വിസ്മയ, അര്‍ച്ചന മരണങ്ങൾ: സ്ത്രീധനപീഡനം ചുമത്താന്‍ വനിതാകമീഷന്‍ നിര്‍ദേശം
text_fieldsതിരുവനന്തപുരം: കൊല്ലം ശൂരനാട്, തിരുവനന്തപുരം വിഴിഞ്ഞം പൊലീസ് സ്റ്റേഷന് പരിധികളിൽപെട്ട യഥാക്രമം വിസ്മയ, അര്‍ച്ചന എന്നിവരുടെ മരണത്തില്‍ പൊലീസ് ചാര്‍ജ് ചെയ്ത കേസുകളില്‍ ശക്തമായ വകുപ്പുകള്‍ ചേര്‍ക്കാന്‍ കേരള വനിതാകമീഷന്‍ പൊലീസ് അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി.
സ്ത്രീധനപീഡനവുമായി ബന്ധപ്പെട്ട വകുപ്പുകള്‍ കൂട്ടിച്ചേര്‍ക്കാനാണ് നിര്‍ദേശം നല്‍കിയത്. വിവാഹം പക്വമായി എന്ന് നിയമപരമായി വിലയിരുത്തപ്പെടുന്ന ഏഴ് വര്‍ഷ കാലാവധി പൂര്‍ത്തിയാകാത്തതിനാലും നിരവധിതവണ ഇതുമായി ബന്ധപ്പെട്ട് പരാതികള്‍ ഉണ്ടായതായി കുടുംബാംഗങ്ങള്‍ ആരോപിക്കുന്ന പശ്ചാത്തലത്തിലും കേസുകൾ ഗൗരവതരമായി കാണണമെന്ന് നിർദേശിച്ചിട്ടുണ്ട്.
സ്ത്രീധന നിരോധന നിയമം (ഭേദഗതി), സെക്ഷന്‍ മൂന്നും ആറും വകുപ്പുകള്‍, ഐ.പി.സി 406 എന്നിവ ചേര്‍ത്ത് അന്വേഷണം നടത്താനാണ് നിര്‍ദേശിച്ചിട്ടുള്ളത്. വനിതാ കമീഷന്‍ അധ്യക്ഷ എം.സി. ജോസഫൈന്‍, അംഗങ്ങളായ അഡ്വ.എം.എസ്. താര, അഡ്വ. ഷിജി ശിവജി എന്നിവര്‍ മരിച്ചവരുടെ വീടുകള്‍ സന്ദര്‍ശിച്ച് തെളിവെടുത്തതിെൻറയും പൊലീസ് റിപ്പോര്‍ട്ടിെൻറയും അടിസ്ഥാനത്തിലാണ് നിര്‍ദേശം നല്‍കിയത്.
ശൂരനാട് സംഭവത്തില്‍ പ്രതിയായ കിരണിെൻറ ബാങ്ക് അക്കൗണ്ട് മരവിപ്പിക്കാന്‍ വനിതാ കമീഷൻ കഴിഞ്ഞദിവസം ശാസ്താംകോട്ട ഡിവൈ.എസ്.പിക്ക് നിര്‍ദേശം നല്‍കിയിരുന്നു. ആലപ്പുഴ വള്ളിക്കുന്നത്ത് മരിച്ച സുചിത്രയുടെ വീട്ടിലും വനിതാ കമീഷന്‍ തെളിവെടുത്തു. മരണം സംബന്ധിച്ച് ചില സംശയങ്ങളുണ്ടെന്ന് സുചിത്രയുടെ വീട്ടുകാര്‍ കമീഷനെ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.