വിശ്വനാഥന്റെ മരണം: പട്ടികജാതി ഗോത്രകമീഷന്റെ സിറ്റിങിൽ പൊലീസിന് രൂക്ഷ വിമർശനം
text_fieldsകോഴിക്കോട് : ആദിവാസി യുവാവ് വിശ്വനാഥന്റെ മരണത്തില്‍ പട്ടികജാതി ഗോത്രക മീഷന്റെ സിറ്റിങിൽ പൊലീസിന് രൂക്ഷ വിമർശനം. പൊലീസ് സമർപ്പിച്ച റിപ്പോർട്ട് കമ്മിഷൻ തള്ളി. സംഭവത്തിൽ ആദിവാസി പീഡന നിരോധന നിയമപ്രകാരം കേസെടുത്ത് നാലുദിവസത്തിനകം പ്രാഥമിക അന്വേഷണം നടത്തി പുതിയ റിപ്പോർട്ട് സമർപ്പിക്കാൻ മെഡിക്കൽ കോളജ് എ.സി.പി കെ. സുദർശനോട് കമീഷൻ ചെയർമാൻ ബി.എസ്. മാവോജി നിര്‍ദേശിച്ചു.
അസ്വാഭാവിക മരണത്തിനു മാത്രമാണ് പൊലീസ് കേസെടുത്തത്. അത് ശരിയല്ലെന്ന കമീഷൻ ചൂണ്ടിക്കാട്ടി. വെറുതെ ഒരാള്‍ തൂങ്ങി മരിച്ചു എന്നാണോ നിങ്ങള്‍ പറയുന്നതെന്ന് കമീഷന്‍ പൊലീസിനോട് ചോദിച്ചു. നിറം കറുപ്പായതിനാലും വസ്ത്രധാരണം മോശമായതിനാലും യുവാവിനെ പരിഹസിച്ചിട്ടുണ്ടാകാമെന്നും കമീഷന്‍ അഭിപ്രായപ്പെട്ടു.
എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് ഇന്‍ക്വസ്റ്റ് നടത്താതിരുന്നത് എന്തു കൊണ്ടെന്ന ചോദ്യത്തിന് പൊലീസിന് മറുപടിയുണ്ടായില്ല. പട്ടികവര്‍ഗ പ്രമോട്ടറുടെ മൊഴി എടുക്കാത്തത് എന്തെന്നും കമീഷന്‍ ചോദിച്ചു. കറുത്ത നിറമുള്ള ആളുകളെ കാണുമ്പോഴുള്ള മനോഭാവം മാറണം. ഇല്ലാത്ത കുറ്റം ആരോപിച്ച് ആളുകള്‍ പീഡിപ്പിച്ചിട്ടുണ്ടാകാം. വിശ്വനാഥന് സഹിക്കാന്‍ കഴിയാത്തതെന്തോ സംഭവിച്ചിട്ടുണ്ട്. അതിന്റെ മനോവിഷമത്തിലാകാം വിശ്വനാഥന്‍ ജീവനൊടുക്കിയതെന്ന് കമീഷന്‍ പറഞ്ഞു.
എന്തു തന്നെയായാലും സാധാരണ ആത്മഹത്യ എന്ന നിലയില്‍ ഇതിനെ കാണാനാകില്ല. വിശദമായ അന്വേഷണം വേണമെന്നും കമീഷന്‍ ചെയര്‍മാന്‍ ബി.എസ് മാവോജി പറഞ്ഞു. വിശ്വനാഥന്റേത് ആത്മഹത്യ എന്നാണ് കോഴിക്കോട് മെഡിക്കല്‍ കോളജ് എ.സി.പി കമീഷന് റിപ്പോര്‍ട്ട് നല്‍കിയിരുന്നത്. സിറ്റിങ്ങിന് ശേഷം എസ് സി -എസ് ടി കമ്മീഷന്‍ വിശ്വനാഥന്റെ വയനാട്ടിലെ വീട്ടിലെത്തി കുടുംബാംഗങ്ങളെ കാണും.
സംഭവത്തില്‍ ദേശീയ പട്ടികവര്‍ഗ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു. പത്രവാർത്തകളുടെയും യുവമോർച്ചയുടെ പരാതിയുടെയും അടിസ്ഥാനത്തിലാണ് കേസെടുത്തു. ഇതുസംബന്ധിച്ച് ജില്ലാ കലക്ടറോടും കോഴിക്കോട് സിറ്റി പോലീസ് കമ്മിഷണറോടും ഉടന്‍ റിപ്പോര്‍ട്ട് തേടും. ദേശീയ പട്ടികവര്‍ഗ കമ്മിഷന്‍ ചെയര്‍മാന്‍ ഹര്‍ഷ് ചൗഹാന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.