സ്കൂളുകളിലും അംഗൻവാടികളിലും ഇനി 'വിറ്റമിൻ അരി'
text_fieldsതിരുവനന്തപുരം: കുട്ടികളിലുള്ള പോഷകാഹാരക്കുറവ് പരിഹരിക്കുന്നതിന് സംസ്ഥാനത്തെ സ്കൂളുകളിലും അംഗൻവാടികളിലും ഇനി മുതൽ ഉച്ചഭക്ഷണത്തിനായി വിതരണം ചെയ്യുന്നത് പോഷക ഗുണങ്ങള്‍ വര്‍ധിപ്പിച്ച അരി (ഫോർട്ടിഫൈഡ്). കേന്ദ്രസർക്കാർ നിർദേശപ്രകാരം ഫോര്‍ട്ടിഫൈഡ് അരി വിതരണം സംസ്ഥാനത്ത് എഫ്.സി.ഐ ആരംഭിച്ചു.
ഇതിനു പുറമെ ജനുവരി മുതൽ വയനാട് ജില്ലയിലെ കാർഡുടമകൾക്കും ഫോർട്ടിഫൈഡ് അരിയാകും റേഷൻ കടകൾ വഴി ലഭിക്കുകയെന്നും എഫ്.സി.ഐ അറിയിച്ചു. 2024 ഓടെ എല്ലാ സംസ്ഥാനങ്ങളിലും പൊതുവിതരണ സമ്പ്രദായത്തിലൂടെ വിവിധ പദ്ധതികൾ വഴി പോഷക ഗുണങ്ങള്‍ വര്‍ധിപ്പിച്ച അരി നൽകാനാണ് കേന്ദ്ര തീരുമാനം. ദേശീയ ആരോഗ്യ സർവേയിൽ ഗർഭിണികളിലും മുലയൂട്ടുന്ന അമ്മമാരിലും ഇരുമ്പ്, ഫോളിക് ആസിഡ്, വിറ്റാമിൻ ബി 12 എന്നിവയുടെ കുറവ് കണ്ടെത്തിയിരുന്നു. തുടർന്നാണ് ഇവ ചേർത്ത് പോഷകസമൃദ്ധമാക്കിയ അരി വിതരണം ചെയ്യാൻ കേന്ദ്ര സർക്കാർ പദ്ധതി തയാറാക്കിയത്. ആഗോള പട്ടിണി സൂചികയില്‍ 107 രാജ്യങ്ങളില്‍ 94ാം സ്ഥാനത്താണ് ഇന്ത്യ.
ജനസംഖ്യയുടെ മൂന്നില്‍ രണ്ടു ഭാഗവും കഴിക്കുന്ന ഇന്ത്യയിലെ പ്രധാന ഭക്ഷണങ്ങളിലൊന്നാണ് അരി. അരി സൂക്ഷ്മ പോഷകങ്ങള്‍ ഉപയോഗിച്ച് ഫോര്‍ട്ടിഫൈ ചെയ്യുന്നത് ദരിദ്ര വിഭാഗങ്ങളിലെ പോഷകാഹാരക്കുറവ് പരിഹരിക്കാന്‍ മികച്ച മാര്‍ഗമായാണ് കേന്ദ്ര ഭക്ഷ്യമന്ത്രാലയം വിലയിരുത്തുന്നത്. കേന്ദ്ര സർക്കാറിെൻറ വെല്‍ഫെയര്‍ സ്കീമുകളിലുള്ള അലോട്ട്മെൻറ് മുഖാന്തരമാണ് അരി സംസ്ഥാനങ്ങൾക്ക് നല്‍കുക.
നേരത്തേ കേന്ദ്രസർക്കാർ നിർദേശപ്രകാരം സംസ്ഥാന സർക്കാർ തയാറാക്കിയ ഫോർട്ടിഫൈഡ് അരിയിൽ ഇരുമ്പിെൻറ അംശം കൂടുതലായതിനാൽ ഭക്ഷ്യയോഗ്യമല്ലെന്ന് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി കണ്ടെത്തിയിരുന്നു. മൈസൂരു സെൻറർ ഫോർ ഫുഡ് ടെക്നോളജിയുടെ പരിശോധനയിലും സാമ്പിളുകൾ പരാജയപ്പെട്ടതോടെ 300 ടൺ അരിയാണ് ഭക്ഷ്യയോഗ്യമല്ലാതെ മില്ലുകളിൽ കെട്ടിക്കിടക്കുന്നത്. തുടർന്ന്, പുതിയ രീതിയിൽ ഫോർട്ടിഫിക്കേഷൻ നടത്തി കേന്ദ്രത്തിെൻറ അംഗീകാരത്തിനായി അയച്ചിരിക്കുകയാണ്.
എന്തൊക്കെ പോഷകങ്ങൾ?
ഒരു കിലോ ഫോര്‍ട്ടിഫൈഡ് അരിയില്‍ അടങ്ങിയിരിക്കുന്ന പോഷകങ്ങൾ. ഇരുമ്പ് (28 മി. ഗ്രാം- 42.5 മി. ഗ്രാം), ഫോളിക് ആസിഡ് (75-125 മൈക്രോഗ്രാം), വിറ്റമിന്‍ ബി -12 (0.75-1.25 മൈക്രോഗ്രാം), സിങ്ക് (10 മി.ഗ്രാം- 15 മി.ഗ്രാം), വിറ്റമിന്‍ എ (500-750 മൈക്രോഗ്രാം ആര്‍ഇ), വിറ്റമിന്‍ ബി -1 (1 മി.ഗ്രാം- 1.5 മി.ഗ്രാം), വിറ്റമിന്‍ ബി -2 (1.25 മി.ഗ്രാം- 1.75 മി.ഗ്രാം)
പ്രത്യേക രീതിയില്‍ പാകം ചെയ്യണോ
ഫോര്‍ട്ടിഫൈഡ് അരി പാചകം ചെയ്യുന്നതിന് പ്രത്യേക രീതി ആവശ്യമില്ല. പാചകം ചെയ്യുന്നതിനുമുമ്പ് അരി വൃത്തിയാക്കി സാധാരണ രീതിയില്‍ കഴുകേണ്ടതുണ്ട്. പാചകം ചെയ്തതിനുശേഷവും ഫോര്‍ട്ടിഫൈഡ് അരി പാചകം ചെയ്യുന്നതിനുമുമ്പുണ്ടായിരുന്ന അതേ ഗുണങ്ങളും സൂക്ഷ്മ പോഷക നിലവാരവും നിലനിര്‍ത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.