Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightവിഴിഞ്ഞം തുറക്കുന്ന...

വിഴിഞ്ഞം തുറക്കുന്ന കണ്ടെയ്​നർ വിപ്ലവം

text_fields
bookmark_border
Vizhinjam
cancel
camera_alt

വിഴിഞ്ഞം തുറമുഖത്ത്‌ എത്തിയ സാൻ ഫെർണാൺഡോയെന്ന ആദ്യ ചരക്കുകപ്പൽ                                                                                                                                       ഫോട്ടോ: മുസ്തഫ അബൂബക്കർ

‘മുസരിസ്’​ അടക്കം ചരിത്രം ഓർമിപ്പിക്കുന്ന തുറമുഖങ്ങളുടെ നാടാണ്​ നമ്മുടേത്​. കാറ്റും കോളും അവഗണിച്ച്​ തിരകളോട്​ മല്ലിട്ട്​ ചരക്കുനീക്കം നടത്തിയ ഇന്നലെകൾ. വൈദേശികാധിപത്യത്തിന്‍റെ നാളുകളിൽ, കടൽ കടന്നുള്ള സമ്പത്തിന്‍റെ ഒഴുക്കിൽ മലയാള നാട്ടിലെ തുറമുഖങ്ങളുടെ ഖ്യാതി കടൽകടന്നിരുന്നു. അറബികളും ചൈനക്കാരും പായ്ക്കപ്പലുകളിൽ തീരമണഞ്ഞ മലയാള നാട്ടിലെ ചെറുകിട തുറമുഖങ്ങൾ സുഗന്ധദ്രവ്യങ്ങളുടെയടക്കം കയറ്റുമതിയുടെ ഇടങ്ങൾ കൂടിയായി. കാലപ്രയാണത്തിൽ പ്രാചീന തുറമുഖങ്ങൾ പലതിന്റെയും ​പെരുമ നഷ്​ടപ്പെട്ടു. കടൽമാർഗമുള്ള ചരക്കുനീക്കത്തിന്‍റെ പ്രാധാന്യം വേണ്ടവിധത്തിൽ കേരളം ഉപയോഗിച്ചുമില്ല. ​നൂറ്റാണ്ടുകൾക്ക്​ മു​മ്പ്​ വിദേശരാജ്യങ്ങളിൽനിന്ന് യാനങ്ങൾ എത്തിയിരുന്നുവെന്ന ചരിത്രമുള്ള ‘വിഴിഞ്ഞം’ പക്ഷേ വീണ്ടും പെരുമയുടെ ചക്രവാളങ്ങൾ കടക്കുകയാണ്​. ഏഷ്യയുടെ ചരക്ക്​ ഗതാഗതത്തിന്‍റെ ഹബ്ബായി വിഴിഞ്ഞം മാറുന്നു.

വിഴിഞ്ഞത്തിന്​ ഇനി പുതിയ മേൽവിലാസം

വെള്ളിയാഴ്ച കൂറ്റൻ ക​​ണ്ടെയ്​നർ കപ്പൽ ‘സാൻ ഫെർണാ​​​​ണ്ടോ’ വിഴിഞ്ഞം തീരത്തെത്തി കണ്ടെയ്​നറുകൾ ഇറക്കിയതോടെ ലോകത്തെ വൻകിട തുറമുഖങ്ങളുടെ മാപ്പിൽ വിഴിഞ്ഞവും ഇടംനേടി. വിദേശരാജ്യങ്ങളെ ആശ്രയിക്കാതെ എത്ര വലിയ കപ്പലിനും കണ്ടെയ്​നറുകൾ ഇറക്കി മടങ്ങാമെന്നതാണ്​ വിഴിഞ്ഞത്തിന്‍റെ പെരുമ ഉയർത്തുന്നത്​. നിലവിൽ കൊളം​ബോ ഉൾപ്പെടെയുള്ള തുറമുഖങ്ങളിൽ മദർഷിപ്പുകളിൽ എത്തിക്കുന്ന കണ്ടെയ്​നറുകൾ ചെറിയ കപ്പലുകളിലാണ്​ വിവിധ ഇന്ത്യൻ തുറമുഖങ്ങളിലേക്ക്​ മാറ്റുന്നത്​. ഇനി കണ്ടെയ്​നർ നീക്കത്തിൽ രാജ്യത്തിന്​ സ്വയംപര്യാപ്തതയായി.

