കിരണിനെ കുടുക്കിയത് സ്വന്തം വാക്കുകൾ
text_fieldsകൊല്ലം: ''പ്രതിക്ക് വേണമെങ്കിൽ നിശ്ശബ്ദത പാലിക്കാം. ഇനി എന്തെങ്കിലും പറയുകയാണെങ്കിൽ, അത് കള്ളമാണെങ്കിൽ അത് അയാൾക്ക് എതിരെ തന്നെ ഉപയോഗിക്കാം'' -സുപ്രീംകോടതിയുടെ ഈ വിധി അക്ഷരാർഥത്തിൽ പ്രയോഗിച്ചാണ് പ്രോസിക്യൂഷൻ കിരൺ കുമാറിന് ജയിൽ ഉറപ്പാക്കിയത്. എന്നുെവച്ചാൽ, കിരണിന് ജയിലിലേക്ക് വഴി തുറന്നത് സ്വന്തം വായിൽനിന്ന് വന്ന വാക്കുകളെന്ന് സാരം.
304 (ബി) പ്രകാരം സ്ത്രീധനപീഡന മരണം എന്നത് തെളിയിക്കാൻ അതി ദുഷ്കരമായ വകുപ്പാണ്. മുമ്പ് സ്ത്രീധനത്തിന്റെ പേരിൽ പീഡിപ്പിച്ച വ്യക്തിക്കൊപ്പം താമസിക്കവേ മരണമുണ്ടായാൽ അതിന് തൊട്ടുമുമ്പ് സ്ത്രീധന പീഡനമുണ്ടായി എന്നും അത് മരണത്തിന് കാരണമായി എന്നും വേണം തെളിയിക്കാൻ. ഇതാണ് വിസ്മയ കേസിലും പ്രോസിക്യൂഷൻ നേരിട്ട ഏറ്റവും വലിയ വെല്ലുവിളി. പൊലീസ് കണ്ടെത്തിയ തെളിവുകൾക്കൊപ്പം ആ വെല്ലുവിളികൾ മറികടക്കാൻ സഹായകമായത് കോടതിയിൽ കിരൺ നൽകിയ വിശദീകരണങ്ങൾ കളവാണെന്ന് തെളിയിക്കാനായതാണ്.
താനും വിസ്മയയും സന്തോഷത്തോടെയാണ് ഇരുന്നതെന്നും രാത്രിയിൽ എട്ടര കഴിഞ്ഞപ്പോൾ വിസ്മയക്ക് ആർത്തവം ഉണ്ടായെന്നും തുടർന്ന് കുട്ടികൾ ഉണ്ടാവില്ലെന്ന വിഷമത്തിന് കാരണമായെന്നുമാണ് കിരൺ പറഞ്ഞത്. വിസ്മയയുടെ പിതാവ് ശാപവാക്കുകൾ ഇൻസ്റ്റഗ്രാമിൽ സന്ദേശമായി അയച്ചെന്നും ഇതിൽ ദുഃഖിതയായി ബഹളം െവച്ചാണ് ആത്മഹത്യ ചെയ്തതെന്നും പറഞ്ഞു. തൂങ്ങിയ നിലയിൽ കണ്ടെത്തിയ വിസ്മയയെ പൊലീസുകാർക്കൊപ്പമാണ് ആശുപത്രിയിൽ എത്തിച്ചതെന്നും ഡ്യൂട്ടി ഡോക്ടറോട് തങ്ങൾ തമ്മിൽ വഴക്കുണ്ടായി എന്ന് പറഞ്ഞതായുള്ള വിവരം തെറ്റാണെന്നും ഡോക്ടറോട് സംസാരിച്ചിട്ടില്ലെന്നും കിരൺ പറഞ്ഞിരുന്നു.
