വി.എം. സുധീരനെ വിളിച്ചുവരുത്തണമെന്ന ആവശ്യം വിഴിഞ്ഞം കമീഷൻ തള്ളി
text_fieldsകൊച്ചി: മുൻ കെ.പി.സി.സി പ്രസിഡൻറ് വി.എം. സുധീരനെ വിളിച്ചുവരുത്തി മൊഴിയെടുക്കണമെന്ന ആവശ്യം വിഴിഞ്ഞം തുറമുഖ കരാറിലെ ക്രമക്കേടുകളെക്കുറിച്ച് അന്വേഷിക്കുന്ന ജുഡീഷ്യൽ കമീഷൻ തള്ളി. പാർട്ടി നേതൃത്വവുമായി ആലോചിക്കാതെയാണ് കരാറിൽ ഒപ്പിടാൻ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി തീരുമാനിച്ചതെന്ന് സുധീരൻ പ്രസ്താവന നടത്തിയിരുന്നു. ഭരണകക്ഷി നേതാവിെൻറ പ്രസ്താവന ഗൗരവമായെടുത്ത് മൊഴി രേഖപ്പെടുത്തണമെന്നായിരുന്നു കമീഷനിൽ പി.സി. ജോർജിനുവേണ്ടി ഹാജരായ അഭിഭാഷകരുടെ വാദം. എന്നാൽ, പ്രസ്താവനകളല്ല രേഖകളും തെളിവുകളുമാണ് വേണ്ടതെന്ന് ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻനായർ ചൂണ്ടിക്കാട്ടി.
പ്രസ്താവന നടത്തുന്ന രാഷ്ട്രീയക്കാരെയെല്ലാം വിളിച്ചുവരുത്താൻ കമീഷനാകില്ല. അദ്ദേഹത്തിന് സ്വന്തം നിലയിൽ ഹാജരാകാനോ രേഖകൾ സമർപ്പിക്കാനോ തടസ്സമില്ല. കോൺഗ്രസിലെ ഗ്രൂപ് രാഷ്ട്രീയത്തെ കമീഷനിലേക്ക് വലിച്ചിഴക്കേണ്ട കാര്യമില്ല. ഇത്തരത്തിൽ പ്രസ്താവന നടത്തുന്ന വി.എസ്. അച്യുതാനന്ദനെ വിളിച്ചുവരുത്തണമെന്ന് ആവശ്യപ്പെടാത്തത് എന്തുകൊണ്ടാണെന്നും കമീഷൻ ചോദിച്ചു. തുടക്കം മുതൽ വിഴിഞ്ഞം പദ്ധതിയെ പിന്താങ്ങിയ അച്യുതാനന്ദൻ കരാറിലെ ചില വ്യവസ്ഥകളോടുള്ള വിയോജിപ്പ് രേഖാമൂലം അറിയിച്ചു. എന്നാൽ, പി.സി. ജോർജ് കരാറിനോടുള്ള എതിർപ്പ് നേരേത്ത അറിയിച്ചിട്ടില്ലെന്നും കമീഷൻ ചൂണ്ടിക്കാട്ടി.
വിഴിഞ്ഞം കരാറിനെക്കുറിച്ച് ആലോചിക്കാൻ ഡൽഹിയിൽ രഹസ്യയോഗം ചേർന്നിട്ടില്ലെന്ന് ഉമ്മൻ ചാണ്ടിയുടെ അഭിഭാഷകൻ അറിയിച്ചു. കോൺഗ്രസ് എം.പിയുടെ വസതിയിൽ ചേർന്ന യോഗത്തിൽ ഉമ്മൻ ചാണ്ടി, മന്ത്രി കെ. ബാബു എന്നിവരും ഉദ്യോഗസ്ഥരും പങ്കെടുത്തിരുന്നു. എന്നാൽൗ ഔദ്യോഗിക യോഗം കേരളഹൗസിൽ നടത്തുന്നതിന് പകരം എം.പിയുടെ വസതിയിൽ നടത്തിയത് ശരിയായില്ലെന്ന് കമീഷൻ നിരീക്ഷിച്ചു.
വിഴിഞ്ഞം കരാർ വിലയിരുത്തിയതിൽ കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന് വീഴ്ച സംഭവിച്ചിട്ടുണ്ടെന്നും കമീഷൻ വിലയിരുത്തി. വസ്തുതാപരമായ പിഴവുകൾ റിപ്പോർട്ടിലുണ്ട്. പദ്ധതിക്കെതിരെ ലേഖനം എഴുതിയ വ്യക്തിയെ വിദഗ്ധൻ എന്നനിലയിൽ ഉൾപ്പെടുത്തിയത് തെറ്റാണ്. ചിലർ എഴുതിക്കൊടുത്ത റിപ്പോർട്ടിൽ ഒപ്പിടുന്ന ക്ലറിക്കൽ ജോലി മാത്രമേ സി.എ.ജി ചെയ്തിട്ടുള്ളൂവെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും കമീഷൻ അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.