നാടിന്റെ നോവായവൾക്ക് നീതി
text_fieldsഭീമമായ സ്ത്രീധനം നൽകിയാണ് വിവാഹം നടത്തിയതെന്നും കൂടുതൽ സ്ത്രീധനത്തിനായി വിസ്മയയെ ക്രൂരമായി മർദിച്ചിരുന്നെന്നും ഉൾപ്പെടെ വിവരങ്ങൾ പുറത്തുവന്നതോടെ പ്രമാദമായ കേസുകളിൽ ഒന്നായി 23കാരിയുടെ മരണം മാറി
കൊല്ലം: 'യുവതി ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ, സ്ത്രീധന പീഡനമെന്ന് ബന്ധുക്കൾ' എന്ന തലക്കെട്ടായി ഒരു പ്രഭാതത്തിൽ നാടിന്റെ നെഞ്ചിൽ നോവ് നിറച്ചാണ് വിസ്മയ എന്ന ആയുർവേദ മെഡിക്കൽ വിദ്യാർഥിനി കടന്നുപോയത്. ഭർത്താവ് കിരൺകുമാർ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറാണെന്നും ഭീമമായ സ്ത്രീധനം നൽകിയാണ് വിവാഹം നടത്തിയതെന്നും കൂടുതൽ സ്ത്രീധനത്തിനായി വിസ്മയയെ ക്രൂരമായി മർദിച്ചിരുന്നെന്നും ഉൾപ്പെടെ വിവരങ്ങൾ പുറത്തുവന്നതോടെ സംസ്ഥാനത്ത് കോളിളക്കം സൃഷ്ടിച്ച കേസുകളിൽ ഒന്നായി ആ 23കാരിയുടെ മരണം മാറി. അതോടെ മാധ്യമങ്ങളിലും പൊതുയിടങ്ങളിലും ദിവസങ്ങളോളം വിസ്മയ നിറഞ്ഞുനിന്നു. ഗവർണർ ഉൾപ്പെടെ വീട് സന്ദർശിച്ച് നീതിക്കായി കൂടെനിൽക്കുമെന്ന് മാതാപിതാക്കൾക്ക് ഉറപ്പുനൽകി.
കുളിമുറിയുടെ ജനലഴിയിൽ തൂങ്ങിയനിലയിൽ കാൽ നിലത്ത് മുട്ടി വിസ്മയയെ കണ്ടെത്തി എന്നായിരുന്നു കിരണിന്റെ മൊഴി. മകളെ കൊന്നതാണെന്ന് വിസ്മയയുടെ കുടുംബം ആരോപിച്ചതോടെ ആ വഴിക്കും അന്വേഷണം നടന്നു.
സംഭവസ്ഥലത്ത് ഡമ്മി പരിശോധന ഉൾപ്പെടെ നടത്തി. ശാസ്ത്രീയ പരിശോധനയിൽ കൊലപാതക സാധ്യത തെളിയിക്കാൻ പൊലീസിന് കഴിഞ്ഞില്ല. തുടർന്ന് സ്ത്രീധന പീഡനവും സ്ത്രീധന മരണവും ആത്മഹത്യപ്രേരണയും തെളിയിക്കാനുള്ള തെളിവിന് പിറകെയായി അന്വേഷണം. മതിയായ തെളിവുകൾ ശേഖരിച്ച് 80 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിച്ച പൊലീസ് പാളിച്ചയൊന്നും വരുത്താതെയാണ് കേസ് കൈകാര്യം ചെയ്തത്. ഉത്ര കേസ് വാദിച്ച് പ്രതിക്ക് ഇരട്ട ജീവപര്യന്തം വാങ്ങിനൽകിയ ജി. മോഹൻരാജ് സ്പെഷൽ പ്രോസിക്യൂട്ടറായി എത്തിയതോടെ പൊലീസിനും, കുടുംബത്തിനും ആത്മവിശ്വാസം ഏറി.