സംഭവദിവസം എട്ടരക്ക് ഞാൻ ഫോൺ തരാത്തത് കൊണ്ടാണോ? (ദേഷ്യം/പിണക്കം) എന്ന് കിരണിന് വിസ്മയ വാട്സ്ആപ്പിൽ സന്ദേശമയച്ചിരുന്നു. എന്നാൽ, ഇത് വിസ്മയയുടെ ഫോൺ സിനിമ കാണാൻ താൻ ചോദിച്ചെന്നും തുടർന്ന് കിടന്നുറങ്ങിയപ്പോൾ പിണങ്ങിക്കിടക്കുകയാണെന്ന് കരുതി വിസ്മയ അയച്ചതാണെന്നും ഇതിന് അല്ല എന്ന മറുപടി നൽകിയെന്നും അതോടുകൂടി അത് തീർന്നെന്നുമായിരുന്നു വിശദീകരണം. എന്നാൽ, ഈ മെസേജിന് ശേഷം രണ്ട് തവണ വിസ്മയ കിരണിനെ വാട്സ്ആപ് കോളിൽ വിളിച്ചത് മിസ്ഡ് കോളായി കിടന്നത് സൈബർ ഫോറൻസിക് പരിശോധനയിൽ തെളിഞ്ഞു. ഇത് ഹാജരാക്കിയതോടെ പ്രശ്നം പരിഹരിച്ചു എന്ന വാദം കളവാണെന്നും അവർ തമ്മിൽ ഫോണിന്റെ പേരിൽ വഴക്കുണ്ടായെന്നും പ്രോസിക്യൂഷൻ വാദിച്ചുതെളിയിച്ചു.
ഒരു പെൺകുട്ടിക്ക് ആർത്തവം ഉണ്ടായാൽ ആദ്യം തന്നെ സാനിറ്ററി പാഡ് ധരിക്കും, എന്നാൽ ഇൻക്വസ്റ്റിൽ സാനിറ്ററി പാഡ് കണ്ടെത്തിയിട്ടില്ലെന്നും കൂടാതെ ആർത്തവ രക്തം ശരീരത്തിൽ കണ്ടെത്തിയില്ല എന്ന ശാസ്ത്രീയ ഫലവും ആർത്തവക്കഥ പൊളിച്ചു. പിതാവിന്റെ ശാപവാക്കുകൾ ആയിരുന്നു മരണകാരണമെങ്കിൽ അതിന് ശേഷം പ്രതിയും വീട്ടുകാരും അദ്ദേഹത്തെ കുറ്റപ്പെടുത്തില്ലേ, പുറത്ത് പറയില്ലേ എന്ന ചോദ്യത്തിനും പ്രതിഭാഗത്തിന് മറുപടിയുണ്ടായില്ല. വിസ്മയയുടെ ഫോണിൽ ഇൻസ്റ്റഗ്രാം ആപ് കണ്ടെത്തിയില്ല എന്നതും പ്രതിഭാഗത്തിനെ മൗനമാക്കി.
ആശുപത്രിയിൽ പൊലീസുകാർ ഉണ്ടായിരുന്നു, ഡോക്ടറോട് സംസാരിച്ചില്ല എന്നീ വാദങ്ങൾ സി.സി.ടി.വി ദൃശ്യങ്ങൾ കൊണ്ടാണ് കളവ് എന്ന് തെളിയിച്ചത്. താൻ എന്തെങ്കിലും ചെയ്യും എന്ന വിസ്മയയുടെ റെക്കോഡ് ചെയ്ത വാക്കുകൾ മരണത്തിലേക്ക് നയിച്ച സാഹചര്യം എന്ന നിലയിൽ മരണമൊഴിയായി അംഗീകരിപ്പിക്കാനും പ്രോസിക്യൂഷന് കഴിഞ്ഞു.
കിരണിന്റെ മൊബൈലിലെ കോൾ റെക്കോഡുകൾ തന്നെയാണ് അയാൾക്ക് എതിരായി വന്നത്. വിസ്മയയെ ആശുപത്രിയിൽ കൊണ്ടുപോയ തിരക്കിൽ ഫോൺ എടുക്കാൻ കിരൺ മറക്കുകയും പൊലീസ് മുറി പൂട്ടി ഫോൺ കണ്ടെടുക്കുകയും ചെയ്തതുകൊണ്ടാണ് ഇവയെല്ലാം തെളിവായി കിട്ടിയത്. റെക്കോഡർ ആപ്പിൽ ഉള്ള സന്ദേശങ്ങൾ യഥാർഥമാണെന്ന് തെളിയിക്കാൻ അതേ സമയങ്ങളിൽ ആ കോളുകൾ പോയിട്ടുണ്ട് എന്ന് കാണിക്കുന്ന കോൾ ലിസ്റ്റ് രേഖയും സഹായിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.