വിസ്മയയും മകനും തമ്മിൽ തർക്കമുണ്ടായി, സ്വന്തം മകളെക്കാളും സ്നേഹിച്ചിരുന്നെന്ന് കിരണിന്‍റെ മാതാപിതാക്കൾ
text_fieldsശാസ്താംകോട്ട: വിസ്മയയുടെ മരണവുമായി ബന്ധപ്പെട്ട് പ്രതികരണവുമായി പ്രതിയും മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥനുമായ കിരണിന്‍റെ മാതാപിതാക്കൾ. ആത്മഹത്യ ചെയ്ത ദിവസം വിസ്മയയും കിരണും തമ്മിൽ തർക്കമുണ്ടായെന്ന് മാതാപിതാക്കൾ മീഡിയവണിനോട് പറഞ്ഞു.
തിങ്കളാഴ്ച പുലർച്ചെ രണ്ടരക്ക് ശുചിമുറിയിൽ പോകാനായി എഴുന്നേറ്റപ്പോൾ കിരണിന്‍റെയും വിസ്മയയുടെയും മുറിയിൽ നിന്ന് സംസാരം കേട്ടു. താനും ഭാര്യയും കൂടി മുറിയിലെത്തി കാര്യം അന്വേഷിച്ചപ്പോൾ കരഞ്ഞു കൊണ്ട് വീട്ടിൽ പോകണമെന്ന് വിസ്മയ ആവശ്യപ്പെട്ടു. മൊബൈൽ ഫോൺ എടുത്തുവെച്ചെന്നും വിസ്മയ പരാതി പറഞ്ഞു.
വീട്ടിൽ പോകാൻ വാഹനമില്ലെന്നും നേരം വെളുത്ത ശേഷം പോകാമെന്ന് പെൺകുട്ടിയോട് പറഞ്ഞു. ശേഷം മുറിയിലേക്ക് മടങ്ങി. മൂന്നരയോടെ കിരൺ ബാത്ത്റൂമിന്‍റെ വാതിലിൽ തട്ടി വിളിക്കുന്നത് കേട്ടു. മുറിയിൽ ചെന്ന് നോക്കുമ്പോൾ വിസ്മയയെ നിലത്ത് കിടത്തി പ്രാഥമിക ശ്രുശൂഷ നൽകുകയായിരുന്നു കിരൺ. വിസ്മയക്ക് ബോധമില്ലായിരുന്നു. ഉടൻതന്നെ വാഹനം വിളിച്ച് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ആശുപത്രിയിലെത്തി അഞ്ച് മിനിറ്റിന് ശേഷമാണ് ഡോക്ടർമാർ മരണം സ്ഥിരീകരിച്ചതെന്നും കിരണിന്‍റെ പിതാവ് പറഞ്ഞു.
സ്വന്തം മകളെക്കാളും വിസ്മയയെ സ്നേഹിച്ചിരുന്നതായി കിരണിന്‍റെ മാതാവ് മീഡിയവണിനോട് പറഞ്ഞു. ഒരു മാസം മുമ്പ് വീട്ടിൽ പോകണമെന്ന് വിസ്മയ പറഞ്ഞിരുന്നു. വീട്ടുകാരെ കാണാത്തത് കൊണ്ടാവാം അങ്ങനെ പറഞ്ഞതെന്നും മാതാവ് വ്യക്തമാക്കി.
തിങ്കളാഴ്ച പുലർച്ച മൂന്നോടെയാണ് സി.പി.ഐ കൈതോട് ബ്രാഞ്ച് സെക്രട്ടറി ത്രിവിക്രമന്‍നായരുടെയും സരിതയുടെയും മകൾ വിസ്മയയെ (24) ശാസ്താംകോട്ട പോരുവഴിയില്‍ ഭര്‍തൃഗൃഹത്തിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ഭർത്താവും മോട്ടോർ വാഹനവകുപ്പ് എ.എം.വി.ഐയുമായ കിരണിനെ അറസ്റ്റ് ചെയ്തു.
കൈ ഞരമ്പുകൾ മുറിച്ച നിലയിലായിരുന്നു. വീടിന്റെ മുകള്‍നിലയിലെ ശുചിമുറിയില്‍ തൂങ്ങിനിന്ന വിസ്മയയെ ഭർതൃവീട്ടുകാർ ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. കഴിഞ്ഞവർഷം മേയിലായിരുന്നു വിവാഹം. സ്ത്രീധനവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ ഉയരുകയും സമുദായസംഘടനകൾ സഹിതം ഇടപെട്ടിട്ടും പരിഹാരമാകാതെ ഇവർ പിണങ്ങി താമസിക്കുകയുമായിരുന്നു. ബി.എ.എം.എസിന് പഠിക്കുകയായിരുന്ന വിസ്മയ അവസാനവര്‍ഷ പരീക്ഷ കഴിഞ്ഞതോടെ ഒരുമിച്ച് താമസിക്കാന്‍ സ്വയം താല്പര്യമെടുത്ത് കിരണിനൊപ്പം പോകുകയായിരുന്നു.
എന്നാല്‍, പൊരുത്തക്കേടുകള്‍ വീണ്ടും തുടങ്ങി. സംഭവദിവസവും കിരൺ വിസ്മയയെ മർദിച്ചതായി പറയപ്പെടുന്നു. ഭർതൃഗൃഹത്തിൽെവച്ച് മർദനമേറ്റെന്ന് കാട്ടി കഴിഞ്ഞദിവസം ബന്ധുക്കൾക്ക് വാട്സ്ആപ് സന്ദേശം അയച്ചിരുന്നു. മർദനത്തിൽ പരിക്കേറ്റ ദൃശ്യങ്ങളും കൈമാറിയിരുന്നു. ഫോട്ടോകളും സന്ദേശങ്ങളും സഹോദരൻ വിജിത്തിന് അയച്ചുകൊടുക്കുകയും ചെയ്തിരുന്നു. തൊട്ടുപിറകെയാണ് മരണം സംഭവിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.