ഡിജിറ്റൽ തെളിവുകളുടെ വൻ കൂമ്പാരത്തിൽനിന്ന് തങ്ങൾക്കാവശ്യമായത് കണ്ടെത്താൻ വലിയ അധ്വാനമാണ് പ്രോസിക്യൂഷനും അന്വേഷണ സംഘവും നടത്തിയത്.
അഞ്ചു ലക്ഷത്തോളം ഡിജിറ്റൽ തെളിവുകളാണ് പരിശോധിച്ചത്. അതിൽനിന്ന് ചാറ്റുകളും കാൾ റെക്കോഡുകളും ഉൾപ്പെടെ 20,000ത്തിലേക്ക് എത്തിച്ചു. അവയിൽ തെരഞ്ഞെടുത്തവ അതേപടി പകർത്തി കടലാസിലാക്കുകയെന്നത് ഏറെ ശ്രമകരമായിരുന്നു.
വാക്കുകൾ പകർത്തുമ്പോൾ വൈകാരികതയും ഭാഷാപ്രയോഗവും അതേപടി നിലനിർത്താൻ അതിസൂക്ഷ്മതയാണ് സംഘം പുലർത്തിയത്. പ്രതിഭാഗത്തിന്റെ വാദങ്ങൾ ഖണ്ഡിക്കാനുള്ള ഓരോ തെളിവും യഥാസമയം കോടതിയുടെ ശ്രദ്ധയിൽ കൊണ്ടുവരാൻ പ്രോസിക്യൂഷൻ കാട്ടിയ ജാഗ്രതയാണ് വിസ്മയക്ക് നീതി കിട്ടുന്നതിലേക്ക് നയിച്ചത്.
'ഇനി സ്ത്രീധനം കൊടുത്ത് മക്കളെ കല്യാണം കഴിപ്പിക്കരുത്'
''വിസ്മയക്ക് നീതി ലഭിച്ചു. കിരൺകുമാർ ശിക്ഷിക്കപ്പെടുമെന്ന് പ്രതീക്ഷിച്ചിരുന്നു. സമൂഹത്തിന് കൂടിയുള്ള വിധിയാണ്''
കൊല്ലം: മകളെ വലിയ സ്ത്രീധനം നൽകി വിവാഹം ചെയ്തയച്ച, പീഡനം ഏറ്റുവാങ്ങുന്നയിടത്തുനിന്ന് അവളെ തിരിച്ചുകൊണ്ടുവരാത്ത വലിയ കുറ്റം ചെയ്തവനാണ് താനെന്ന് ത്രിവിക്രമൻ നായരുടെ 'മനഃസാക്ഷി കോടതി' എന്നേ വിധി പറഞ്ഞിരുന്നു. ആ കുറ്റങ്ങൾക്ക് ഏതു ശിക്ഷയും ഏറ്റുവാങ്ങാൻ തയാറെന്ന് പറയുന്ന ആ പിതാവ് ഒന്നു ചിരിക്കാൻപോലും കഴിയാതെയാണ് കഴിഞ്ഞ 11 മാസം തള്ളിനീക്കിയത്.
എന്നാൽ, തുളുമ്പാൻ വെമ്പിനിന്ന നിറകണ്ണുകൾ വരെ ഇന്നലെ ചിരിച്ചു...മകളെ മരണത്തിലേക്ക് തള്ളിവിട്ടയാൾക്ക് കാരാഗൃഹവഴി തുറന്ന് നീതി പുലർന്നതിന്റെ ആശ്വാസത്തിൽ. രാവിലെ 10.40ഓടെ കോടതിയിലെത്തിയ ത്രിവിക്രമൻ നായർ വിധികേട്ട് നിറകണ്ണുകളോടെയാണ് തിരികെയിറങ്ങിയത്. ചോദ്യങ്ങൾക്കെല്ലാം മറുപടി നൽകി മനസ്സ് നിറഞ്ഞ ചിരിയുമായി പബ്ലിക് പ്രോസിക്യൂട്ടർ ജി. മോഹൻരാജിനെ ചേർത്തുപിടിച്ച് നന്ദി അറിയിക്കുകയും ചെയ്തു. ''വിസ്മയക്ക് നീതി ലഭിച്ചു.
