കൊടി സുനിയെ കൊല്ലാൻ ക്വട്ടേഷൻ: വിയ്യൂർ സെൻട്രൽ ജയിൽ അതിസുരക്ഷ കവചത്തിലേക്ക്
text_fieldsതൃശൂർ: ടി.പി. ചന്ദ്രശേഖരൻ കൊലക്കേസിൽ ശിക്ഷിക്കപ്പെട്ട ഗുണ്ടാനേതാവ് കൊടി സുനിയെ ജയിലിൽ കൊലപ്പെടുത്താൻ പദ്ധതിയിട്ടുവെന്ന വെളിപ്പെടുത്തലിൽ സ്പെഷൽ ബ്രാഞ്ചും ജയിൽ വകുപ്പും അന്വേഷണം തുടങ്ങി. കൊടി സുനിയും സഹതടവുകാരനും ജയിൽ സൂപ്രണ്ടിനും ഐ.ജിക്കും നൽകിയ പരാതി പൂഴ്ത്തിയെന്ന വിവരം പുറത്തുവന്നതോടെയാണ് അന്വേഷണം ആരംഭിച്ചത്. ഉത്തരമേഖല ഐ.ജി വിനോദ്കുമാർ ജയിലിലെത്തി വിശദാംശങ്ങൾ ശേഖരിച്ചു. അയ്യന്തോൾ ഫ്ലാറ്റ് കൊലക്കേസിൽ ശിക്ഷിക്കപ്പെട്ട മുൻ കോൺഗ്രസ് നേതാവ് റഷീദും തീവ്രവാദ കേസ് പ്രതി അനൂപുമാണ് കൊലപാതകത്തിന് ക്വട്ടേഷൻ എടുത്തത്. പുറത്തുനിന്നുള്ള സ്വർണക്കടത്ത് സംഘമാണ് പിന്നിലെന്നാണ് സംശയം. സൂപ്രണ്ടിെൻറ മുറിയിലെ ചുമതലയിലുണ്ടായിരുന്ന റഷീദ് ഉദ്യോഗസ്ഥരുടെ മൊബൈൽ ഫോണിൽനിന്ന് പലതവണ വിളിച്ചതായി കണ്ടെത്തിയിട്ടുണ്ട്.
ജയിലിലിരുന്ന് കൊടി സുനിയും റഷീദും പുറത്തെ നിരവധി ക്വട്ടേഷൻ പരിപാടികൾക്ക് നേതൃത്വം നൽകിയിരുന്നു. കരിപ്പൂർ സ്വർണക്കടത്ത് കേസിൽ ഇടപെട്ടതിെൻറ ശബ്ദരേഖയും പുറത്ത് വന്നിരുന്നു. ഇതാണ് ക്വട്ടേഷന് പിന്നിൽ സ്വർണക്കടത്ത് സംഘം തന്നെയാവുമെന്ന നിഗമനത്തിന് അടിസ്ഥാനം.
വിയ്യൂർ സെൻട്രൽ ജയിൽ അതിസുരക്ഷ കവചത്തിലേക്ക്
തൃശൂർ: സംസ്ഥാനത്തെ ആദ്യ അതിസുരക്ഷ ജയിൽ സ്ഥിതി ചെയ്യുന്ന വിയ്യൂരിലെ സെൻട്രൽ ജയിലിനും അതിസുരക്ഷയൊരുക്കുന്നു. കഞ്ചാവ് അടക്കമുള്ള ലഹരി വസ്തുക്കളും മൊബൈൽ ഫോണും തുടർച്ചയായി പിടികൂടിയതിെൻറയും ടി.പി. ചന്ദ്രശേഖരൻ കൊലക്കേസിൽ ശിക്ഷിക്കപ്പെട്ട കൊടി സുനിയെ കൊലപ്പെടുത്താൻ ക്വട്ടേഷൻ നൽകിയെന്ന വെളിപ്പെടുത്തലിെൻറയും അടിസ്ഥാനത്തിലാണ് ജയിൽ വകുപ്പിെൻറ തിരക്കിട്ട നീക്കം.
തടവുകാരും ഉദ്യോഗസ്ഥരും തമ്മിലുള്ള അവിഹിത ബന്ധമാണ് ലഹരി വസ്തുക്കളും മൊബൈൽ ഫോണും ജയിലിനകത്തേക്ക് കടക്കാനിടയാക്കുന്നതെന്ന ജയിൽ രഹസ്യാന്വേഷണ വിഭാഗത്തിെൻറ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ സംശയത്തിലുള്ള ജീവനക്കാരെ ഇവിടെനിന്ന് മാറ്റും. കൂടുതൽ ജീവനക്കാരെ നിയോഗിക്കും. ജയിലിലെ മൊബൈൽ ജാമറുകൾ, സി.സി.ടി.വി കാമറകൾ അടക്കമുള്ളവ പ്രർത്തനക്ഷമമല്ല. നേരേത്ത ഇത് പരിഹരിക്കാൻ റിപ്പോർട്ട് നൽകിയിരുന്നുവെങ്കിലും നടപടി ഉണ്ടായില്ല. ഇത്തരം പ്രശ്നങ്ങൾക്ക് വൈകാതെ തന്നെ പരിഹാരം കാണാനാണ് നീക്കം.
യു.എ.പി.എ അടക്കമുള്ള രാജ്യദ്രോഹ കേസുകൾ ചുമത്തിയവരെയാണ് അതിസുരക്ഷ ജയിലിൽ പാർപ്പിക്കുക. ക്വട്ടേഷൻ ആക്ഷേപമുയർന്നപ്പോഴാണ് മൊബൈൽ ഫോൺ പിടിച്ചെടുത്തുവെന്ന കണ്ടെത്തലിൽ കൊടി സുനിയെ അതിസുരക്ഷ ജയിലിലേക്ക് മാറ്റിയത്. ഇരുളടഞ്ഞ സെല്ലിൽ ഏകാന്തവാസവും സി.സി.ടി.വി നിരീക്ഷണവുമുള്ളതാണ് അതിസുരക്ഷ ജയിൽ. ഇതിന് സമാനമായി കൂടുതൽ നിരീക്ഷണവും ജീവനക്കാരെ നിയോഗിച്ചുള്ള കർശന പരിശോധനയുമാണ് സെൻട്രൽ ജയിലിൽ നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്.
ജയിലിൽനിന്ന് വീണ്ടും സിം കാർഡും കഞ്ചാവും പിടികൂടി
തൃശൂർ: വിയ്യൂർ സെൻട്രൽ ജയിലിൽനിന്ന് വീണ്ടും സിം കാർഡുകളും കഞ്ചാവും പിടികൂടി. മധ്യമേഖല ഡി.ഐ.ജി സാം തങ്കയ്യെൻറ നേതൃത്വത്തിൽ നടത്തിയ മിന്നൽ പരിശോധയിലാണ് സംഭവം. കോട്ടയം സ്വദേശി അലോട്ടിയിൽനിന്നാണ് നാല് സിം കാർഡുകൾ പിടികൂടിയത്. മറ്റൊരു തടവുകാരനിൽനിന്ന് കഞ്ചാവും കണ്ടെടുത്തു. ഇവരെ അതിസുരക്ഷ ജയിലിലേക്ക് മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.