സ്വകാര്യ സർവകലാശാലകളിൽ സാമൂഹികനീതി ഉറപ്പുവരുത്തുമെന്ന് പറയുന്നത് തെറ്റിദ്ധരിപ്പിക്കൽ -വിവാ കേരളം
text_fieldsകോഴിക്കോട്: സർക്കാർ ശമ്പളം നൽകുന്ന എയ്ഡഡ് സ്കൂളുകളിലും കോളജുകളിലും സാമൂഹിക നീതി ഉറപ്പാക്കാൻ ശേഷിയില്ലാത്ത സർക്കാർ, സ്വകാര്യ സർവകലാശാലകളിൽ അത് ഉറപ്പു വരുത്തുമെന്ന് പറയുന്നത് തെറ്റിദ്ധരിപ്പിക്കലാണെന്ന് വിഷനറി വാൻഗാർഡ് (വിവാ കേരളം) ആരോപിച്ചു. സ്വകാര്യ- വിദേശ യൂനിവേഴ്സിറ്റികളിൽ സാമൂഹികനീതി ഉറപ്പുവരുത്താൻ ബില്ലിൽ വ്യവസ്ഥ ചെയ്യുമെന്ന് പറയുന്ന ഉന്നത വിദ്യാഭ്യാസ മന്ത്രി, നിയമപരമായും ഭരണഘടനാപരമായും സംവരണം പാലിക്കേണ്ട സർക്കാർ എയ്ഡഡ് കലാലയങ്ങളിൽ ആറരപ്പതിറ്റാണ്ടായിട്ടും സാമൂഹികനീതി നടപ്പാക്കാൻ തയ്യാറാവാത്ത സർക്കാറിന്റെ ഭാഗമാണ്. ആദ്യം സർക്കാർ ശമ്പളം നൽകുന്ന സ്ഥാപനങ്ങളിലെ നിയമനങ്ങൾ പി.എസ്.സിക്ക് വിട്ട് സാമൂഹികനീതി ഉറപ്പുവരുത്തി പറയുന്ന വാക്കുകളുടെ വിശ്വാസ്യത വീണ്ടെടുക്കുകയാണ് മന്ത്രിയും സംസ്ഥാന സർക്കാറും ചെയ്യേണ്ടതെന്ന് കോഴിക്കോട് ചേർന്ന വിവാ കേരളം യോഗം ആവശ്യപ്പെട്ടു.
സാമൂഹികനീതി എന്നത് വിദ്യാർഥി പ്രവേശനവുമായി മാത്രം ബന്ധപ്പെട്ട വിഷയമല്ല. അധ്യാപക അനധ്യാപക നിയമനങ്ങളിലും സംവരണ തത്ത്വം പാലിക്കപ്പെടണം. വിദേശ സർവകലാശാലയുടെ കടന്നുവരവ് സൃഷ്ടിക്കാവുന്ന പ്രതിസന്ധികളെ തമസ്കരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് സാമൂഹിക നീതി ഉറപ്പാക്കുമെന്ന പ്രസ്താവന.
സ്വകാര്യ വിദേശ സർവകലാശാലകൾ രാജ്യതാൽപര്യത്തെ ഹനിക്കുന്നതാണ്. രാജ്യത്തിന്റെ സ്വാശ്രയത്വവും സാംസ്കാരിക വൈവിധ്യവും വികസന വീക്ഷണവും തള്ളി നവകോളനീകരണത്തിന് ഇടവരുത്താൻ സാധ്യതയുമുണ്ട്. അതുകൊണ്ടാണ് ആരോഗ്യം, വിദ്യാഭ്യാസം, മാധ്യമം തുടങ്ങിയ മേഖലകളിൽ വിദേശ മൂലധനത്തിന് അനുവാദം നൽകിക്കൂടാ എന്ന നിലപാട് സ്വതന്ത്ര ഇന്ത്യ ഉയർത്തിപ്പിടിച്ചത്. അതെല്ലാം മറന്ന് വിദേശമൂലധനത്തെ വൻതോതിൽ സ്വീകരിച്ച് മർമപ്രധാന മേഖല അവർക്ക് തുറന്നുകൊടുക്കുന്ന നിലപാടാണ് കേന്ദ്ര സംസ്ഥാന സർക്കാറുകൾ സ്വീകരിച്ചിരിക്കുന്നത്. ഈ നിലപാടുമാറ്റം ആപത്ക്കരവും പ്രതിഷേധാർഹവുമാണെന്ന് യോഗം അഭിപ്രായപ്പെട്ടു. യോഗത്തിൽ ആസാദ്, എൻ പി ചെക്കുട്ടി, കെ.വി ഷാജി, കെ.പി പ്രകാശൻ, ആർ.കെ. സന്ധ്യ, എൽസി ഗോമസ്, എൻ.സി. ഹരിദാസൻ, അംബിക, മുഹമ്മദ് ശുഐബ് എന്നിവർ സംസാരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.