വിഴിഞ്ഞത്ത് കരയിലും കടലിലും ഉപരോധം
text_fieldsവിഴിഞ്ഞം: തുറമുഖ സമരത്തിന്‍റെ നൂറാം ദിനം ലത്തീൻ അതിരൂപത നേതൃത്വത്തിൽ മത്സ്യത്തൊഴിലാളികൾ കടലിലൂടെയും കരമാർഗവും തുറമുഖം ഉപരോധിച്ചു. നൂറുകണക്കിന് വള്ളങ്ങളിലായി കടൽമാർഗം തുറമുഖത്തെത്തിയായിരുന്നു പ്രതിഷേധം. സ്ത്രീകളടക്കം സമരക്കാർ തുറമുഖ നിർമാണ പ്രദേശത്തേക്ക് ഇരച്ചുകയറി.
സമരക്കാർ കടലിൽ വള്ളം കത്തിച്ചു. തുറമുഖ കവാടത്തിലെ പൊലീസ് ബാരിക്കേഡ് കടലിൽ തള്ളി. പദ്ധതി പ്രദേശത്തിനുള്ളിൽ ഷെഡ് കെട്ടി ഉപവാസവും തുടങ്ങി. പ്രതിഷേധത്തിനിടെ, മാധ്യമപ്രവർത്തകർക്കു നേരെയും കൈയേറ്റമുണ്ടായി. 1500 ഓളം പൊലീസുകാരെ സുരക്ഷക്ക് വിന്യസിച്ചിരുന്നു. പദ്ധതി പ്രദേശത്തെ ഇരുമ്പുപാലത്തിനു സമീപമാണ് കടലില്‍ വള്ളം കത്തിച്ച് പ്രതിഷേധിച്ചത്.
മുല്ലൂര്‍ കവാടം, വിഴിഞ്ഞം കവാടം, മുതലപ്പൊഴി എന്നിവിടങ്ങളിലാണ് പ്രതിഷേധം നടന്നത്. രാവിലെ 8.30 മുതല്‍ ഓരോ ഇടവകയിൽനിന്നും ബൈക്കിലും ഓട്ടോയിലും പ്രതിഷേധക്കാര്‍ മുല്ലൂരിലെ സമരപ്പന്തലിലെത്തി. പിന്നീട്, കൂട്ടമായി പൊലീസ് ബാരിക്കേഡുകൾ തകർത്തു. തുറമുഖത്തിന്‍റെ മുല്ലൂരിലെ പ്രധാന കവാടത്തിന്‍റെ പൂട്ടും തകര്‍ത്ത് പദ്ധതി പ്രദേശത്തേക്ക് കടന്നു. സമരക്കാരുടെ ചിത്രങ്ങൾ പൊലീസ് ഫോട്ടോഗ്രാഫർ പകർത്തിയെന്നാരോപിച്ച് സമരക്കാരും പൊലീസുമായി സംഘർഷമായി.
ഫോട്ടോഗ്രാഫർക്ക് മർദനമേറ്റതായി പരാതിയുണ്ട്. വ്യാഴാഴ്ച കുടിൽകെട്ടുന്നതിന് പൊലീസ് പ്രതിരോധം തീർത്തില്ല. പൊലീസ് ഫോട്ടോഗ്രാഫറെ മർദിച്ച കേസിൽ കണ്ടാലറിയാവുന്ന 50 പേർക്കെതിരെ വിഴിഞ്ഞം പൊലീസ് കേസെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.