വിശ്വനാഥന്‍റെ മരണം: അന്വേഷണം ക്രൈംബ്രാഞ്ചിന്
text_fieldsകോഴിക്കോട്: കോഴിക്കോട് മെഡി. കോളജിൽ ആദിവാസി യുവാവ് വിശ്വനാഥൻ ആത്മഹത്യ ചെയ്ത സംഭവത്തെക്കുറിച്ചുള്ള അന്വേഷണം ലോക്കൽ പൊലീസിൽ നിന്നും ക്രൈംബ്രാഞ്ചിന് കൈമാറി ഡി.ജി.പി ഉത്തരവായി. അന്വേഷണ സംഘത്തെ ക്രൈംബ്രാഞ്ച് മേധാവി നിശ്ചയിക്കും. ലോക്കൽ പൊലീസിന്റെ അന്വേഷണത്തിൽ കേസിന് തുമ്പാവാത്ത സാഹചര്യത്തിലാണ് കേസ് ക്രൈംബ്രാഞ്ചിന് വിടാൻ ആഭ്യന്തരവകുപ്പ് തീരുമാനിച്ചത്.
ഫെബ്രുവരി 11നായിരുന്നു വയനാട് കൽപറ്റ സ്വദേശി വിശ്വനാഥനെ (46) മെഡി. കോളജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിന്റെ എതിർവശത്തുള്ള ആളൊഴിഞ്ഞ പറമ്പിലെ മരത്തിന് മുകളിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. മാതൃശിശുസംരക്ഷണ കേന്ദ്രത്തിൽ പ്രസവത്തിനെത്തിയ ഭാര്യക്ക് കൂട്ടിരിക്കാൻ എത്തിയതായിരുന്നു വിശ്വനാഥൻ.
മരിച്ച നിലയിൽ കണ്ടെത്തിയതിന്റെ രണ്ട് ദിവസം മുമ്പ് രാത്രി 11 മണിയോടെ വിശ്വനാഥനെ മോഷ്ടാവെന്ന് പറഞ്ഞ് ആൾക്കൂട്ടം വിചാരണ ചെയ്തതായി ആരോപണമുയർന്നിരുന്നു. ഇതിൽ മനംനൊന്താണ് ആത്മഹത്യ എന്നായിരുന്നു നിഗമനം. തൂങ്ങിമരണമാണ് എന്നായിരുന്നു പോസ്റ്റ് മോർട്ടം റിപ്പോർട്ട്. എന്നാൽ വിശ്വനാഥൻ ആത്മഹത്യ ചെയ്യില്ലെന്നും കൊലപാതകമാണെന്നുമായിരുന്നു കുടുംബം ആരോപിച്ചത്.
അസി. പൊലീസ് കമീഷണർ കെ. സുദർശന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ ആത്മഹത്യയിലേക്ക് നയിച്ച സംഭവവികാസങ്ങളെ കുറിച്ച് കൃത്യമായ കണ്ടെത്തലുകൾ സാധ്യമായില്ല. പലതരം നിഗമനങ്ങളും ഊഹാപോഹങ്ങളുമാണ് ഇതു സംബന്ധിച്ച് ഇപ്പോഴും അവശേഷിക്കുന്നത്. ഏറെ വിവാദങ്ങളും സാമൂഹികവിമർശനങ്ങളും ഇതിന്റെ പേരിൽ ഉണ്ടായി. രണ്ട് ലക്ഷ രൂപ സർക്കാർ സഹായമായി വിശ്വനാഥന്റെ കുടുംബത്തിന് മന്ത്രി കെ. രാധാകൃഷ്ണൻ വീട്ടിലെത്തി കൈമാറിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.