വിഴിഞ്ഞം: പരിസ്ഥിതി അനുമതി പുതുക്കാൻ ശ്രമം; മത്സ്യത്തൊഴിലാളികൾ സമരത്തിന്
text_fieldsതിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ രണ്ടും മൂന്നും ഘട്ടങ്ങൾക്ക് പരിസ്ഥിതി അനുമതി ലഭിക്കുന്നതിനുള്ള ശ്രമങ്ങൾ പുരോഗമിക്കവെ ആശങ്കകൾ ചൂണ്ടിക്കാട്ടി മത്സ്യത്തൊഴിലാളികൾ വീണ്ടും സമരത്തിനൊരുങ്ങുന്നു. പോർട്ട് ബെർത്ത്, ബ്രേക്ക് വാട്ടർ തുടങ്ങിയവയുടെ നിർമാണവുമായ ബന്ധപ്പെട്ട ഭൂതലം, വായു, ജലം, ശബ്ദം, ജൈവ പരിസ്ഥിതി എന്നിവയിലുണ്ടാകുന്ന ആഘാതം സംബന്ധിച്ച് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് ജൂൺ 19നാണ് പൊതുതെളിവെടുപ്പ് നിശ്ചയിച്ചിട്ടുള്ളത്. ആശങ്കയുള്ള സമീപവാസികൾക്ക് അഭിപ്രായങ്ങൾ നേരിട്ടോ രേഖാമൂലമോ അവതരിപ്പിക്കാം.
പദ്ധതിക്ക് 2014 ജനുവരി മൂന്നിനാണ് ആദ്യം കേന്ദ്ര പരിസ്ഥിതി-വനം-കാലാവസ്ഥ വ്യതിയാന മന്ത്രാലയത്തിൽനിന്ന് അനുമതി ലഭിച്ചത്.
അഞ്ചു വർഷത്തെ അനുമതിയാണ് ആദ്യം നൽകിയതെങ്കിലും നിർമാണം വൈകി. തുടർന്ന് 2024 ജനുവരി രണ്ടുവരെയും അതിന് ശേഷം 2025 ജനുവരി രണ്ടുവരെയും നീട്ടി. ഒന്നാംഘട്ടം ഈ വർഷാവസാനം പൂർത്തിയാക്കുമെന്നാണ് തുറമുഖ നിർമാണ കമ്പനി സർക്കാറിനെ അറിയിച്ചിട്ടുള്ളത്.
ഇനിയുള്ള ഘട്ടങ്ങളിൽ കൂടുതൽ കണ്ടെയ്നർ ടെർമിനലുകൾ, മൾട്ടി പർപ്പസ് ലിക്വിഡ് കാർഗോ ബർത്തുകൾ എന്നിവ ആവശ്യമുണ്ടെന്നാണ് അദാനി പോർട്ടിന്റെ വാദം. ഇതടക്കം തുറമുഖത്തിന്റെ നിർദിഷ്ട മാസ്റ്റർ പ്ലാൻ വികസനത്തിന് മുൻകൂർ പരിസ്ഥിതി അനുമതി ആവശ്യമാണ്. ഇതിന് മുന്നോടിയായി തുറമുഖ കമ്പനി എം.ഡി നൽകിയ അപേക്ഷയുടെ അടിസ്ഥാനത്തിലാണ് തെളിവെടുപ്പ്.
ഭൂമി ഏറ്റെടുക്കൽ നേരത്തേ തന്നെ പൂർണമായി നടത്തിയിരുന്നു. പുലിമുട്ട് നീട്ടൽ, ബർത്തുകളുടെ നിർമാണം തുടങ്ങിയവയാണ് ഇനി മാസ്റ്റർ പ്ലാനിൽ ഉൾപ്പെടുന്നത്. മത്സ്യത്തൊഴിലാളികൾക്ക് കടലിലേക്കുള്ള പ്രവേശനം, നിർമാണ പ്രവർത്തനങ്ങൾ, കപ്പൽ നീക്കങ്ങൾ എന്നിവയിൽ മത്സ്യത്തൊഴിലാളികൾക്ക് ആശങ്കയുണ്ട്.
തുറമുഖ വിപുലീകരണ പദ്ധതിയും തെളിവെടുപ്പും ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് ശനിയാഴ്ച മത്സ്യത്തൊഴിലാളികൾ സെക്രട്ടേറിയറ്റ് മാർച്ച് നടത്തും.
നാഷനൽ ഫിഷ് വർക്കേഴ്സ് ഫോറം, കേരള സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ എന്നിവയാണ് സമരത്തിന് നേതൃത്വം നൽകുക. അതേസമയം ഒന്നാംഘട്ട നിർമാണം പൂർത്തിയാക്കുന്നതിന്റെ ഭാഗമായ ട്രയൽ റൺ ഈ മാസാവസാനം നടത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.