വിസ്മയ കൊലപാതകം; സഹോദരി ജിത്തുവിനെ വീട്ടിൽ എത്തിച്ച് തെളിവെടുത്തു
text_fieldsപറവൂർ: പെരുവാരത്ത് വിസ്മയയെ (ഷിഞ്ചു -25) കുത്തിയും തീവെച്ചും കൊലപ്പെടുത്തിയ കേസിൽ സഹോദരി ജിത്തുവിനെ (22) പൊലീസ് വീട്ടിൽ എത്തിച്ച് തെളിവെടുത്തു. കുത്തിക്കൊലപ്പെടുത്താൻ ഉപയോഗിച്ച കത്തിയും സംഭവസമയത്ത് ധരിച്ചിരുന്ന വസ്ത്രങ്ങളും വീട്ടിൽനിന്ന് കണ്ടെടുത്തു. പുതിയ വസ്ത്രങ്ങൾ ധരിച്ച് വീടിെൻറ പിറകിലൂടെയാണ് ജിത്തു സംഭവശേഷം സ്ഥലംവിട്ടത്.
വെള്ളിയാഴ്ച രാവിലെ പത്തരയോടെ തെളിവെടുപ്പിന് വീട്ടിൽ എത്തിച്ചപ്പോൾ ഒരുകൂസലും കൂടാതെയാണ് ജിത്തു പെരുമാറിയത്. കുറ്റകൃത്യം സമ്മതിച്ച ജിത്തു, മാതാപിതാക്കൾ തന്നോട് വിവേചനപരമായാണ് പെരുമാറിയിരുന്നതെന്ന് പൊലീസിനോട് പറഞ്ഞു. വിസ്മയയോടായിരുന്നു അവർക്ക് സ്നേഹവും കൂടുതൽ അടുപ്പവും. ഇത് മാനസിക പിരിമുറുക്കത്തിന് കാരണമായി. മാതാപിതാക്കളുടെ പെരുമാറ്റത്തിൽ മനംനൊന്ത് വീട് വിട്ടിറങ്ങിപ്പോയി. എളമക്കരയിൽ പൊലീസ് പിടികൂടിയപ്പോൾ വീട്ടിലേക്ക് തിരിച്ചുപോകാൻ താൽപര്യമില്ലെന്ന് പറഞ്ഞു. അവർ കാക്കനാട്ടെ സഖി അഭയകേന്ദ്രത്തിൽ എത്തിച്ചു.
എന്നാൽ, മകളെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് അമ്മ നൽകിയ ഹരജിയിൽ അമ്മയോടൊപ്പം പോകാൻ കോടതി നിർദേശിച്ചതനുസരിച്ച് തിരിച്ച് വീട്ടിലെത്തി. അതോടെ വീട്ടുകാർ കൂടുതൽ പകയോടെ പീഡിപ്പിക്കുകയായിരുന്നു. കൈകൾ ബന്ധിച്ച് മുറിയിൽ പൂട്ടിയിട്ടു. മാനസികാസ്വാസ്ഥ്യത്തിന് ചികിത്സ തേടുകയും മരുന്ന് കഴിച്ചുകൊണ്ടിരിക്കുകയുമാണ്. ഡിസംബർ 28ന് മാതാപിതാക്കൾ ആലുവക്ക് പോയപ്പോൾ വിസ്മയയെ സ്വാധീനിച്ച് കൈയിലെ കെട്ടഴിപ്പിച്ചു. തുടർന്നുണ്ടായ വാക്തർക്കത്തിനിടെയാണ് കത്തിയെടുത്ത് കുത്തിയത്. മരണം ഉറപ്പാക്കുംമുമ്പ് ദേഹത്ത് മണ്ണെണ്ണ ഒഴിച്ചതിനുശേഷം വടിയിൽ തുണി ചുറ്റി പന്തമുണ്ടാക്കി കത്തിച്ച് എറിയുകയായിരുന്നെന്നും ഇവർ മൊഴി നൽകി.
തെരുവോരം മുരുകെൻറ കാക്കനാട്ടെ അനാഥാലയത്തിൽനിന്ന് വ്യാഴാഴ്ച വൈകീട്ടാണ് ജിത്തുവിനെ കസ്റ്റഡിയിലെടുത്തത്. അവിടെ മറ്റൊരു പേരിൽ ലക്ഷദ്വീപുകാരിയാണെന്ന വ്യാജേന കഴിയുകയായിരുന്നു. ചോദ്യം ചെയ്യലിൽ ജിത്തു കുറ്റം സമ്മതിക്കുകയായിരുന്നു. തെളിവെടുപ്പിനുശേഷം വൈകീട്ട് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.