വിഴിഞ്ഞം: സർക്കാറിനെതിരെ കോടതിയലക്ഷ്യ ഹരജിയുമായി അദാനി ഗ്രൂപ്
text_fieldsകൊച്ചി: വിഴിഞ്ഞം തുറമുഖ നിർമാണത്തിന് പൊലീസ് സംരക്ഷണം നൽകണമെന്ന ഉത്തരവ് പാലിച്ചില്ലെന്നാരോപിച്ച് അദാനി ഗ്രൂപ്പും കരാർ കമ്പനിയും സർക്കാറിനെതിരെ കോടതിയലക്ഷ്യ ഹരജി നൽകി. പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് നൽകിയ ഹരജിയിൽ നിർമാണ പ്രവർത്തനങ്ങൾക്ക് പൊലീസ് സംരക്ഷണം നൽകാനും ചീഫ് സെക്രട്ടറി, വിഴിഞ്ഞം ഇന്റർനാഷനൽ സീ പോർട്ട് ലിമിറ്റഡ്, പോർട്ട് സെക്രട്ടറി എന്നിവർ പൊലീസ് സംരക്ഷണം ഉറപ്പുവരുത്താനും സിംഗിൾബെഞ്ച് സെപ്റ്റംബർ ഒന്നിന് ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് പാലിച്ചില്ലെന്നാരോപിച്ചാണ് ചീഫ് സെക്രട്ടറി വി.പി. ജോയി, വിഴിഞ്ഞം ഇന്റർനാഷനൽ സീ പോർട്ട് ലിമിറ്റഡ് കമ്പനി, പോർട്ട് സെക്രട്ടറി തുടങ്ങിയവർക്കെതിരെ കോടതിയലക്ഷ്യ നടപടിയാവശ്യപ്പെട്ട് ഹരജിക്കാർ കോടതിയെ സമീപിച്ചത്. പൊലീസ് സംരക്ഷണത്തിന് ഉത്തരവിട്ട ജസ്റ്റിസ് അനു ശിവരാമൻ വ്യാഴാഴ്ച ഹരജി പരിഗണിച്ചേക്കും.
പൊലീസ് സംരക്ഷണം നൽകാൻ ഹൈകോടതി ഉത്തരവുണ്ടായിട്ടും ലംഘിച്ച് സമരക്കാർ തുറമുഖ നിർമാണ മേഖലയിലേക്ക് കടന്നു കയറിയെന്നും നിർമാണം തടസ്സപ്പെട്ടിരിക്കുകയാണെന്നും ഹരജിയിൽ പറയുന്നു. ഇക്കാര്യം വ്യക്തമാക്കി അദാനി ഗ്രൂപ് പലപ്പോഴായി സർക്കാറിന് നൽകിയ പരാതികളും കോടതിയലക്ഷ്യ ഹരജിക്കൊപ്പം സമർപ്പിച്ചിട്ടുണ്ട്. ആഗസ്റ്റ് 16 മുതലാണ് സമരം നടക്കുന്നത്.
നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയാനോ സമരക്കാരെ നേരിടാനോ സർക്കാർ തയാറാവുന്നില്ലെന്നാണ് കോടതിയലക്ഷ്യ ഹരജിയിലും പറയുന്നത്. ക്രമസമാധന നില സംരക്ഷിക്കാൻ സംസ്ഥാന സർക്കാറിനും പൊലീസിനും കഴിയില്ലെങ്കിൽ കേന്ദ്ര സർക്കാറിന്‍റെ സഹായം തേടാൻ നടപടിഉണ്ടാകണമെന്നും ഹരജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.