നാലുഘട്ടങ്ങളായി നിർമിക്കുന്ന വിഴിഞ്ഞം തുറമുഖത്തിന്‍റെ ഒന്നാംഘട്ടമാണ്​ പൂർത്തിയാവുന്നത്​. ശേഷിക്കുന്ന നിർമാണം മൂന്നു മാസത്തിനകം പൂർത്തിയാക്കി കമീഷൻ ചെയ്യാനാണ്​ ശ്രമം. 800 മീറ്റർ കണ്ടെയ്‌നർ ബർത്തിന്റെ നിർമാണം ഇതിനകം പൂർത്തിയാക്കിയിട്ടുണ്ട്. ഇതിൽ 400 മീറ്റർ പ്രവർത്തനസജ്ജമാണ്. 31 അത്യാധുനിക റിമോട്ട് കൺട്രോൾഡ് ക്രെയിനുകൾ തുറമുഖത്ത്​ സ്ഥാപിച്ചിട്ടുണ്ട്. ആദ്യഘട്ടത്തിന്​ 8,867 കോടി രൂപയാണ് ആകെ മുതൽമുടക്ക്. ഇതിൽ 5,595 കോടി രൂപ സംസ്ഥാന സർക്കാറും 818 കോടി രൂപ കേന്ദ്ര സർക്കാറുമാണ് വഹിക്കുന്നു. രാജ്യത്ത് ആദ്യമായി തുറമുഖ നിർമാണത്തിനായി കേന്ദ്ര സർക്കാർ വയബിലിറ്റി ഗ്യാപ് ഫണ്ട് അംഗീകരിച്ചത് വിഴിഞ്ഞത്തിന് വേണ്ടിയാണെന്ന പ്രത്യേകതയുമുണ്ട്.

ആദ്യഘട്ടം ക​​ണ്ടെയ്​നർ ശേഷി 10 ലക്ഷം (ടി.ഇ.യു)

വിഴിഞ്ഞം ആദ്യഘട്ടം പൂർത്തിയാകുന്നതോടെ പ്രതിവർഷം 10 ലക്ഷം (ടി.ഇ.യു-ട്വന്റി ഫുട്ട് ഇക്വലന്റ്) യൂനിറ്റ് കണ്ടെയ്‌നർ കൈകാര്യം ചെയ്യാൻ കഴിയുന്ന തുറമുഖമായി ഇതു മാറും. നിലവിൽ വല്ലാർപാടത്തിനും 10 ലക്ഷം ടി.ഇ.യു കണ്ടെയ്​നർ ശേഷിയുണ്ട്​. എന്നാൽ, അടുത്ത മൂന്ന്​ ഘട്ടങ്ങൾകൂടി പൂർത്തിയാവുന്നതോടെ വിഴിഞ്ഞത്തെ കണ്ടെയ്​നർശേഷി വലിയ​തോതിൽ വർധിക്കും. 2020ൽ ഇന്ത്യൻ തുറമുഖങ്ങളിലൂടെ കൈമാറ്റം ചെയ്യ​​പ്പെട്ട കണ്ടെയ്​നറുകൾ 17 ദശലക്ഷം ടി.ഇ.യു ആണെന്നാണ്​ കണക്ക്​. വിഴിഞ്ഞം നാലുഘട്ടവും പൂർത്തിയായി പൂർണതോതിൽ പ്രവർത്തനസജ്ജമാവുന്നതോടെ ഇതിൽ വലിയ വർധന വരുമെന്നാണ്​ സർക്കാർ ​​പ്രതീക്ഷിക്കുന്നത്​.

പ്രതീക്ഷിക്കുന്നത്​ വലിയ തൊഴിലവസരം

വിഴിഞ്ഞം ഒന്നാംഘട്ടം പ്രവർത്തന സജ്ജമാവുന്നതോടെ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നാണ്​ പ്രതീക്ഷിക്കുന്നത്​. തുറമുഖത്തിന്റെ ശേഷി വർധിപ്പിക്കുന്ന പ്രവർത്തനത്തില്‍ 3600 തൊഴിലവസരങ്ങൾ കണക്കാക്കുന്നു.

ഇക്കാലയളവിൽ 400 അവസരങ്ങള്‍കൂടി തുറമുഖത്ത്​ നേരിട്ട് സൃഷ്ടിക്കപ്പെടും. പരോക്ഷമായ നിരവധി തൊഴിലവസരങ്ങൾ വേറെയും. അനുബന്ധ വ്യവസായങ്ങള്‍മൂലം ഉണ്ടാകുന്ന തൊഴിലവസരങ്ങള്‍ നേരിട്ടുള്ള അവസരങ്ങളുടെ 10 മടങ്ങോളമാകും.

