വിശ്വനാഥന്റെ ഭാര്യ ബിന്ദു പറയുന്നു: കുട്ടേട്ടനെ കൊന്നതാണ്
text_fieldsകൽപറ്റ: ‘കുട്ടേട്ടനെ കൊന്നതാണ്. പൊലീസുകാരും സെക്യൂരിറ്റിക്കാരും ചെയ്ത പണിതന്നെയായിരിക്കും. ഞങ്ങളെയും വിചാരിച്ച് ആശുപത്രിക്ക് പുറത്ത് കാത്തിരിക്കുകയായിരുന്നു’ -കോഴിക്കോട് മെഡിക്കൽ കോളജിന് സമീപത്ത് ദുരൂഹ സാഹചര്യത്തിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയ വയനാട് സ്വദേശി വിശ്വനാഥന്റെ ഭാര്യ ബിന്ദു വിതുമ്പലോടെ പറയുന്നു. ‘അമ്മയുടെ കൈയിൽ 4000 രൂപയുണ്ടായിരുന്നു. ആശുപത്രിയിലേക്ക് വരുന്നതിനുമുമ്പ് ബാങ്കിൽനിന്ന് 6000 രൂപയും എടുത്തു.
കുട്ടേട്ടന് കട്ടുതിന്നേണ്ട ആവശ്യമില്ലെന്നും ബിന്ദു പറഞ്ഞു. സത്യം പുറത്തുകൊണ്ടുവന്ന് കാരണക്കാരായവരെ ശിക്ഷിക്കണമെന്നും ബിന്ദു ആവശ്യപ്പെട്ടു. ബിന്ദു ബുധനാഴ്ചയാണ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ആൺകുഞ്ഞിന് ജന്മംനൽകിയത്. ഇവർക്കൊപ്പമുണ്ടായിരുന്ന വിശ്വനാഥനെ മോഷണക്കുറ്റം ആരോപിച്ച് വ്യാഴാഴ്ച ആൾക്കൂട്ടം മർദിച്ചിരുന്നു. തുടർന്ന് ആശുപത്രിയിൽനിന്ന് ഓടിരക്ഷപ്പെട്ട വിശ്വനാഥനെ ശനിയാഴ്ച ആശുപത്രിക്ക് സമീപം തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
വിവാഹം കഴിഞ്ഞ് എട്ട് വർഷത്തെ കാത്തിരിപ്പിനൊടുവിൽ കുഞ്ഞുണ്ടായതിന്റെ സന്തോഷത്തിലായിരുന്നു വിശ്വനാഥനെന്ന് ജ്യേഷ്ഠൻ ഗോപി പറഞ്ഞു. കുഞ്ഞിനെ ആദ്യം കണ്ടശേഷം അവൻ പറഞ്ഞത്, ‘കുട്ടിയെ നോക്കാൻ ഒരു 15 വർഷമെങ്കിലും ആയുസ്സ് എനിക്ക് തരണേ..’ എന്നാണ്. അങ്ങനെയുള്ള അവന് ആത്മഹത്യ ചെയ്യില്ലെന്നുറപ്പാണ്. വെള്ളിയാഴ്ച ഞങ്ങൾ തിരച്ചിൽ നടത്തിയ സ്ഥലത്തെ മരത്തിന് മുകളിലാണ് ശനിയാഴ്ച മൃതദേഹം കണ്ടുവെന്ന് പറയുന്നത്.
അതിൽതന്നെ ദുരൂഹതയുണ്ട്. വാഴകൃഷി ചെയ്യുന്ന അവന് മോഷ്ടിക്കേണ്ട കാര്യമില്ല. ഏഴാം ക്ലാസുവരെ നന്നായി പഠിച്ചിരുന്നു. പിന്നീട് കുടുംബത്തെ സഹായിക്കാൻ പഠനം നിർത്തിയതാണ്. പരാതി നല്കാന് മെഡിക്കല്‍ കോളജ് പൊലീസ് സ്റ്റേഷനില്‍ പോയപ്പോള്‍ മദ്യപിച്ച് പ്രശ്നമുണ്ടാക്കാന്‍ വന്നതാണോ എന്ന ചോദ്യംവരെ പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായി. പരാതി നല്കിയ ഉടന്‍ രജിസ്റ്റര്‍ ചെയ്യാനും തയാറായില്ലെന്നും ഗോപി ആരോപിച്ചു. വിശ്വനാഥെൻറ മൃതദേഹം കൽപറ്റ അഡ്ലേഡിലെ വീട്ടുവളപ്പിൽ ഞായറാഴ്ച ഉച്ചയോടെ സംസ്കരിച്ചു. മാതാവ്: പാറ്റ. സഹോദരങ്ങൾ: രാഘവൻ, ജോയി, ഗോപി, വിനോദ്, സുരേഷ്. സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമീഷൻ സ്വമേധയാ കേസെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.