടെ മാതാപിതാക്കളാണ്. ആ കുഞ്ഞുങ്ങളുടെ മുന്നിൽ വെച്ച് മാതാപിതാക്കളെ മർദിക്കുന്ന പൊലീസ് സൃഷ്ടിക്കുന്ന സാമൂഹികാഘാതം നികത്താനാകാത്തതാണെന്നും അദ്ദേഹം പറഞ്ഞു.
ജനങ്ങൾക്ക് വേണ്ടിയാണ് അർധ അതിവേഗ പാതയെന്ന് സർക്കാർ പറയുന്നു. എന്നാൽ, ആരാണ് ഇത് ആവശ്യപ്പെട്ടിട്ടുള്ളതെന്നും ജനങ്ങൾ മുഴുവൻ പദ്ധതിക്ക് എതിരാണെന്നും അദ്ദേഹം പറഞ്ഞു. നെല്‍വയല്‍ നികത്തേണ്ടി വരുമെന്ന് ഡി.പി.ആറില്‍ തന്നെ പറയുന്നു. പ്രതിഷേധിക്കുന്നവര്‍ക്കെതിരേ സര്‍ക്കാരിന്റെ ഗുണ്ടായിസമാണ് നടക്കുന്നത്. ഗുണ്ടകള്‍ വിലസുമ്പോള്‍ പൊലീസ് മഞ്ഞക്കുറ്റിക്ക് കാവിരിക്കുകയാണ്. പദ്ധതിക്കുള്ള വിഭവങ്ങള്‍ എവിടെനിന്ന് കൊണ്ടുവരുമെന്ന് അറിയില്ല. പദ്ധതിയിലാകെ ദുരൂഹതയാണെന്നും വിഷ്ണുനാഥ് പറഞ്ഞു.
മുംബൈ–അഹമ്മദാബാദ് അതിവേഗ റെയിൽ പാത പദ്ധതിക്കെതിരെ സമരം ചെയ്യുന്ന സി.പി.എം ഇവിടെ പദ്ധതിയെ അനുകൂലിക്കുന്നത് ഇരട്ടത്താപ്പാണെന്ന് പി.സി.വിഷ്ണുനാഥ് ചൂണ്ടികാണിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.