അന്ധതയെ തോൽപിച്ച പ്രഞ്ജൽ പാട്ടീൽ ഇനി തിരുവനന്തപുരം സബ് കലക്ടർ
text_fieldsതിരുവനന്തപുരം: അന്ധതക്ക് തോൽപിക്കാനാകാത്ത ഉൾക്കരുത്തുമായി രാജ്യത്തിന് അഭിമാനമായ പ്രഞ്ജൽ പാട്ടീൽ ഇനി അനന്തപുരിയുടെ കർമപഥത്തിൽ. കാഴ്ചശേഷി പൂർണമായും ഇല്ലാതിരുന്നിട്ടും അർപ്പണ ബോധവും കഠിനാധ്വാനവുംകൊണ്ട് ഐ.എ.എസ് നേടിയ ഈ മഹാരാഷ്ട്ര ഉല്ലാസ് നഗർ സ്വദേശിനി തിരുവനന്തപുരം സബ് കലക്ടറായാണ് തലസ്ഥാനത്തേക്ക് എത്തുന്നത്. കേരള കേഡറില്‍ സബ് കലക്ടറായി നിയമിക്കപ്പെടുന്ന ആദ്യത്തെ കാഴ്ചയില്ലാത്ത ഐ.എ.എസ് ഉദ്യോഗസ്ഥയുമാണ് പ്രഞ്ജൽ.
ആറു വയസ്സുള്ളപ്പോഴാണ് ചികിത്സകൾക്കും ശസ്ത്രക്രിയക്കുമൊന്നും തിരിച്ചുനൽകാനാവാത്ത വിധം ഒരു കണ്ണിലെ പ്രകാശം പ്രഞ്ജലിന് നഷ്ടമായത്. അധികം വൈകാതെ സുഹൃത്തിനു സംഭവിച്ച ഒരു കൈയബദ്ധം അടുത്ത കണ്ണിെൻറ കാഴ്ചയും കവർന്നെടുത്തു. തുടക്കത്തിൽ തളർന്നുപോയ പ്രഞ്ജൽ പക്ഷേ, വിധിയെ പഴിച്ചിരിക്കാൻ ഒരുക്കമല്ലായിരുന്നു. ബ്ലൈൻഡ് സ്കൂളിൽ ചേർന്ന് ബ്രെയിലി ലിപി പഠിച്ചു. അമ്മ ജ്യോതിയും അച്ഛൻ എൽ.ബി പാട്ടീലുമായിരുന്നു ഗുരുവും സുഹൃത്തും വഴികാട്ടിയുമെല്ലാം.
ആദ്യനാളുകൾ കഠിനമായ പരീക്ഷണത്തിെൻറതായിരുന്നു. സാധാരണ കുട്ടികൾ പഠിക്കുന്നതിനെക്കാൾ ഏറെയിരട്ടി സമയവും അധ്വാനവും ചെലവഴിക്കേണ്ടിവന്നു. രാത്രി ഏറെ വൈകിയും അമ്മ വായിച്ച് കൊടുക്കുന്നത് സ്വന്തം ഭാഷയിലേക്ക് പകർത്തിയെഴുതി. കഠിനപ്രയത്നം വെറുതെയായില്ല. പ്ലസ് ടു പരീക്ഷയിൽ 85 ശതമാനം മാർക്കോടെ മുംബൈ സെൻറ് സേവ്യേഴ്സ് കോളജിൽ പൊളിറ്റിക്കൽ സയൻസിനു ചേർന്നു. തുടർന്ന്, ജെ.എൻ.യുവിൽ ബിരുദാനന്തര ബിരുദം, പിഎച്ച്.ഡി, എം.ഫിൽ എന്നീ ഉന്നത ബിരുദങ്ങളും.
പഠിക്കുന്ന കാലത്തെപ്പോഴോ കൂട്ടുകാരിയിൽനിന്നുകേട്ട വാക്കുകളാണ് സിവിൽ സർവിസ് എന്ന സ്വപ്നത്തിെൻറ വിത്ത് പ്രഞ്ജലിെൻറ ഹൃദയത്തിൽ പാകിയത്. കഠിനാധ്വാനം കൈമുതലാക്കി 2016ൽ ആദ്യതവണ സിവിൽ സർവിസ് എഴുതി. 773ാമത് റാങ്ക് നേടി ഇന്ത്യൻ റെയിൽവേ സർവിസിലേക്ക്. അക്കൗണ്ട്സ് സർവിസിലായിരുന്നു നിയമനമെങ്കിലും പൂർണമായും കാഴ്ചയില്ലാത്തത് മൂലം ജോലി ലഭിച്ചില്ല. മനസ്സു തളർന്നെങ്കിലും വിട്ടുകൊടുത്തില്ല. അടുത്ത വർഷം വീണ്ടുമെഴുതി.
ഇത്തവണ 124 എന്ന തിളക്കമാർന്ന റാങ്കോടെ ഐ.എ.എസ് പട്ടികയിൽ തന്നെ ഇടംപിടിച്ചു. മസൂറിയിലെ പരിശീലനത്തിനുശേഷം കൊച്ചിയുടെ മണ്ണിലേക്ക് അസി. കലക്ടറായി. തുടർന്നാണ് ഭരണസിരാകേന്ദ്രത്തിലേക്ക് സബ് കലക്ടറും ആർ.ഡി.ഒയുമായി ഈ മുപ്പതുകാരി എത്തുന്നത്. വ്യവസായി കോമൾ സിങ്ങാണ് ഭർത്താവ്. തിങ്കളാഴ്ച 12.30ന് ചുമതലറ്റ പ്രഞ്ജലിനെ ആര്‍.ഡി.ഒ ഓഫിസ് സീനിയര്‍ സൂപ്രണ്ട് ടി.എസ്. അനില്‍കുമാറിെൻറ നേതൃത്വത്തില്‍ ജീവനക്കാർ സ്വീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.