വിതുര പെൺവാണിഭ കേസ്: ഒന്നാം പ്രതി സുരേഷ് കുറ്റക്കാരൻ; ശിക്ഷ ഇന്ന്
text_fieldsകോട്ടയം: വിതുര പീഡനക്കേസില്‍ ഒന്നാം പ്രതി കൊല്ലം കടയ്ക്കൽ ജുബേരിയ മൻസിലിൽ സുരേഷ് (ഷാജഹാൻ -51) കുറ്റക്കാരനാണെന്ന് കോടതി. ശിക്ഷ വെള്ളിയാഴ്ച വിധിക്കും. വിതുര പീഡനവുമായി ബന്ധപ്പെട്ട് സുരേഷ് ഒന്നാം പ്രതിയായി രജിസ്റ്റർ ചെയ്ത 24 കേസുകളില്‍ ഒന്നിലാണ് പ്രത്യേക കോടതി വിധി. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയ തട്ടിക്കൊണ്ടുപോയി അന്യായമായി തടവിൽ പാർപ്പിക്കൽ, മോശമായ കാര്യങ്ങൾക്ക് മറ്റുള്ളവർക്ക് കൈമാറൽ, അനാശാസ്യം എന്നീകുറ്റങ്ങളാണ് തെളിഞ്ഞത്.
എന്നാൽ, ബലാത്സംഗ പ്രേരണക്കുറ്റം നിലനില്‍ക്കില്ലെന്ന് ജഡ്ജി ജോൺസൺ ജോൺ കണ്ടെത്തി. കേസിലെ രണ്ടാം പ്രതിയെ നേരത്തേ വെറുതെവിട്ട സാഹചര്യത്തിലാണ് പ്രേരണക്കുറ്റം തള്ളിയത്. സുരേഷ് പെൺകുട്ടിയെ ഇയാൾക്ക് കൈമാറി ബലാത്സംഗത്തിന് പ്രേരിപ്പിച്ചെന്നായിരുന്നു പ്രോസിക്യൂഷൻ വാദം.
കുറ്റം തെളിഞ്ഞ വകുപ്പുകളനുസരിച്ച് തടവിൽ പാർപ്പിച്ചതിന് മൂന്ന് വർഷംവരെയും കൈമാറിയതിന് 10 വർഷം വരെയും അനാശാസ്യപ്രവർത്തന നിരോധന നിയപ്രകാരം മൂന്നുവർഷം വരെയും തടവ് ശിക്ഷ ലഭിക്കാം. ബലാത്സംഗമടക്കം സുരേഷ് ഒന്നാം പ്രതിയായ 23 കേസുകളില്‍ ഇനി വിചാരണ ആരംഭിക്കാനുണ്ട്. പ്രായപൂർത്തിയാകാത്ത വിതുര സ്വദേശിനിയെ സുരേഷ് തട്ടിക്കൊണ്ടുപോയി തടങ്കലിൽ പാർപ്പിച്ച് പലർക്കായി കാഴ്ചെവച്ചുവെന്നാണ് പ്രോസിക്യൂഷൻ കേസ്.
1995 നവംബർ മുതൽ 96 ജൂൈലവരെ പലർക്കും കൈമാറി. 1996 ജൂലൈ 16ന് പെൺകുട്ടിെയ പ്രതികളിലൊരാൾക്കൊപ്പം പൊലീസ് കസ്റ്റഡിയിൽ എടുത്തതോടെയാണ് പുറത്തറിഞ്ഞത്. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ രാഷ്ട്രീയ, സിനിമ, ഉദ്യോഗസ്ഥ മേഖലയിലുള്ളവർ പ്രതി ചേർക്കപ്പെട്ടതോടെ കേസ് വിവാദമായി. ഇതിനിടെ, സുരേഷ് ഒളിവിൽ പോയി. കണ്ടെത്താൻ കഴിയാതിരുന്നതോടെ ഒന്നാം പ്രതിയെ ഒഴിവാക്കിയാണ് ആദ്യ രണ്ടു ഘട്ടത്തിലും വിചാരണ നടന്നത്. പ്രതികളെ യുവതിക്ക് തിരിച്ചറിയാൻ കഴിയാതിരുന്നതോടെ രാഷ്ട്രീയ, സിനിമ, ഉദ്യോഗസ്ഥ മേഖലയിലുള്ളവരെയെല്ലാം േകാടതി വെറുതെവിട്ടു. ഇവർ കൂറുമാറിയതായി അന്ന് കോടതി പ്രഖ്യാപിച്ചിരുന്നു.
രണ്ടാംഘട്ട വിചാരണയില്‍ 14 കേസുകളിലെ 17 പ്രതികളെ കോടതി വെറുതെവിട്ടതിനു പിന്നാലെ 19 വർഷം ഒളിവിലിരുന്ന സുരേഷ് കോടതിയിൽ കീഴടങ്ങുകയായിരുന്നു. 14 മാസത്തിനുശേഷം ജാമ്യത്തിലിറങ്ങി ഒളിവില്‍പോയി. 2019 ജൂണില്‍ ഹൈദരാബാദില്‍നിന്ന് പിടികൂടിയതോടെയാണ് വിചാരണ പുനരാരംഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.