പ്രവർത്തനാരംഭത്തോടെ കയറ്റുമതി ഡോക്യുമെന്റേഷന്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങൾക്കായി ലോജിസ്റ്റിക് കമ്പനികള്‍ തിരുവനന്തപുരത്തേക്ക്​ കൂടുതൽ എത്തും. ഇതിലൂടെയും കുറേപേർക്ക് തൊഴിൽ ലഭിക്കും. കയറ്റുമതി-ഇറക്കുമതി​ ബില്ലുകള്‍, പണമിടപാടുകള്‍ തുടങ്ങിയ മേഖലകളിലും തൊഴിലവസരങ്ങളുണ്ടാകും. വിവിധ കപ്പൽ കമ്പനികളും വിഴിഞ്ഞത്തും പരിസരപ്രദേശങ്ങളിലും വരുംമാസങ്ങളില്‍ ഓഫിസ് തുറക്കുമെന്നാണ്​ ​​പ്രതീക്ഷിക്കുന്നത്​.

പിന്നിട്ടത്​ പ്രതിബന്ധങ്ങളു​ടെ നാൾ വഴികൾ

മത്സരാധിഷ്ഠിത കരാർ നേടിയ അദാനി ഗ്രൂപ് പദ്ധതിയുടെ വികസനത്തിനായി സ്പെഷൽ പർപ്പസ് വെഹിക്കിൾ ‘അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡ്’ (എ.വി.പി.പി.എൽ) രൂപവത്​കരിച്ചാണ്​ പ്രവർത്തനം തുടങ്ങുന്നത്​. 2015 ആഗസ്റ്റ് 17ന് തുറമുഖ വകുപ്പുമായി കമ്പനി കരാറിൽ ഏർപ്പെട്ടു.

തുറമുഖത്തിൽ ​നിർണായക ഘടകമായ 3000 മീറ്റർ നീളമുള്ള ബ്രേക്ക്‌വാട്ടറിന്‍റെ പുരോഗതി നിർമാണ വസ്തുക്കളുടെ കുറവ് കാരണം മന്ദഗതിയിലായി. 2017 ഡിസംബറിൽ അതുവരെ നിർമിച്ച ബ്രേക്ക്‌വാട്ടറിന് ഓഖി ചുഴലിക്കാറ്റിൽ വലിയ നാശമുണ്ടായി. 2018ലെ പ്രളയം, 2018ൽ അസാധാരണമായി ഉയർന്ന തിരമാലകൾ, 2019ലെ വെള്ളപ്പൊക്കം, മഹാ, ടൗട്ടെ ചുഴലിക്കാറ്റുകൾ, പ്രാദേശിക പ്രക്ഷോഭം, കോവിഡ്​ പ്രതിസന്ധി എന്നിവയും നിർമാണത്തെ മന്ദഗതിയിലാക്കി. പാറകളുടെ ദൗർലഭ്യവുമുണ്ടായി. ഇതെല്ലാം മറികടന്നാണ്​ തുറമുഖത്തിന്‍റെ ഒന്നാംഘട്ടം പൂർത്തീകരണത്തിലെത്തുന്നത്​.