കിരൺകുമാർ ശിക്ഷിക്കപ്പെടുമെന്ന് പ്രതീക്ഷിച്ചിരുന്നു. സമൂഹത്തിന് കൂടിയുള്ള വിധിയാണ്. എനിക്കുണ്ടായ ദുരന്തം മറ്റാര്‍ക്കും ഉണ്ടാകരുത്. ഇനി സ്ത്രീധനം കൊടുത്ത് മക്കളെ കല്യാണം കഴിപ്പിക്കരുത്.
അവര്‍ക്ക് ആദ്യം വിദ്യാഭ്യാസവും ജോലിയും നൽകുക. കല്യാണം രണ്ടാമതാണ്. സര്‍ക്കാര്‍ മികച്ച അന്വേഷണ ഉദ്യോഗസ്ഥരെതന്നെ നിയോഗിച്ചു. മികച്ച പ്രോസിക്യൂട്ടറെ തന്നു.
എല്ലാവരുംകൂടെനിന്നു. സന്തോഷമുണ്ട്. പറയാൻ വാക്കുകളില്ല. സര്‍ക്കാറിനും പ്രോസിക്യൂട്ടര്‍ക്കും അന്വേഷണ ഉദ്യോഗസ്ഥര്‍ക്കും, എല്ലാവര്ക്കും നന്ദി''- അദ്ദേഹം പറഞ്ഞു.
നന്ദിയർപ്പിച്ച് മാതാവ് സജിത
കടയ്ക്കൽ: 'എല്ലാവരോടും നന്ദി' ടെലിവിഷനിലൂടെ വിധി വിവരങ്ങൾ കേട്ട് കണ്ണുകൾ നിറഞ്ഞൊഴുകിയ സംതൃപ്തി വാക്കുകളിൽ നിറച്ച് വിസ്മയയുടെ മാതാവ് സജിത പ്രതികരിച്ചു.
വിധികേൾക്കാൻ കോടതിയിൽ പോകാതെ നിലമേൽ കൈതോട്ടുള്ള വീട്ടിലിരുന്ന് ടി.വിയിലൂടെ കിരൺകുമാർ കുറ്റക്കാരനെന്ന് വിധിച്ചതറിഞ്ഞ് മാതാവിന്റെ മുഖത്ത് ആശ്വാസം പ്രകടമായി.
''സ്പെഷൽ പ്രോസിക്യൂട്ടർ ജി. മോഹൻരാജ്, കേസ് അന്വേഷിച്ച ഡിവൈ.എസ്.പി, മാധ്യമപ്രവർത്തകരോടെല്ലാം നന്ദി പറയുന്നു. ഇനിയൊരു മക്കൾക്കും ഇങ്ങനെ വരരുതേ എന്നാണ് പ്രാർഥന. എന്റെ മോൾക്ക് സംഭവിച്ചപോലെ വേറൊരാൾക്കും ഇങ്ങനെ ഒരു അവസ്ഥ വരരുത്''- വിസ്മയയുടെ മാതാവ് പറഞ്ഞു. രാവിലെ മുതൽ ബന്ധുക്കളടക്കമുള്ളവർ കൈതോട്ടെ വീട്ടിലെത്തിയിരുന്നു. കിരൺകുമാറിന് പരമാവധി ശിക്ഷതന്നെ കോടതി വിധിക്കുമെന്നാണ് വിസ്മയയുടെ വീട്ടുകാരുടെയും ബന്ധുക്കളുടെയും പ്രതീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.