വിവേക് എക്സ്പ്രസുകൾ ഇനി ആഴ്ചയിൽ രണ്ട് ദിവസം
text_fieldsതിരുവനന്തപുരം: യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് കന്യാകുമാരി-ദിബ്രുഗർ, ദിബ്രുഗർ-കന്യാകുമാരി വിവേക് എക്സ്പ്രസുകൾ ഇനി ആഴ്ചയിൽ രണ്ടു ദിവസം സർവിസ് നടത്തും. ദിബ്രുഗറിൽ നിന്ന് ശനി, ചൊവ്വ ദിവസങ്ങളിലാവും സർവിസ്. കന്യകുമാരിയിൽ നിന്ന് വ്യാഴം, ഞായർ ദിവസങ്ങളിലും. നവംബർ 22ന് ഇത് നിലവിൽ വരും.
ഇന്ത്യയിലെ തന്നെ ഏറ്റവും ദൈർഘ്യമേറിയ ട്രെയിൻ സർവിസാണിത്. 4400 കിലോമീറ്ററാണ് സർവിസ് ദൂരം. നാല് ദിവസം പിന്നിട്ടാണ് ട്രെയിൻ ലക്ഷ്യസ്ഥാനത്ത് എത്തുന്നത്. കന്യാകുമാരിയിൽനിന്ന് ചൊവ്വാഴ്ചകളിലും ദിബ്രുഗറിൽനിന്ന് ഞായറാഴ്ചകളിലും പുറപ്പെടും വിധത്തിലാണ് നിലവിലെ സമയക്രമം.
ദീർഘദൂരം സഞ്ചരിക്കുന്നതുകൊണ്ടുതന്നെ മതിയായ ശുചീകരണത്തിന്‍റെ അഭാവം വലിയ പരാതികൾക്കും ഇടയാക്കുന്നുണ്ട്. ട്രെയിൻ യാത്ര ആരംഭിച്ചത് മുതലുള്ള ഭക്ഷണാവശിഷ്ടങ്ങൾ കൊണ്ട് കോച്ചുകൾക്കുള്ളിലെ വേസ്റ്റ് ബിൻ നിറഞ്ഞുകവിഞ്ഞ് പരിസരമാകെ ചിതറിയ നിലയിലാണ് പലപ്പോഴും ട്രെയിൻ കേരളത്തിലേക്കെത്തുന്നത്.
ഓൺ ബോർഡ് ഹൗസ് കീപ്പിങ് സർവിസ് നിലവിൽ വന്നതോടെ, പ്രധാന സ്റ്റേഷനുകളിൽ നേരേത്തയുണ്ടായിരുന്ന ക്ലീനിങ് നാമമാത്രമായി. ഓൺ ബോർഡ് ക്ലീനിങ് സ്റ്റാഫ് അടക്കം ശുചീകരണ തൊഴിലാളികൾ മിക്ക ട്രെയിനുകളിലുണ്ടെങ്കിലും ഈ അവസ്ഥക്ക് ഒരു മാറ്റവുമില്ല
ഭിന്നശേഷിക്കാർക്ക് അധിക കോച്ച്
തിരുവനന്തപുരം: ഇൻഡോർ-കൊച്ചുവേളി വീക്ക്ലി എക്സ്പ്രസ് (20932), കൊച്ചുവേളി-ഇൻഡോർ വീക്കിലി എക്സ്പ്രസ് (20931) എന്നിവയിൽ ഭിന്നശേഷിക്കാർക്കായി സെക്കന്‍ഡ് ക്ലാസ് കോച്ച് അധികമായി ഏർപ്പെടുത്തിയതായി റെയിൽവേ അറിയിച്ചു. ഭിന്നശേഷിക്കാർക്കായുള്ള സെക്കന്‍ഡ് ക്ലാസ് കോച്ചിന് പുറമേ രണ്ട് ടു ടിയർ എ.സി, അഞ്ച് ത്രീ ടിയർ എ.സി, എട്ട് സെക്കൻഡ് ക്ലാസ് സ്ലീപ്പർ, നാല് സെക്കന്‍ഡ് ക്ലാസ് സിറ്റിങ് എന്നിങ്ങനെയാണ് പുതിയ കോച്ച് നില.
സമയത്തിൽ മാറ്റം
തിരുവനന്തപുരം: കന്യാകുമാരി-പുനലൂർ പ്രതിദിന എക്സ്പ്രസ് തിരുവനന്തപുരം, കഴക്കൂട്ടം സ്റ്റേഷനുകളിൽ എത്തുന്ന സമയക്രമത്തിൽ മാറ്റം വരുത്തി. തിരുവനന്തപുരം സെൻട്രലിൽ വൈകീട്ട് 5.25നും (പഴയ സമയം-5.15) കഴക്കൂട്ടത്ത് വൈകീട്ട് 5.50 നുമാണ് (പഴയ സമയം- 5.34) ഇനി എത്തിച്ചേരുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.