നടത്തിപ്പും നിയ​ന്ത്രണവും അദാനിക്ക്​ സ്വന്തം

പൊതു-സ്വകാര്യ പങ്കാളിത്ത രീതിയിൽ (പി.പി.പി) മാതൃകയിലാണ്​ തുറമുഖത്തിന്‍റെ നിർമാണം. വൻകിട പദ്ധതികളിൽ ഇതാവും ഇനി സ്വീകരിക്കുകയെന്ന സന്ദേശവും കേന്ദ്ര-സംസ്ഥാന സർക്കാറുകൾ നൽകുന്നുണ്ട്​. വിഴിഞ്ഞം തുറമുഖത്തിന്‍റെ നിർമാണവും നടത്തിപ്പും അദാനി പോർട്​സിനാണ്​. ഗുജറാത്തിലെ മുന്ദ്ര അടക്കം ഇന്ത്യയിൽ വിവിധ സംസ്ഥാനങ്ങളിലും വിദേശരാജ്യങ്ങളിലും അദാനി തുറമുഖ നടത്തിപ്പിന്‍റെ ചുമതലയിലുണ്ട്​. ഒപ്പം തിരുവനന്തപുരം അടമുള്ള വിമാനത്താവളങ്ങളും. വിഴിഞ്ഞം തുറമുഖത്ത് ആദ്യഘട്ടത്തിൽ അദാനി കമ്പനി മുടക്കുന്നത്​ 2454 കോടി രൂപയാണ്​. അടുത്ത ഘട്ടത്തിൽ 10,000 ​കോടിയാണ്​ അവർ മുടക്കുക. രണ്ടുഘട്ടങ്ങൾ പൂർത്തിയായതോടെ തുറമുഖത്തിന്‍റെ നടത്തിപ്പ്​ അവകാശം 65 വർഷത്തേക്ക്​ അദാനിക്ക്​ ലഭിക്കും. നിർമാണ കാലയളവുകൂടി കണക്കാക്കി ആദ്യത്തെ 15 വർഷം ലാഭവിഹിതം അദാനി പോർട്​സിനായിരിക്കും. നിലവിലെ സാഹചര്യത്തിൽ സംസ്ഥാന സർക്കാറിന്​ ലാഭവിഹിതം ലഭിക്കുക 2034ന്​ ശേഷമായിരിക്കും.

വിഴിഞ്ഞത്തിന്‍റെ ​ പ്രത്യേകതകൾ:

1. ഡ്രഡ്​ജിങ്​ ഇല്ലാതെ 20 മീറ്റർ ആഴം എ​പ്പോഴും ഉറപ്പാക്കാനാവും. മിക്ക തുറമുഖങ്ങളിലും ഇത്​ സാധ്യമാവാറില്ല. വലിയ തുകയും അധ്വാനവും ഡ്രഡ്ജിങ്​ നടത്തി ആഴം കൂട്ടാൻ ആവശ്യമായി വരുന്നു.

2. അന്താരാഷ്ട്ര കപ്പൽ ചാലിന്റെ കേവലം 11 നോട്ടിക്കൽ മൈലിനുള്ളിൽ സ്ഥിതി ചെയ്യുന്നതു. മുഖ്യ കടൽപ്പാതയോട് ഇത്രമേൽ അടുത്തുനിൽക്കുന്ന മറ്റൊരു തുറമുഖം ഇന്ത്യയിലില്ല.

3. ആഗോളതലത്തിൽ പ്രധാന തുറമുഖങ്ങൾ ലക്ഷ്യമാക്കി ചരക്ക്​ കപ്പലുകൾ സഞ്ചരിക്കുന്ന പാതയിലാണ്​ വിഴിഞ്ഞം. ഇത്​ ചരക്കുകൈമാറ്റത്തിലെ പ്രധാന കേ​​ന്ദ്രമായി ഇവിടം മാറ്റും.

ഇതിനകം ലഭിച്ച പ്രധാന അനുമതികൾ

  • വാണിജ്യ കപ്പലുകൾ കൈകാര്യം ചെയ്യാൻ താൽക്കാലിക എൻ.എസ്​.പി.സി ക്ലിയറൻസ്
  • കപ്പലുകളുടെയും തുറമുഖ സൗകര്യങ്ങളുടെയും സുരക്ഷക്കായി പോർട്ട് ഫെസിലിറ്റി ഇൻറർനാഷനൽ കോഡ്
  • കസ്റ്റംസ് ആക്ട് 1962 പ്രകാരം സെക്​ഷൻ 7-എ അംഗീകാരം
  • ലൊക്കേഷൻ കോഡ്
  • കസ്റ്റംസ് ആക്ട് 1962 പ്രകാരം സെക്​ഷൻ-8 അംഗീകാരം, കസ്റ്റംസ് ഏരിയയുടെ പരിധി വ്യക്തമാക്കുന്നതിനുമുള്ള സർട്ടിഫിക്കറ്റ്
  • കസ്റ്റംസ് ആക്ട് 1962 പ്രകാരമുള്ള സെക്​ഷൻ 45 അംഗീകാരം

ലഭ്യമാവാനുള്ളത്​

  • ഇ.ഡി.ഐ (ഇലക്‌ട്രോണിക് ​ഡേറ്റ ഇൻറർചേഞ്ച്) കസ്റ്റോഡിയൻ കോഡ്
  • ഇമിഗ്രേഷൻ ചെക്പോസ്റ്റ് (ഐ.സി.പി)
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala NewsVizhijam Port
News Summary - Vizhijam Port
Next Story